മലർ മൗനത്തിന്റെ കാൽ നൂറ്റാണ്ട്



മലർ മൗനത്തിന്റെ  കാൽ നൂറ്റാണ്ടുകൾ 




                               

                                                      സതീഷ് പി ബാബു 




കാൽ നൂറ്റാണ്ട് മുമ്പാണ് .അന്ന് തമിഴ് സിനിമയിൽ ഒരു ചെറുപ്പക്കാരനായ സംഗീത സംവിധായകൻ അറിയപ്പെട്ട് വരുന്നതേയുള്ളു .തൊട്ടുമുമ്പു വർഷം റിലീസായ ഒരു ചിത്രത്തിന് വേണ്ടി  ഇതേ സംഗീത സംവിധായകന് വേണ്ടി  പാടിയിട്ടുണ്ടെങ്കിലും അനുഭവപരിചയവും ശബ്ദമാധുര്യവും കൊണ്ട് വളരെ വലിയ തിരക്കുള്ള സമയമാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന് അക്കാലം .അതുകൊണ്ടുതന്നെ ശബ്ദത്തിന് വിഘാതമായേക്കുന്ന ശീലങ്ങളെ മറികടക്കാൻ അദ്ദേഹം പുതിയ രീതികൾ പരീക്ഷിച്ച് വരുന്ന സമയം കൂടിയാണത് .രാത്രി 8 മണിക്ക് ശേഷം പാട്ടു പാടില്ല എന്നതാണ് അതിലൊന്ന് .ആയിടക്കാണ് ഒരു പാട്ടിന്റെ റിക്കാർഡിംഗ് കഴിഞ്ഞ് പോകാൻ നിൽക്കേ ഈ സംഗീത സംവിധായകൻ തന്റെ പാട്ടു പാടാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നത് .എസ് പി യുടെ ശീലങ്ങളറിയുന്ന സഹപ്രവർത്തകർ ജോലി നിർത്തി എഴുന്നേൽക്കാൻ ആരംഭിച്ചിരുന്നു .
ഈ ഒറ്റ പാട്ടും കൂടി കഴിഞ്ഞാൽ തനിക്ക് തന്റെ ജോലി തീർക്കാമെന്ന് പറഞ്ഞപ്പോൾ എസ് പി , 'സാദ്ധ്യമല്ല' എന്ന് തീർത്തു പറഞ്ഞതോടെ സംഗീത സംവിധായകൻ നിരാശനായി .

ആ ശ്രമം പാഴായപ്പോൾ എങ്കിൽ പിന്നെ 'ഇതൊന്ന് കേട്ട് അഭിപ്രായം പറയുമോ ,നമ്മുടെ പാട്ടിൽ  ജാനകിയമ്മ പാടിയ ഭാഗമാണ് .സാറിന് പാടാനുള്ള ഭാഗത്ത് എന്തെങ്കിലും മാറ്റം വേണമെങ്കിൽ അത്  നിർദ്ദേശിച്ചാൽ രാവിലെയാകുമ്പോഴേക്കും ഞാനത് ശരിയാക്കാമെന്നും ഒറ്റ ടേക്കിൽ തീർക്കാമെന്നു 'മായി ആ ചെറുപ്പക്കാരൻ .അയാളെ ഇനിയും മുഷിപ്പിക്കേണ്ടെന്നു തോന്നി എസ് പി ആ പാട്ടുകേൾക്കുന്നു .ജാനകിയുടെ ഗാനഭാഗം കേട്ടു കഴിഞ്ഞതും അദ്ദേഹം ഓർക്കസ്ട്രക്കാർക്ക് നിർദ്ദേശം കൊടുത്തു :നമുക്കിപ്പോൾ തന്നെ ഈ പാട്ട് റിക്കോർഡുചെയ്യണം...!
അവർ അത്ഭുതത്തോടെ പരസ്പരം നോക്കി .കാരണം അത്തരമൊരു സംഭവം എസ് പിയുടെ കാര്യത്തിൽ ആദ്യമാണ് .

എന്നാൽ ട്വിസ്റ്റ് വരുന്നതേയുള്ളു .എസ് പി ഒറ്റ ടേക്കിൽ തന്നെ പാട്ട് ഓക്കെയാക്കി .സംഗീത സംവിധായകനും സന്തോഷമായി .ആനന്ദ കണ്ണീർ പൊഴിച്ചു നിന്ന സംഗീതജ്ഞനെ കെട്ടിപിടിച്ച് കൊണ്ട് പക്ഷേ എസ് പി പറഞ്ഞു .

-എനിക്കിത് ഇനിയും പാടണം

- വേണ്ട സാർ .ഇത് ഓക്കെയാണ്..!

- അല്ല .ഒന്നുകൂടി നോക്കാം .നിങ്ങൾ പേടിക്കേണ്ട സ്റ്റുഡിയോ വാടക ഞാൻ കൊടുത്തോളാം

എസ് പി പാടി കൊണ്ടിരുന്നു .അവ ഓരോന്നും ഒന്നിനൊന്നു മെച്ചം .അതുകൊണ്ടുതന്നെ ഓരോ തവണ പാടുമ്പോഴും ഈ പാട്ടോടെ എസ് പി നിർത്തുമെന്നാണ് സംഗീത സംവിധായകൻ കരുതിയത് .പക്ഷേ എസ് പിക്ക് തൃപ്തിയായതേയില്ല .ഓരോ വട്ടവും വരികളുടെ ആത്മാവിലേക്കിറങ്ങി ഈണത്തിന്റെ മാസ്മരികതയിലേക്ക് ഭാവം കൊണ്ട് ജീവൻ നൽകി എസ് പി പാടി കൊണ്ടിരുന്നു .അദ്ദേഹത്തിന്റെ ആത്മാർത്ഥതയിൽ
കണ്ണുനിറഞ്ഞു പോയ സംഗീത സംവിധായകനോട് ഒരു കുറ്റബോധം പോലെ എസ് പി പറഞ്ഞു

-എത്ര പാടിയിട്ടും ജാനകിയമ്മ പാടിയതിന്റെ ആ മനോഹാരിത കിട്ടുന്നില്ല എന്നതാണ് എന്റെ സങ്കടം





അങ്ങനെ അപൂർണ്ണ സംതൃപ്തിയിൽ ഗായകന് അർദ്ധവിരാമമിടേണ്ടി വന്ന ആ പാട്ട് 1995 ൽ റിലീസായ കർണ എന്ന ചിത്രത്തിലേതായിരുന്നു .അതിന്റെ സംഗീത സംവിധായകനാകട്ടെ , പിന്നീട് 'മെലഡികളുടെ രാജാവ് ' എന്നറിയപ്പെട്ട ;വിദ്യാ ജി എന്നു ആദരപൂർവ്വം വിളിക്കപ്പെടുന്ന വിദ്യാസാഗറും ...! ആ പാട്ടിന് ഈ വർഷം കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു .

മലരേ മൗനമാ.. മൗനമേ വേദമാ
മലർകൾ പേശുമാ.. പേശിനാൽ ഓയുമാ .. അൻപേ ...
മലരേ... മൗനമാ
മൗനമേ .. വേദമാ ....

കേൾക്കുന്ന മാത്രയിൽ തന്നെ ശ്രോതാവിന്റെ മനസിൽ പ്രണയ മൗനങ്ങളുടെ മലർ കോരിയിടുന്ന ഒരു മനോഹര ഗാനം .നിലവിലുണ്ടായിരുന്ന  വാണിജ്യ- വേഗ സമവാക്യ ചട്ടകൂടുകളിൽ നിന്നു മാറി വളരെ പതിഞ്ഞതും മന്ദവുമായ ഒരു ഈണമുള്ള ഈ ഗാനം വളരെ പെട്ടെന്നു തന്നെ  ഭാഷാ-ദേശമന്യേ എല്ലാ മെലഡി പ്രണയേതാക്കളേയും ഒരു കുടക്കീഴിൽ നിർത്തി മഴ ആസ്വദിപ്പിച്ചു .പാതി ജീവനുമായ് കണ്ണിൽ ഇരുട്ടു നിറഞ്ഞ  മനുഷ്യഗാത്രങ്ങൾക്ക് മേൽ പ്രതീക്ഷയുടെ  ഈർപ്പമുള്ള സ്വപ്നങ്ങൾ അരിച്ചിറങ്ങുന്ന ഒരനുഭവമാണ് ഈ ഗാനം സമ്മാനിക്കുക .കണ്ണടച്ചു കിടന്നാൽ പോലും ,,ഇരുളിൽ ഒരു പൂക്കാലം കൊണ്ട് വെളിച്ചം തെളിയിക്കുന്ന ഈ അപൂർവ്വ ഗാനം മെലഡി സ്നേഹികൾ ഇന്നും നെഞ്ചോടു ചേർക്കുന്നു. ആ യാത്ര തുടരുകയുമാണ്

സത്യത്തിൽ ഒരു തെലുങ്കു ചിത്രത്തിന് വേണ്ടിയായിരുന്നു ഈ ട്യൂൺ ഉണ്ടാക്കിയത് .എന്നാൽ ആ ചിത്രത്തിൽ ഈ പാട്ടിന്റെ പ്രയോഗവും ചിത്രീകരണവും വിദ്യാജിക്ക് ഇഷ്ടപ്പെട്ടില്ല .തുടർന്നാണ് അന്ന് 'ജയ്ഹിന്ദ് ' എന്ന ചിത്രം ചെയ്യുകയായിരുന്ന അർജുനിനോട് അദ്ദേഹം ഈ ട്യൂൺ ചിത്രത്തിൽ ഉപയോഗിച്ചാലോ എന്ന് ചോദിച്ചത് .എന്നാൽ അതിലെ സിറ്റ്വേഷനോട് യോജിക്കാത്തതിനാൽ രണ്ടു പേരും ആ ചിന്ത മാറ്റി വെച്ചു .പിന്നീട് അർജുനിന്റെ തന്നെ ആവശ്യപ്രകാരം ' കർണ'യിൽ ഉപയോഗിക്കുകയായിരുന്നു .വൈരമുത്തുവിന്റെ സൂക്ഷ്മാർത്ഥമുള്ള തെളിനീർ വരികളും കൂടി ചേർന്നതോടെ അങ്ങനെ യാദൃഛികമായെങ്കിലും അർഹിക്കുന്ന ഒരു സ്ഥാനം തന്നെ ഈ ഗാനത്തിന് കൈവരികയുണ്ടായി .

സംവിധായകൻ ശെൽവക്കു മുന്നിൽ ,തങ്ങളുടെ മേഖലയല്ലാതിരുന്നിട്ട് പോലും സൗഹൃദപൂർവം ഈ ഗാനരംഗം നന്നായ് ചിത്രീകരിക്കണമെന്ന്  ഒരഭ്യർത്ഥന വെക്കുകയുണ്ടായി ഗായകനും നായകനും സംഗീത സംവിധായകനും. .അക്കാലത്തെ ചിത്രങ്ങളിൽ   മിക്കവയും ഗാനത്തിന്റെ ആത്മാവറിഞ്ഞുള്ള ചിത്രീകരണമായിരുന്നില്ല .എന്നാൽ ,ഈ ഗാനരംഗത്തിന് ഇന്നുമുണ്ട് ഒരു മെഴുകുവെട്ടത്തിന്റെ സുഖവും ഭാവങ്ങളും .
 ***********



Prepared by Satish p babu

( With inputs from  Manorama online, Cinema vikatan and Interviews .
Tags : #VidyaSagar #MyFavourites ,#Malare_mounama , #Karna ,#Vairamuthu  )

Comments