മരണമെത്തുന്ന നേരത്ത്
![]() |
| pc .internet |
പച്ചപ്പ് വറ്റിയ ഒരു കൂറ്റൻ മലമുകളിൽ അതിശയകരമായ് ഒറ്റപ്പെട്ട് നിൽക്കുന്ന പച്ചമരത്തിന്റെ ചിരിയിലേക്ക് അപ്രതീക്ഷിതമായ് കാലനിയമങ്ങൾ തെറ്റിച്ച് മഞ്ഞിറങ്ങി വരുന്നത് കണ്ടിട്ടുണ്ടോ ? സ്റ്റേജിൽ മജീഷ്യൻ ചില മന്ത്രങ്ങൾ ഉരുവിട്ട് ചെറിയൊരു ടൗവ്വലെടുത്ത് വായുവിൽ തലങ്ങും വിലങ്ങും വീശി മേശപ്പുറത്തെ വസ്തുക്കൾ അപ്രത്യക്ഷമാക്കുന്നത് പോലെ ;മഞ്ഞു മാറുമ്പോൾ പച്ചമരവും ഉരുകിപ്പോകും.. .! മൊട്ടകുന്നിൽ യാത്രയയക്കാൻ വന്നവരെ നോക്കി കൈവീശി ദീപാലംകൃതമായ ഇരട്ട സുന്ദരിക്കുതിരകളെ പൂട്ടിയ വണ്ടിയിൽ കയറുകയാണ് ..
ഇടക്കിടെ ഒന്ന് തിരിഞ്ഞ് നോക്കിയെന്നിരിക്കും ..
പിന്നിട്ട കാലത്ത് പുഞ്ചിരിച്ചവർ ...
സ്നേഹിച്ചവർ ...
ചതിച്ചവർ ...
ഉപദ്ദേശിച്ചവർ ...
ഉപദ്രവിച്ചവർ ....
സഹായിച്ചവർ ..
പരിഹസിച്ചവർ ...
വഴി നീളെ കൈ വീശി യാത്രയാക്കാൻ അങ്ങനെ കുറേപ്പേർ..
വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അവരെയെല്ലാം ആശ്ലേഷിക്കാനും ചുംബിക്കാനും കൊതി തീരും വരെ സംസാരിച്ചിരിക്കാനും തോന്നും ..
ആരും തടഞ്ഞില്ലെങ്കിലും മരണപ്പെട്ട കാലുകൾ കൊണ്ട് ഭൂതകാലത്തിലേക്ക് നടന്നു കയറാൻ ആകില്ലെന്നോർത്ത് സങ്കടം വരും .. കരഞ്ഞ് പോകും . മറ്റെവിടെയോ ശയിക്കുന്ന മാതാപിതാക്കൾ കേൾക്കാതെ ഒരു പൊടികുഞ്ഞ് വിശന്നു കരയുമ്പോലെയാണത് . വിശപ്പല്ല കാഠിന്യം ... അവഗണനയാണ് ...!
യതി പറയുന്നത് ശരിയാണ് ,മരണത്തെ കുറിച്ച് സംസാരിക്കുമ്പോഴേക്ക് ആളുകൾ ,പ്രത്യേകിച്ച് സ്ത്രീകൾ പറയും.. _ അയ്യോ മരണത്തെപ്പറ്റി സംസാരിക്കരുതേ ..! മരണത്തെ സംബന്ധിച്ച ഭാഷണങ്ങൾ അവലക്ഷണമായാണ് പൊതുവെ കണക്കിലെടുക്കാറ്. അതൊരു യാഥാർത്യമാണെന്ന് അറിയാമെങ്കിലും ഭയമാണ് മരണത്തെ കുറിച്ചോർക്കുന്നത് തന്നെ . സന്തോഷത്തിനുള്ള അവസരങ്ങൾ പരമാവധി ആസ്വദിക്കാതെ എന്തിന് നിരർത്ഥകമായ മരണത്തെ കുറിച്ച് ഇപ്പഴേ വേവലാതിപ്പെടണം എന്നാണ് ചോദ്യം . അത് ശരിയുമാണ് . എന്നാൽ മരണത്തെ കുറിച്ച് വേവലാതിപ്പെടുകയല്ല , വിസ്മയം കൊള്ളുകയാണ് വേണ്ടത് .അതിലൊരു നിഗൂഡതയും സൗന്ദര്യവുമുണ്ട്., അനിശ്ചിതാവസ്ഥയുണ്ട് .
നമ്മുടെ കൈവെള്ളയിലെ വിരലുകളുടെ ഏറ്റക്കുറച്ചിലുകൾ പോലെയാണ് മരണത്തിന്റെ വർഗ്ഗീകരണങ്ങൾ . അസുഖമായ് കിടക്കുന്നവരെ കാണുമ്പോൾ വേഗം മാറണേയെന്ന് പ്രാർത്ഥിക്കുന്നവർ തന്നെ അയാൾ എത്രയും വേഗം മരിക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെടും . നിശബ്ദമെങ്കിലും ആൾക്കൂട്ടത്തിന്റെ ആരവങ്ങളിലേക്ക് നൂഴ്ന്നിറങ്ങുന്ന ഒരു കിളിത്തൂവൽ പോലെയാണ് അപകടമരണങ്ങൾ .. തൂവലുടമയുടെ പ്രായം ,സാമൂഹ്യ സ്ഥിതി, കുടുംബ പശ്ചാത്തലം എന്നിവയൊക്കെ അറിഞ്ഞു വരുന്നതോടെ ആൾക്കൂട്ടത്തിന്റെ ഞെട്ടൽ ഒരു നെടുവീർപ്പായ് മാറും. തലകുനിച്ച് നിന്ന് നാമാ വീട്ടുകാർക്ക് ഐക്യദാർഡ്യo പ്രകടിപ്പിക്കും മരണവീട് ഇത്തരത്തിൽ മൗനത്തിന്റേയും നെടുവീർപ്പുകളുടേയും, കരച്ചിലും പിറുപിറുക്കലും കൊണ്ട് മലീമസമാക്കപ്പെട്ട അന്തരീക്ഷത്തിന്റേയും ഒരു മൈതാനമാണ് .വലിപ്പചെറുപ്പമില്ലാത്ത ഒരു പുരുഷാരത്തിന്റെ ഐക്യപ്പെടൽ അവിടെ കാണാം . ആ അന്തരീക്ഷങ്ങളിൽ ശീലമായവർക്ക് ഏത് സദസ്സിലും ചെന്ന് നിൽക്കാനുള്ള ത്രാണിയുണ്ടാകും .
ചെറുപ്പത്തിൽ പക്ഷേ ,എനിക്ക് മരണവീട് വലിയ ഭയമായിരുന്നു .അതിനും മുമ്പ് വെള്ള മുണ്ടിട്ട് മൂടിയ ശവം എന്നെ എന്നും ഭയപ്പെടുത്തുമായിരുന്നു . രാത്രികളിൽ ആ രൂപം ഞാൻ മിക്ക ദിവസങ്ങളിലും ഉറക്കത്തിൽ കാണും. മരണവീട്ടിലെ കൂട്ട നിലവിളി ഇതേപോലെയായിരുന്നു . ആമ്പുലൻസിന്റെ സിഗ്നൽ ശബ്ദംപോലെ എല്ലാ മരണവീട്ടിലേയും കൂട്ട കരച്ചിലുകൾക്ക് ഒരു ഏകതാന സ്വഭാവമുണ്ടായിരുന്നു .ഏതുറക്കത്തിലും അതെന്നെ ഭയപ്പാടോടെ എഴുന്നേൽപ്പിച്ചിരുത്തി .അതോടെ മരണവീടുകളിൽ നിന്ന് ഞാനകന്നു നിന്നു .
മരിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ മനസ്സിൽ എന്തായിരിക്കും ചിന്തകൾ.? ജീവിതത്തെ എത്ര തന്നെ പ്രതിലോമകരമായ് കണ്ട ആളാണെങ്കിലും ആ അബോധാവസ്ഥയിൽ ,തന്നിലേക്ക് നീണ്ടു വരുന്ന ഒരു കൈ അയാൾ സ്വപ്നം കാണുന്നുണ്ടാവാം . അത് തന്നെ ജീവിതത്തിലേക്ക് തിരിച്ചാനയിക്കുമെന്നും ആ ജീവിതത്തിൽ പക്ഷേ മുൻകാലത്ത് വരുത്തിയ പിഴവുകൾ തിരുത്തണമെന്നും ആഗ്രഹമുണ്ടാവും .ഇത് പറയുമ്പോൾ എനിക്കാദ്യം ഓർമ വരിക പ്രേം നസീർ ഏതോ ചിത്രത്തിൽ പാടിയഭിനയിച്ച 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും നേരം ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ' എന്ന ഗാനമാണ് . അദ്ദേഹം മരിച്ച വാർത്ത വന്നതിന് ശേഷം ദൂരദർശനിൽ ഈ പാട്ട് നിരന്തരം പ്രക്ഷേപണം ചെയ്തിരുന്നു . പാട്ടിന്റെ വരികൾ അദ്ദേഹത്തിന്റെ ആഗ്രഹമായ് തോന്നുക സ്വാഭാവികമാണല്ലോ .എല്ലാ മനുഷ്യരെ സംബന്ധിച്ചും അങ്ങനെ തന്നെയാണ് . ആർക്കും ഇവിടം വിട്ട് പോകാൻ ആഗ്രഹമില്ല .പക്ഷേ വിട്ടു പോയേ തീരൂ എന്ന സത്യം അംഗീകരിക്കുന്നിടത്ത് നാം നിസ്സഹായരാവുന്നു .അമ്മ .. അഛൻ .. കുട്ടികൾ ,ഉറ്റ സുഹൃത്തുക്കൾ ,ബന്ധുമിത്രാദികൾ .. ആളുകൾ ഒരുപാടുണ്ട് . മരണപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ശരീരത്തിലേക്ക് പരകായപ്രവേശം നടത്തുമ്പോൾ നമുക്കാ വേദനയുടെ ആഴം അളക്കാം .അന്നു മുതൽ നമ്മളും ജീവിതത്തെ മറ്റൊരു ആംഗിളിൽ നോക്കി കാണാനാരംഭിക്കുന്നു .ജീവിതത്തോട് കുറച്ചു കൂടി സൗമ്യമായ് പെരുമാറും .വേറൊരർത്ഥത്തിൽ, സ്വയം നഷ്ടപ്പെടുത്തിയ ജീവിതത്തെ നാം തിരിച്ചുപിടിക്കാനാരംദിക്കുന്നു
അഛന്റെ മരണം എന്റെ മടിയിൽ തലവെച്ചായിരുന്നു .ഒരു വൈകുന്നേരം വീട്ടിൽ വന്ന് കയറുമ്പോൾ അഛനെന്തെങ്കിലും കഴിച്ചോ എന്ന പതിവു ചോദ്യത്തിന് - ഇല്ല, നല്ല ക്ഷീണം ണ്ട് എന്ന് അമ്മയുടെ മറുപടി. കട്ടിലിലിരുന്ന് എന്റെ മടിയിലേക്ക് അഛന്റെ തല പതുക്കെ എടുത്തു വെച്ചു. വളരെ പതുക്കെ കണ്ണു തുറന്ന അഛനോട് ഞാൻ വാത്സല്യപൂർവ്വം ചോദിച്ചു _ എന്തേ ...? ഒന്നും മറുപടി പറഞ്ഞില്ല .പകരം എന്നെയൊന്ന് നോക്കുക മാത്രം ചെയ്തു .പിന്നെ ആ കുഴിഞ്ഞ കണ്ണുകളുടെ മുന്തിരികൾ പൊടുന്നനവെ മലക്കം മറിഞ്ഞ് നിറം മാറി നിശ്ചലമായി .അതോടുകൂടി ഞാനും ഭാരരഹിതനായി . കൂടെപിറപ്പായ ജഗതിയുടേത് മറ്റൊരു വിധത്തിലായിരുന്നു . ശരീരം വിട്ടു പോകാതിരിക്കാൻ അവന്റെ ആഗ്രഹത്തോളം വായുവിലേക്ക് ദീർഘശ്വാസമെടുത്ത് ഉയർന്ന് പൊങ്ങിയ നെഞ്ചിൻ കൂട് ... ഒരവസരത്തിനായ് യാചിച്ച് നനവു വറ്റിയ കണ്ണുകളുടെ മലക്കം മറിച്ചിലുകൾ ... കണ്ടു നിന്നവരുടെയെല്ലാം മനസ്സിൽ തീക്കനൽ കോരിയിട്ട ഓർമകൾ ...!
നമ്മുടെ ശരീരത്തിലെ അവയവത്തിനപ്പുറമാണ് നമുക്ക് അവരോടുള്ള സ്നേഹം . ഒരു മെഴുകുതിരി കത്തിച്ചു വെക്കുന്നത് പോലെയാണ് ജീവിതം :യതി പറയുന്നു ജനനം മുതൽ ആ മെഴുകുതിരി എരിയാൻ തുടങ്ങുകയാണ്.അങ്ങനെ കണ്ടു തുടങ്ങിയാൽ മരണഭയമുണ്ടാകില്ലെന്ന് പറയുന്നു .എന്റെ മരണഭയം എന്നേ പോയതാണ് . മരണത്തെ അറിയുകായെന്നതാണ് അതിനെ സ്നേഹിക്കാനുള്ള മാർഗ്ഗം. മരണത്തിന്റെ തൊട്ടുമുന്നിലകപ്പെട്ട് തിരിച്ചു വന്ന രണ്ട് സംഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട് . രണ്ടിൽ നിന്നും ഒരു പോറൽ പോലുമേൽക്കാതെ തിരിച്ചു വന്നെങ്കിലും നേരത്തെ പറഞ്ഞ മരണ ഗന്ധം രുചിച്ചറിഞ്ഞിട്ടുണ്ട് .ഇതിപ്പോൾ മൂന്നാമത്തെയാണ് ഒന്നു കണ്ണടച്ചു തുറക്കുന്ന നിമിഷം ,പണ്ട് ഞാൻ ഭയന്ന വെള്ളത്തുണിയാൽ മൂടപ്പെട്ട ശവശരീരത്തെ അവസാനകാഴ്ച കാണാൻ എവിടെ നിന്നോ വന്നവർ ഒരു മൂടൽമഞ്ഞിലൂടെയെന്നവണ്ണം തെളിയുകയും മറയുകയും ചെയ്തു ...!
പലവിധ മരണങ്ങളിൽ ആത്മഹത്യയെ നാം ഏറ്റവും മോശം കാര്യമായാണ് കരുതി വന്നത് .ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായും 'ദൈവം' നൽകിയ ജീവൻ അവസാനിപ്പിക്കാൻ നമുക്കവകാശമില്ലെന്ന വാദവുമൊക്കെയായ് ധാരാളം കറകളുണ്ട് ആത്മഹത്യക്ക് . ഇവിടെയാണ് മരണത്തെ സംബന്ധിച്ച നിഗൂഢാത്മകതയെ നമുക്ക് സ്പർശിക്കേണ്ടി വരുന്നത് . സുനിശ്ചിതമെന്ന് പറയുമ്പോഴും മരണം സൗന്ദര്യമുള്ളതാകുന്ന ചില നിമിഷങ്ങളുണ്ട് .യതി (മരണമെന്ന വാതിലിനപ്പുറം - ഗുരു നിത്യചൈതന്യയതി .ഗ്രീൻ ബുക്സ് ) പറഞ്ഞ ഒരു കഥ അനുസ്മരിക്കട്ടെ . അദ്ദേഹം ഒരിക്കൽ ഋഷികേശത്തായിരിക്കുമ്പോൾ നൂറ് നൂറ്റമ്പതോളം പേർക്ക് ഒരു സന്യാസി ഒരു വിരുന്നു നൽകി .മധുരം വിളമ്പി കഴിഞ്ഞപ്പോൾ ഒരാൾ വന്ന് എല്ലാവരുടേയും പാദങ്ങൾ തൊട്ടു .പിന്നെ ഗംഗാ നദിയുടെ നേർക്ക് തിരിഞ്ഞ് എന്തൊക്കെയോ പ്രാർത്ഥനകളോടെ കുത്തൊഴുക്കിലേക്ക് ചാടി .യതി അതു കണ്ട് അസ്വസ്ഥനായ് അയാളെ രക്ഷിക്കാൻ ചുറ്റുമുള്ളവരോട് അപേക്ഷിച്ചു .എന്നാൽ അവരെല്ലാം ശാന്തതയോടെ കൈകൾ കൂപ്പി പ്രാർത്ഥനാപൂർവ്വം അയാൾക്ക് വിട നൽകുകയായിരുന്നു. നദിയിൽ ചാടിയ ആൾക്ക് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു .തന്റെ ജീവിതോദ്ദേശ്യം നിറവേറി എന്നും തനിക്കിനി പോകാം എന്ന് അയാൾക്ക് തോന്നി .അത്രമാത്രം. അന്ന് ആ സംഭവം യതിയെ ഞെട്ടിച്ചു .ഇപ്പോൾ ഞെട്ടിക്കുന്നില്ല 2002 ൽ ആദ്യമായ് ഈ കുറിപ്പ് വായിച്ച അന്ന മുതൽ എന്നേയും ഈ സംഭവം ഞെട്ടിക്കുന്നില്ല മരണത്തേയും ജീവിതത്തേയും സംബന്ധിച്ച എന്റെ നിലപാടുകളെ ശുദ്ധീകരിച്ചെടുത്ത ഒരു കുറിപ്പാണത് .പ്രശസ്ത സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയും ഋഷികേഷിലും വാരാണസിയിലുമൊക്കെ ഇത്തര ജലസമാധികളെ പരാമർശിച്ചു കണ്ടിട്ടുണ്ട് .
നമ്മൾ കാണുന്ന അതിവൈകാരികതയുടെ തലത്തിലല്ല കുറച്ച് പേരെങ്കിലും മരണത്തെ കാണുന്നത് . സ്വന്തം മരണത്തെ ഭയക്കുന്നവരാണ് ആത്മഹത്യയെ നിരുത്സാഹപ്പെടുത്തുന്നത് .അതൊരു നല്ല തീരുമാനം കൂടിയാണ് .എന്റെ ജീവിതം സാർത്ഥകമായെന്നും ഇനി ജീവിക്കുന്നത് നിരർത്ഥകമാകുമെന്നും തോന്നിയാൽ ഒരാൾക്ക് ആത്മഹത്യ ചെയ്യുന്നതിൽ തെറ്റില്ലായെന്ന് തന്നെയാണ് എന്റെ അഭിപ്രായം .അത് ഒരു ഫിലോസഫിയാണ്... സത്യവും എന്നാൽ ഋഷീവര്യൻമാർ എടുക്കുന്ന ഈ തീരുമാനം പോലെയല്ല നമ്മൾ പൊതുവിൽ ആത്മഹത്യകളെ കാണുന്നത് .അത് പലപ്പോഴും തെറ്റായ തീരുമാനങ്ങളുടെ പുറത്ത്, പെട്ടെന്നുണ്ടാകുന്ന ദേഷ്യമോ നിരാശയോ കഠിനമായ അസുഖങ്ങൾ കാരണമോ സംഭവിച്ചു പോവുന്നതാണ് .ഇതും നേരത്തെ പറഞ്ഞ ആത്മഹത്യയും ഒന്നാണെന്ന് വിചാരിക്കുന്നത് അപക്വമാവും .അത് പ്രോത്സാഹിപ്പിക്കാനുമാകില്ല .എന്തെന്നാൽ അത് ഒരു കുടുംബത്തെ മുഴുവൻ ഇരുളിലേക്ക് തള്ളിവിടുന്നു എന്ന് മാത്രമല്ല ,ഒരു തിരുത്തലിന്റെ സാദ്ധ്യതയിൽ വീണ്ടെടുക്കാമായിരുന്ന ജീവിതമായിരുന്നു അത് എന്നത് കൊണ്ട് കൂടിയാണത് . എന്തു തന്നെയായാലും ഏതു മരണവും വേദനയാണ് . സ്നേഹത്തിന്റെ ആഴം കൂടുന്നതിനനുസരിച്ച് വേദനയുടെ തീവ്രതയും കൂടും .
ആശ്വാസത്തിന് ഞാൻ കരുതുകയാണ് .... ആ മൊട്ട കുന്നിന്റെ മുകളിലാണ് വെള്ളക്കുതിരകളെ പൂട്ടിയ ആ അലങ്കരിച്ച രഥമെത്തുക ...! പിന്നെ മരണപ്പെട്ടവരെ വഹിച്ച് ഭൂതകാലത്തിലെ ഇളം നനവുള്ള ഭൂമികയിലൂടെ കടന്നു വന്ന മുൾപ്പാതക്കളത്രെയും താണ്ടി അത് വലിയ പൂപ്പാടങ്ങളിലേക്ക് പ്രവേശിക്കും .പല വിധ നിറങ്ങൾ കൊണ്ട് അതിമനോഹര കാഴ്ചയൊരുക്കി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന പൂപ്പാടങ്ങളിലെ സമാനതകളില്ലാത്ത സുഗന്ധം മൂക്കിലേക്കിടിച്ചു കയറുമ്പോൾ ഇഹലോകത്ത് നാമേറെ ഇഷ്ടപ്പെട്ടിരുന്ന പുതുമഴയുടെ ഗന്ധം ഒരോർമമാത്രമാകും . പുതിയ ഗന്ധം പുതിയ ലോകമാണ് . അത് വേറൊരു സ്ഥലമാണ് ... ഒരു കലാലയം പോലെ ഊർജ്ജദായകം .. സ്വീകരിക്കാനും ആനയിക്കാനും പുതിയ കൂട്ടുകാർ .. കല്യാണ വീടുകളുടെ ഉൻമേഷം വിതറുന്ന പുഞ്ചിരിയിൽ എല്ലാം മറക്കും ... ഇനി ഇവിടെയാണ് ജീവിതം .. ഇവിടെ മതി .....

Comments
Post a Comment