ആ ഓലപ്പുരക്കാലത്തെ വർഷവും വേനലും




            ആ ഓലപ്പുരക്കാലത്തെ വർഷവും വേനലും


                                                                  by satish p babu

                       ഓർക്കുമ്പോൾ തന്നെ ഒരു മങ്ങലാണ് കാഴ്ചക്ക് . പണ്ട് റെയിൽവേ സ്റ്റേഷനരികിലെ ഒഴിഞ്ഞ പറമ്പുകളിൽ ഇടക്കിടെ വന്നെത്താറുള്ള നാടോടി സംഘങ്ങളുടെ ഒറ്റമുറി ടെൻറുകൾ കണക്കേ നിലം പതിക്കാറായ വീടുകളുടെ പ്രേതങ്ങൾ അന്നും ഏറെയൊന്നുമില്ലായിരുന്നു ഞങ്ങളുടെ നാട്ടിൽ . തീരെയില്ലെന്നല്ല ,എന്നാലും പുറം സഹായങ്ങളാൽ അവയൊക്കെയും മിക്കതും ഏറെ താമസിയാതെ ഓടുപാകിയ വീടുകളായപ്പോൾ ഇവിടത്തെ, ഞങ്ങളുടെ വഞ്ചി തിരുനക്കര തന്നെയായിരുന്നു .പുരോഗമനം പടി കയറാൻ അമാന്തിച്ചു നിന്ന ' തന്റേടമില്ലാത്തവരുടെ' അവസാന തലമുറയായിരുന്നു ഒരർത്ഥത്തിൽ ഞങ്ങളുടേതെന്ന് പറയാം .
ദുർഘടം പിടിച്ച പാതയിൽ നിന്ന് സുുഗമമായ പാതയിലേക്ക് നടന്നു കയറിയാൽ പിന്നെ തിരിഞ്ഞു നിന്ന്, പിന്നിൽ നടക്കുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന ഒരു ജനിതക വൈകല്യം മലയാളിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട് .
' അവിടെ രണ്ടാണുങ്ങളില്ലേ ,എന്നിട്ടും ആ ഓലയൊന്നു മാറ്റി ഓടാക്കാൻ കഴിയാത്തത് തന്റേടമില്ലായ്മയല്ലാതെ പിന്നെന്താണ് '

ഓലപ്പുരവാസം ഒരു കണ്ണുപൊത്തിക്കളിയാണ് . നിങ്ങളും ഞാനുമൊക്കെ ഇടക്കിടെ ഒളിക്കണം . ഏതു പാതിരാത്രിയിലും ഉണരാൻ പാകത്തിൽ ജാഗരൂകരായിരിക്കണം എല്ലാവരും;കുട്ടികളുൾപ്പെടെ . മഴയുടെ ആരവം ദൂരെ നിന്ന് കേൾക്കുമ്പോഴേക്കും ഒഴിഞ്ഞ പാത്രങ്ങൾ തേടി പിടിച്ച് ഉത്തരത്തിലേക്കും തറയിലേക്കും കണ്ണുനട്ട് കിടക്കണം . നെറ്റിക്കു മുകളിൽ ... കാൽപ്പാദങ്ങളിൽ .. തലയണയിൽ ... നെഞ്ചിനു മീതെ .. എവിടെയുമാകാം വാർ ഓഫ് ദ വേൾഡ്സിലെ ഭീകരജീവികളെ പ്പോലെ മഴത്തുള്ളികൾ നമ്മുടെ സ്വസ്ഥതകളിലേക്ക് ഊർന്നിറങ്ങി തൊണ്ടക്കുപിടിക്കും . അവ ഒരു തുള്ളി പോലും വീഴാത്ത ഏതോ ഒരു മൂലയുണ്ടാകും.പിന്നെ എല്ലാവരും അവിടെയാണ് .
അവിടത്തെ തത്രപ്പാടുകളറിഞ്ഞ് ചിലപ്പോൾ കേൾക്കാം അയൽപക്കം വിളിക്കുന്നത്
'ഇങ്ങോട്ട് വന്ന് കിടന്നോളീ '
' കൊഴപ്പമില്ല്യ'....
- ന്നാ കുട്ട്യോളോടെങ്കിലും പറയ്'

അമ്മ ചോദിക്കും - നീ പോണോ
' വേണ്ട '..!
എങ്ങോട്ടും ,ഒരു സുരക്ഷിതത്വത്തിലേക്കും പോകാൻ തോന്നില്ല .
കാരണം , അനിശ്ചിതത്വത്തിനും അരക്ഷിതാവസ്ഥക്കുമിടയിൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുരക്ഷിതം അമ്മയെ കെട്ടിപ്പിടിച്ച് കിടക്കലാണ് .എത്ര മുറുകെ പിടിക്കുന്നുവോ അത്രയും നാം സുരക്ഷിതരാണ് .
സങ്കടം കണ്ണുകളിൽ കടൽ നിറയ്ക്കും .അപ്പോഴും കൂടെപിറപ്പുകളെ തേടും .
എല്ലാവരുടേയും കിടത്തം സുരക്ഷിതമാണോയെന്ന് നോക്കും ..!

ഇടിവെട്ടുമ്പോൾ വീണ്ടുമൊരു മുറുകലാണ് ,ഭയമാണ്....
അന്ന് പ്രകൃതിക്ക് ദയയും കുറവാണ് . ഇടിമിന്നലും ഇടിച്ചു കുത്തുന്ന മഴയും പരസ്പരം മത്സരിക്കുമ്പോൾ വലിയ ശബ്ദമുണ്ടാക്കി കാറ്റും വരും .ഭ്രാന്തുപിടിച്ച പോലെ മരങ്ങളാടുന്നത് കാണുമ്പോൾ ചിലപ്പോൾ ചുണ്ടിലൊരു ചിരിയും വന്നെന്നിരിക്കും ..
എന്തിനെന്ന് ചോദിക്കരുത്...
അതങ്ങനെയാണ് ..



നിങ്ങൾ ഓലപ്പുരകളിൽ താമസിച്ചിട്ടുണ്ടോ ..
പകലും നല്ല രസമാണ് .

ഉത്തരം നിറയെ മേൽക്കൂരകൾക്ക് പലവിധ നിറങ്ങളാണ് .
എക്സ്‌റേ ഫിലിമുകളുടെ ,കല്യാണക്കത്തുകളുടെ ,നേർത്തെ വിറകു കഷണങ്ങളുടെ ,പഴയ നോട്ടുപുസ്തകങ്ങളുടെ പുറംചട്ടകളുടെ ...
രാത്രിയിലെ യുദ്ധാനന്തരമുള്ള ഉറക്കക്ഷീണമകറ്റാനായ് മലർന്ന് കിടക്കുമ്പോൾ നേർത്ത വിള്ളലുകളിലൂടെ സൂര്യൻ, കണ്ണിലേക്കുറ്റി നോക്കി പല്ലിളിക്കും .പിന്നെയൊരു വഴിയുള്ളത് ചരിഞ്ഞു കിടക്കലാണ് . അപ്പോഴും ഇടക്കെങ്കിലും അറിയാതെ കണ്ണുകൾ ആ ദ്വാരങ്ങളിലേക്ക് നടന്നു കയറും .പിന്നെ മേശക്കു മുകളിൽ കയറി അത് അടയ്ക്കാനുള്ള അദ്ധ്വാനമാണ് .
ഓലപ്പുരയിൽ നിന്ന് അണിഞ്ഞൊരുങ്ങി പുറത്തിറങ്ങിയ വ്യക്തിയെ നോക്കി ഒരിക്കൽ ഒരു രാഷ്ട്രീയക്കാരൻ (തെറ്റിയതല്ല ,രാഷ്ട്രീയക്കാരൻ തന്നെ ) ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് ...
- ഓന്റെ നടത്തം കണ്ടാൽ തോന്നും വലിയ ഏതോ വീട്ടിലെ ആളാണെന്ന് ...!
അതെ .. വലിയ വീട്ടിലെ ആളുകൾക്ക് മാത്രം ഇങ്ങനെ കുറേ പ്രത്യേകതകളുണ്ട് ഈ കേരളത്തിൽ .
കാലം കടന്നു പോവുകയാണ്..
വയലുകൾ പിളർത്തി വികസനം പാഞ്ഞു ..
മേൽക്കൂരകൾ വളർന്നു വെള്ള നിറം പരന്നു ..
ഒരു ഗുഹാമുഖത്തേക്ക് തിരിഞ്ഞ് അതിനുള്ളിലേക്ക് കുനിഞ്ഞ് കടക്കാനൊരുങ്ങുകയാണ് ഇപ്പഴും മനോഭാവം..!!

Comments