ഓണ്‍ലൈന്‍ ശ്മശാനങ്ങളുടെ മനസാക്ഷി സൂക്ഷിപ്പുകാര്‍

  

                                                        satish p babu

ഒഴുക്കുകളിലേക്ക് ഉറ്റുനോക്കുമ്പോൾ ഭൂതകാലം വിവരിച്ചുതരുന്ന കാലത്തിന്റെ വിസ്മയം പോലെ ജുഗുപ്സാവഹമാണ് ജീവിതവും മരണവും .വെള്ളത്തിന്റെ മേൽപ്രതലം എന്നു പറയുന്നത് ജീവിതത്തിന്റെ പുറന്തോട് മാത്രമാണ് . മരണത്തിന്റെ രൂപം കിടക്കുന്നത് നദീ പ്രവാഹത്തിന്റെ ചുഴികളിലാണെന്ന് ഞാൻ പലപ്പോഴും സ്വപ്നം കാണാറുമുണ്ട് . അങ്ങനെ തന്നെ വിശ്വസിക്കുകയും ചെയ്യുന്നുമുമ്പ് ,മരണ വീട്ടിലെ അലമുറകൾ ഒരു പെരുമഴയായ് തോന്നിയതിന്റെ ഓർമകൾ പോലെയാണ് ഇതും .

പട്ടിണിക്കാലത്ത് മരണവീടുകളിലെ അധികം വന്ന കറികൂട്ടുകൾ ഒരാഴ്ചയോളം വറ്റിച്ചെടുത്ത് ചോറു കൂട്ടികുഴയ്ക്കുമ്പോൾ ഉയർന്നിരുന്ന മരണമണം ഇപ്പോൾ വീണ്ടും മൂക്കിലേക്കെത്തുന്നു . മരണത്തിന്റെ കാൽപ്പനികതയെ പ്രണയിക്കാനായ് ഞാനിതുവരെ ഒരു കല്ലറയിലും പോയിട്ടില്ല .പൂക്കളും അർപ്പിച്ചിട്ടില്ല .ജീവിച്ചിരിക്കുന്നവരോട് മാത്രമേ ഞാൻ പുഞ്ചിരിക്കുകയും കൂട്ടുകൂടുകയും ചെയ്യാറുള്ളു .അന്നും അതെ ,ഇപ്പോഴും അതെ .അങ്ങനെ കാണുമ്പോഴൊക്കെ പുഞ്ചിരിക്കുന്നതിനപ്പുറം ജീവിതത്തോട് സ്നേഹം തോന്നിച്ച ഒരു സുഹൃത്തിനെ കോവിഡ് കവർന്ന ഷോക്കിലാണിപ്പോൾ ഞാൻ .

അവനിപ്പോഴും എന്റെ FB ഫ്രണ്ടുകൂടിയാണ് .അവന്റെ ടൈം ലൈനിൽ പൂക്കളർപ്പിച്ച് മടങ്ങുന്ന ചങ്ങാതിമാരെ കണ്ടപ്പോൾ പൊടുന്നനെ തോന്നിയ ഒരു കുറിപ്പുമാത്രമാണ് ഇത് .മുമ്പും ഇങ്ങനെ പലർ ഉണ്ടായിട്ടുണ്ട് .പോകുമ്പോൾ അവർ ഓൺ ലൈൻ ശ്മശാനത്തിൽ ആറടി അവശേഷിപ്പിച്ച് മടങ്ങുന്നു .ചിലപ്പോഴൊക്കെ വീട്ടുകാരൊ സുഹൃത്തുക്കളോ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യും .ചിലരാകട്ടെ ,അത് ഒരു സ്വകാര്യ കുഴിമാടം പോലെ അത് പരിപാലിച്ച് പോരുകയും ചെയ്യുന്നു .അത്തരത്തിൽ കുറേ ഓൺലൈൻ ശ്മശാനങ്ങളുടെ സന്ദർശകരാകും നമ്മളിൽ പലരും .മരിച്ചവരെ സന്ദർശിക്കുന്നതിനേക്കാൾ നല്ലത് അവർ മരണപെട്ടിട്ടില്ല എന്നു വിശ്വസിക്കുന്നതാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .അതുകൊണ്ടുതന്നെ മരിച്ചവരെ അൺഫ്രണ്ടു ചെയ്യുന്നത് അനീതിയായ് ഞാൻ കരുതി പോരുകയായിരുന്നു .

കുറേ പേരെ എനിക്കറിയാം .ഏറ്റവുമടുത്ത് പരിചയമുള്ളത് ഒരു ടെക്കിയായ ഇംഗ്ലീഷ് നോവലിസ്റ്റാണ് . പ്രാണപ്രേയസിയുടെ മരണാർത്ഥം ഡിപ്രഷനിലായ അയാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നത് അവർ തമ്മിലുള്ള ഓർമകൾ ഒരു നോവൽ രൂപത്തിൽ പുസ്തകമാക്കിയായിരുന്നു .വികാരങ്ങളെ അതേപടി പകർത്തിവെച്ചപ്പോൾ നഷ്ടപ്പെട്ടവനിലേക്ക് താദാത്മ്യം പ്രാപിച്ച് ഞാനടക്കമുള്ള വായനക്കാർ കരഞ്ഞു .പുസ്തകത്തിലൂടെ പരിചയപ്പെട്ട എഴുത്തുകാരന്റെ പത്നിയെ ഓൺലൈൻ ശ്മശാന'ത്തിൽ പരതി നോക്കിയത് ഒരു കൗതുകത്തിനാണ് .അങ്ങനെ കണ്ടെത്തി .അദ്ദേഹമത് ഇപ്പോഴും കാടും പൊന്തയും കയറാതെ വൃത്തിയായ് പരിപാലിച്ചുപോരുന്നു .അവരെ സന്ദർശിക്കുമ്പോഴാണ് ഇത് ജീവിതത്തിന്റെ അർദ്ധോക്തി മാത്രമാണെന്ന യുക്തിയിലേക്ക് കൺ നനവോടെ ഞാൻ കടന്നു ചെല്ലുന്നത് .

നഷ്ടപ്പെട്ടവരുടെ ടൈം ലൈൻ ലോക്കു ചെയ്ത ശേഷം അവരുടെ അക്കൗണ്ട് താഴിട്ട് സംരക്ഷിക്കുന്ന വ്രണിതഹൃദയരുടെ നൊമ്പരമൊക്കെ നമ്മൾ കാഴ്ചക്കാരുടെ കേവല യുക്തികൾക്ക് അപ്പുറമാണ് .അവരെ അൺഫ്രണ്ട് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ പറ്റാത്തവർ പലപ്പോഴും എകാകികളുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .കാണികൾ തിങ്ങിനിറഞ്ഞ ഫുട്ബോൾ സ്റ്റേഡിയത്തിൽ അതീവ ജാഗ്രതയോടെ നിലകൊള്ളുന്ന റഫറിയിൽ പോലും പക്ഷേ ആ ഏകാകിയുണ്ടാകാം .അല്ലാതെ അവർ ഒറ്റക്കാണ് എന്നതല്ല ഉദ്ദേശിക്കുന്നത് .ഒരു വിരൽപ്പാടകലെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ ഒരിക്കൽ 'മരണവക്കിലെത്തിയ ' തന്റെ പ്രിയൻ / പ്രിയതമ / ചേട്ടൻ / ചേച്ചി/മകൾ / മകൻ / അനിയൻ - അങ്ങനെ ആരുമാകാം .- അവർ തയ്യാറെടുക്കുകയാവാം എന്ന ചിന്ത തന്നെ അവരെ സംബന്ധിച്ചിടത്തോളം നേരനുഭവത്തിന്റെ ഊഷ്മളതയാർന്ന മടിത്തട്ടാണ് 

ശ്വാസം നിലനിൽക്കുന്നത് കൊണ്ട് മാത്രം ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് നമുക്ക് പറയാനാകാത്ത പോലെ ശ്വാസം നിലച്ചു എന്നതുകൊണ്ട് മാത്രം ഒരാൾ മരിക്കുന്നുമില്ല .യുക്തിവാദത്തിന്റെ മരണബോധ്യത്തിനപ്പുറമാണ് ആത്മീയവാദികളുടെ മരണനിർണയം . ഒന്ന് മികച്ചത് .. മറ്റേത് ചീത്ത .. അങ്ങനെയില്ല .മരണം സത്യം തന്നെയാണ് ..ഹൃദയത്തിൽ രക്തം പൊടിഞ്ഞു കൊണ്ടേയിരിക്കുന്നവർക്ക് മരണാനന്തരമെന്നത് അവരുടെ മനസിലെ ഒരു ഉത്ഭവമാണ് .പതുക്കെ പതുക്കെ ആ ഉത്ഭവത്തിനടുത്ത് ഉറവകൾ വീണ്ടുമുയർന്ന് ഒഴുകി നദികളായ് ആഴത്തിൽ പ്രവഹിച്ചു തുടങ്ങുന്നു .ഈ പ്രവാഹത്തിന്റെ അടിത്തട്ടിലേക്കാണ് എന്നും നമ്മുടെ ദൃഷ്ടികളുടെ ഭൂഗുരുത്വാകർഷണം .നമുക്കിനി തുടക്കത്തിലേക്ക് തന്നെ മടങ്ങാം .കൈവരികളിൽ പിടിച്ച് നദിയെ വർണിക്കാം ,വരയ്ക്കാം ,നോക്കി നിൽക്കാം ... അതിന്റെ ആഴങ്ങളിലേക്ക് .. ആഴങ്ങളിലേക്ക് അങ്ങനെ …

Comments