ഓൾക്രീക്ക് പാലത്തിലെ
ആ സംഭവം
by സതീഷ് പി ബാബു
വർഷങ്ങൾക്ക് മുമ്പ് ഒരു ക്യാമ്പിൽ വെച്ച് പരിചയപ്പെടാനിടയായ " An Occurance at the owl Creek bridge " എന്ന ഫ്രഞ്ചു ചിത്രം ,പേരുകേട്ടാൽ ഒരിംഗ്ലീഷ് ചിത്രമായ് തോന്നുമെങ്കിലും സത്യത്തിൽ അതൊരു സാർവത്രികത്വ സ്വഭാവമുള്ള ഒരു ചെറു സിനിമയായിരുന്നു . സംഭാഷണങ്ങളായ് ഒന്നുമില്ല .അത്രയും ലളിതമായ് പറഞ്ഞതിനാൽ ഏത് ഭാഷക്കാരനും ദേശക്കാരനും എളുപ്പം വഴങ്ങുന്ന ഒരു ചിത്രം .
ഷോർട് ഫിലിമുകളെ കുറിച്ചാലോചിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഈ ചിത്രമാകുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട് .1964 ൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള അക്കാദമി , കാൻ അവാർഡുകൾ അടക്കം എണ്ണമറ്റ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഈ ഷോർട് ഫിലിം .2008 ൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ബാഫ്ത പുരസ്കാരം നേടിയ ജോൺ ഗിവ അമുവിന്റെ ' ഓൾ ക്രീക്ക് ബ്രിഡ്ജ്' അടക്കം സിനിമ, നാടകം ,ടെലിവിഷൻ പ്രോഗ്രാം ,റേഡിയോ നാടകങ്ങൾ എന്നു തുടങ്ങി ഒട്ടനേകം മേഖലകളിൽ ,ഭാഷകളിൽ അഡാപ്റ്റ് ചെയ്യപ്പെട്ട ചിത്രവും കൂടിയാണിത് . സിനിമയിൽ യുഗങ്ങൾ പോലും കേവലം മിനിറ്റുകളിലൂടെ അവതരിപ്പിക്കാമെന്നത് പോലെ തിരിച്ചും സംഭവിക്കുക സ്വാഭാവികമാണല്ലോ .ഇവിടെ പക്ഷേ ജീവിതത്തിന്റെ അവസാനസെക്കന്റിനും മരണത്തിന്റെ സാമിപ്യത്തിനും തൊട്ടടുത്ത മൈക്രോ ശൂന്യതയെ ഇരുപത്തിനാല് മിനിറ്റിലേക്ക്നീട്ടിയെടുത്ത് സമയത്തിന്റെ സാദ്ധ്യതകളെ കൃത്യമായ് പകർത്തി വെക്കുന്നു റോബർട്ട് എൻറികോ .
ഒരേ സമയം കാൽപ്പനികവും ത്രില്ലറും ദാർശനികവുമാണ് ഈ സംഭാഷണങ്ങളില്ലാ ചിത്രം .ബ്ലാക്ക് ആന്റ് വൈറ്റിൽ മികച്ച ഛായാഗ്രഹണവും ചിത്രസംയോജനവും വായിച്ചെടുക്കാം ചലച്ചിത്ര വിദ്യാർത്ഥികൾക്ക് .മൂലകഥയെ പരമാവധി ആശ്ലേഷിക്കുന്ന കൃത്രിമത്വമില്ലാത്ത ക്രാഫ്റ്റ്..ടെക്നോളജിക്കപ്പുറം ഇമേജറികളുടെ വിന്യാസം ... ഒട്ടും പൊങ്ങച്ചമില്ലാത്ത ഭാഷ ...ഒടുക്കം പ്രതീക്ഷകളുടെ ചിറകുകൾക്ക് മീതെ കാരിരുമ്പു കൊണ്ടൊരു പ്രഹരം .
കവിതകളിൽ സോണറ്റാണ് സിനിമാ സങ്കേതത്തിൽ ഷോർട് ഫിലിമുകൾ എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിട്ടുള്ളത് .അതിന് എഴുതപ്പെടാത്തതായ ഒട്ടനവധി നിയമങ്ങളുണ്ട്. ആറ്റികുറുക്കലാണ് ഒന്നാമത് .പ്രഹര ശേഷി പിന്നീട് വരുന്നു .. സൗന്ദര്യാത്മകത ഏതൊരു കലാസൃഷ്ടിയിലുമെന്നതു പോലെ ഇവിടെയും ബാധകം .സിനിമയുടേത് മാത്രമായ സങ്കേതങ്ങളെ കൃത്യമായ് തുന്നിചേർക്കുന്നതിൽ An occurance at the owl creek bridge എന്ന ഹ്രസ്വചിത്രം വിട്ടുവീഴ്ചയില്ലാത്ത വിധം കണിശത പുലർത്തിയത് കൊണ്ടു തന്നെയാകാം ഷോർട് ഫിലിമുകളുടെ ലോക ക്ലാസിക്കുകളിലൊന്നായ് ഈ ചിത്രം അറിയപ്പെടുന്നതും
വളരെ ലളിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം .കൈകൾ പിന്നിൽ ബന്ധിക്കപ്പെട്ട നിലയിൽ വധശിക്ഷക്കായ് ഓൾക്രീക്ക് റെയിൽപാലത്തിന്റെ മീതേക്ക് സൈനികർ ഒരു മധ്യവയസ്കനെ എത്തിക്കുകയാണ് .പാലത്തിന്റെ പുറത്തേക്ക് നീട്ടി ഒരു പലക സ്ഥാപിച്ച് അതിന്റെ ഒരറ്റത്ത് പ്രതിയെ കയറ്റി നിർത്തുകയും മറുഭാഗത്ത് ഒരു സൈനികൻ കയറി നിൽക്കുകയും ചെയ്യുന്നു .മേലുദ്യോഗസ്ഥന്റെ സൂചന ലഭിച്ചാലുടനേ സൈനികൻ പലകയിൽ നിന്നിറങ്ങുകയും മറുതലക്കുള്ള പ്രതി തൂക്കു കയറിൽ പിടഞ്ഞ് മരിക്കുകയും ചെയ്യും .അതിനായ് പ്രതിയുടെ കഴുത്തിൽ കുരുക്കിട്ട് വധശിക്ഷക്ക് തയ്യാറെടുക്കുന്നു സൈനികർ .പെട്ടെന്ന് അത് നിറവേറ്റപെടുന്നു .കയർ കഴുത്തിൽ മുറുകപ്പെട്ട് നദിയിലേക്ക് വീഴുന്ന നായകന് പക്ഷേ ഭാഗ്യം തുണക്കെത്തുന്നു . കുരുക്കുകളഴിച്ച് അയാൾ നീന്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് .ഇത് മനസ്സിലാക്കിയ സൈനികർ നിരന്തരം വെടിയുതിർത്തെങ്കിലും അതൊക്കെ വൃഥാവിലാകുന്നു. നദിയിൽ നിന്ന് കരക്കു കയറി കാട്ടിനുള്ളിലൂടെ അയാൾ പ്രാണരക്ഷാർത്ഥം വീടു ലക്ഷ്യമാക്കി ഓടുന്നു . ഓടി അവശനായ് വരുന്ന അയാളെ കണ്ട് ആഹ്ലാദത്തോടെ അരികിലേക്കോടിയെത്തുന്ന ഭാര്യ .പരസ്പരം ആശ്ലേഷിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷമാണ് ഒരു വെടി ശബ്ദം കേൾക്കുന്നത് . നായകൻ വെടിയേറ്റു വീണതാവാമെന്ന് കരുതി ആശ്വസിക്കുന്ന പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് ഓൾ ക്രീക്ക് പാലത്തിലെ തൂക്കുകയറിൽ അയാൾ തൂങ്ങിയാടുന്നു ..!
കാടൻ ശിക്ഷയിൽ നിന്നുള്ള മോചനം എന്ന സാമാന്യ മനുഷ്യന്റെ തീക്ഷ്ണമായ ഇഛയെ ശക്തമായ് പ്രഹരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സിനെ ഇത്രയും അവിസ്മരണീയമാക്കാൻ കാരണം .പ്രതി ചെയ്ത കുറ്റം എന്തുമാകട്ടെ ,ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും അടുത്തേക്ക് ഒരിക്കൽ കൂടി ഓടിയെത്താനുള്ള ആ മനുഷ്യന്റെ ത്വര എല്ലാ ദേശത്തുമുള്ള മനുഷ്യരുടേത് കൂടിയാണ്. അതുകൊണ്ടാണ് രക്ഷപ്പെട്ടോടുന്ന പ്രതിക്കൊപ്പം പ്രേക്ഷകമനസ്സ് ഐക്യപ്പെടുന്നത് .കുടുംബങ്ങളിലേക്ക് തിരികെയെത്താനുള്ള മനുഷ്യകുലത്തിന്റെ ആ ആഗ്രഹത്തിന്റെ മൂർത്തി രൂപമാണ് സഹധർമിണിയെ ആശ്ലേഷിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം കയറിൽ തൂങ്ങിയാടുന്ന പ്രതിയെ കാണുമ്പോൾ നമ്മളാകെ ഞെട്ടിപ്പോവുന്നതിലൂടെ സ്പഷ്ടമാവുന്നത് .
Nikon D5600 with AF-P 18-55 mm + AF-P 70-300 mm VR Kit with Bag and 16GB Memory Card Free
റോബർട് എൻറികോ സംവിധാനം ചെയ്ത ചിത്രം പക്ഷേ ഇതിന്നാധാരമായ സംഭവം, സ്ഥലം ഇതൊന്നും പരാമർശിക്കുന്നില്ലെങ്കിലും യഥാർത്ഥത്തിൽ 1861 മുതൽ 1865 വരെ നീണ്ടു നിന്ന അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അംബ്രോസ് ബീയേഴ്സ് ( Ambrose Bierce1842- 1914 ) എന്ന അമേരിക്കൻ കഥാകൃത്ത് എഴുതിയ നീണ്ട കഥയാണിത് .പത്രപ്രവർത്തകനായും പട്ടാളക്കാരനായും ഖനി തൊഴിലാളിയായുമൊക്കെ ജീവിച്ച അംബ്രോസ് ആ കാലഘട്ടത്തിലെ സാമൂഹിക തീക്ഷ്ണതകളെ തന്റെ കഥകളിലേക്ക് ആവാഹിക്കുകയായിരുന്നു . അംബ്രോസിന്റെ മികച്ച കഥകളിലൊന്നായ് വിലയിരുത്തപ്പെടുന്ന ഈ കൃതിയുടെ മലയാള വിവർത്തനം ലോക ക്ലാസ്സിക് കഥകൾ എന്ന സമാഹാരത്തിൽ ഡി.സി ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു .
അലബാമയിലെ തോട്ടമുടമയായിരുന്ന പെയ്റ്റൺ ഫർക്വാറിന്റെ വധശിക്ഷ അമേരിക്കൻ ഫെഡറൽ ആർമി നടപ്പിലാക്കുന്നതിന്റെ ചിത്രീകരണമാണ് ആ കഥ . തുടക്കം മുതൽ ഒടുക്കം വരെ കാത്തു സൂക്ഷിച്ച ; അനിശ്ചിതാവസ്ഥയിൽ സമ്മേളിക്കുന്ന ആഖ്യാനത്തിലൂടെ അദ്ദേഹത്തിന്റെ ക്രാഫ്റ്റ് അനുവാചകരെ പിടിച്ചിരുത്തുകയും ഞെട്ടിക്കുകയും ചെയ്യും .ചരിത്രമോ ദേശമോ പരാമർശവിധേയമല്ലെങ്കിൽ കൂടി അംബ്രോസിന്റെ കഥയിൽ അന്തർലീനമായി കിടന്ന പ്രാപഞ്ചിക മൂല്യത്തെ പരിപോഷിപ്പിച്ച് അവതരിപ്പിക്കാൻ റോബർട് എൻറിക്കോക്കായതിലൂടെ കഥയാണോ ഹ്രസ്വചിത്രമാണോ മികച്ചത് എന്ന ചോദ്യത്തിന് എളുപ്പം മറുപടി പറയാനൊക്കില്ല ആസ്വാദകർക്ക് .അതു തന്നെയാണ് വർഷങ്ങൾക്കിപ്പുറവും സാങ്കേതികവിദ്യകളുടെ പ്രളയം നടക്കുന്ന ഇന്നുകളിൽ പടയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ,പ്രസ്തുത കഥയുടെ മുഷിപ്പൻ അഡാപ്റ്റേഷനുകൾക്കപ്പുറത്ത് റോബർട് എൻറിക്കോയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന് നിറപ്പകിട്ട് ഏറുന്നത്..!

Comments
Post a Comment