'
ധനുഷ്കോടി: ജീവിതവും യാത്രയും
ധനുഷ്കോടി യെ കുറിച്ച് എല്ലാമറിഞ്ഞവരാകും നിങ്ങളിൽ പലരും .ഈ സ്ഥലത്തിന്റെ പ്രാധാന്യങ്ങളെ കുറിച്ച് ധാരാളം എഴുത്തുകൾ വന്നിട്ടുള്ളതിനാൽ ഈ കുറിപ്പിൽ നിന്ന് പുതുതായ് ഒന്നും ലഭിക്കണമെന്നില്ല .എങ്കിലും ,അറിയാനാഗ്രഹിക്കുന്നവർക്ക് ചെറുതായെങ്കിലും ഉപകാരമായേക്കുമെന്ന ചിന്തയിൽ എന്റെയീ ചെറുകുറിപ്പ് .
രണ്ടു കാരണങ്ങളാലാണ് ധനുഷ്കോടി എന്ന സ്ഥലത്തിന് പ്രാധാന്യമേറുന്നത് .ഒന്നാമതായ് അത് രാമന്റെ ജീവിതവും യാത്രയുമായ് ബന്ധപ്പെട്ട മിത്തുകളാൽ സമ്പന്നമായ ഒരിടമാണെന്നതാണ്. രണ്ടാമതാകട്ടെ , പൂർണ്ണമായും ചരിത്രപരമായ പ്രത്യേകകളാണെന്നതും .ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ എന്നെയാകർഷിക്കുന്നതും പ്രചോദിപ്പിക്കുന്നതും ധനുഷ്കോടിയുടെ ഭൂമിശാസ്ത്രപരമായ സങ്കീർണത 'കളോ അടയാളങ്ങളോ ആണ് .
'ഗോസ്റ്റ് സിറ്റി' അഥവാ പ്രേതനഗരമെന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത് .പണ്ടുണ്ടായ ഒരു ചുഴലിക്കാറ്റിലും പ്രളയത്തിലും പെട്ട് ഈ നാട് കടലിനടിയിലായതോടെയാണ് തമിഴ്നാട് സർക്കാർ ഈ ഭൂമികയെ അങ്ങനെ അഭിസംബോധന ചെയ്തത് .അതിന് മുമ്പ് ദേശത്തും വിദേശത്തും നമുക്ക് പെരുമമുണ്ടാക്കിയ ഒരു തുറമുഖ നഗരമായിരുന്നു ധനുഷ്കോടി. എന്നു വെച്ചാൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കും തിരിച്ചും കപ്പൽഗതാഗതമുണ്ടായിരുന്ന ഒരു തുറമുഖം . ഇന്ത്യൻ മഹാസമുദ്രത്തിന്റേയും ബംഗാൾ ഉൾക്കടലിന്റേയും സന്ധിപ്പിനും സാമീപ്യത്തിനും പുറമേ ശ്രീലങ്കയുമായുണ്ടായിരുന്ന ദൂരക്കുറവുമൊക്കെ ഈ തുറമുഖ നഗരത്തെ സാമാന്യം തിരക്കുള്ള ഒരു പ്രദേശമാക്കി മാറ്റിയിരുന്നു .അനിവാര്യമായതിനാൽ തന്നെ ധനുഷ്കോടി വരെ അന്ന് റെയിൽപാളവുമുണ്ടായിരുന്നു .അന്ന് ചെന്നൈ എഗ്മൂർ ട്രെയിൻ ധനുഷ് കോടിയിലാണ് യാത്രയവസാനിപ്പിച്ചിരുന്നത് .കൂടാതെ പാമ്പൻ മുതൽ ധനുഷ്കോടി വരെ ഒരു പാസഞ്ചർ ട്രെയിനും പ്രതിദിനം സർവ്വീസ് നടത്തിയിരുന്നു.
യാത്ര പുറപ്പെടുമ്പോൾ തന്നെ ഒരു വ്യക്തിയെ നേരിട്ട് കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നു . പകിട എന്ന സിനിമയുടെ ചിത്രീകരണത്തിന് ധനുഷ് കോടിയിലെത്തിയ ബിജുമേനോൻ ഈ വ്യക്തിയെ കുറിച്ച് ഒരിക്കൽ എഴുതിയിരുന്നു .നേരത്തെ ഒരു പോസ്റ്റിൽ ഞാൻ പരിചയപ്പെടുത്തിയ മുരുകനെ ഓർമയില്ലേ .കാര്യം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാമെന്നേറ്റു .അങ്ങനെ തേടി നടന്ന വ്യക്തിയെ അടുത്തു കിട്ടി.
തത്ക്കാലം ഞാനിയാളെ 'ഭൂപതി ' യെന്നു വിളിക്കാം .മടിച്ചു മടിച്ചാണെങ്കിലും ഓരോന്നായ് ചോദിച്ച് കൊണ്ടിരുന്നു .വാക്കുകൾക്ക് കൃത്യതയോ ബലമോ നൈരന്തര്യമോ ഒന്നും ഇല്ലായിരുന്നെങ്കിലും ചിലതെല്ലാം മുരുകനണ്ണൻ തന്നെ കൂട്ടിയോജിപ്പിച്ചു തന്നു.
1964 ഡിസംബർ 22 .അന്നാണ് ധനുഷ് കോടിയിലേയും രാമേശ്വരത്തേയും മാത്രമല്ല ലോകത്തെങ്ങുമുള്ള മനുഷ്യസ്നേഹികളേയും കണ്ണീരിലാഴ്ത്തിയ ആ സംഭവം നടന്നത്. സിനിമ തമിഴ് ജനതക്ക് ആവേശമായ ഒരു കാലമാണ് .അന്നു വെള്ളിത്തിരയിൽ താരമായ് വാണു കൊണ്ടിരുന്ന ശിവാജി ഗണേഷന്റെ ഏതോ ചിത്രത്തിന്റെ ഷൂട്ടിoഗ് രാമേശ്വരത്തോ അതിന്റെ പരിസരത്തെവിടെയോ വെച്ച് നടക്കുന്നതിനാൽ ഏറെ ദൂരം താണ്ടിയാണെങ്കിലും ഭൂപതി തന്റെ ഇഷ്ടതാരത്തെ ഒരു നോക്കു കാണാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു .
പാമ്പനിൽ നിന്ന് ധനുഷ്കോടിയിലേക്ക് യാത്രയാരംഭിച്ച പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റിന് ഒരു സന്ദേശം ലഭിച്ചു ,ചുഴലിക്കാറ്റിന് സാദ്യതയുണ്ടെന്ന് സൂചിപ്പിച്ച് .ഒന്നുകിൽ അദ്ദേഹമത് ,നിത്യവുമുണ്ടാകുന്ന 'സാദ്ധ്യത'യുടെ ഇൻവേർട്ടഡ് കോമയിൽ പെടുത്തി അവഗണിച്ചു .അതല്ലെങ്കിൽ പാതിവഴി പിന്നിട്ടതിനാൽ അങ്ങനെയൊരു സാദ്യതയുണ്ടെങ്കിൽ തന്നെ ഭാഗ്യത്തിന് വിട്ടു കൊണ്ട് യാത്ര തുടരാൻ തീരുമാനിച്ചു .അതെന്തായാലും ,ഡിസം 19 ന് ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായ് മാറുകയും 21 ആകുമ്പോഴേക്കും പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ശ്രീലങ്കയിലെ വാവുനിയയിലെത്തുകയും ചെയ്തു .ഇതാണ് 22 ന് ധനുഷ്കോടി തീരത്ത് ഉഗ്രരൂപിയായ് സംഹാര താണ്ഡവമാടി തുറമുഖ നഗരത്തെ പ്രളയമാക്കി വിഴുങ്ങി കളഞ്ഞത് .വാ തുറന്ന് വച്ച വൻതിരമാലകൾ ധനുഷ്കോടിയിലേക്ക് വന്നുകൊണ്ടിരുന്ന ആ പാസഞ്ചർ ട്രെയിനിനേയും യാതൊരു ദാക്ഷിണ്യവും കൂടാതെ മുക്കി കളയുകയായിരുന്നു .ഔദ്യോഗിക കണക്കനുസരിച്ച് 115 പേർ ആ ട്രെയിനിലുണ്ടായിരുന്നു .സ്വപ്നങ്ങളും ദു:ഖങ്ങളും കളിയും ചിരിയുമൊക്കെയായ് പരസ്പരം കൊണ്ടും കൊടുത്തുo കഴിഞ്ഞിരുന്ന ;ഭൂപതിയേയും അദ്ദേഹത്തെ പോലെ ഷൂട്ടിംഗ് കാണാൻ പോയ ഏതാനും കുറച്ച് ചെറുപ്പക്കാരെയും ഒഴിച്ച് നിർത്തിയാൽ ,ആ തീരത്ത് താമസിച്ചിരുന്ന 1800 ലധികം മനുഷ്യരെ, രക്ഷപ്പെടാനുള്ള ഒരു വിദൂര സാദ്ധ്യത പോലും അവർക്ക് നൽകാതെ കടൽ തിന്നുകളയുകയായിരുന്നു .സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധരുമൊക്കെയായുള്ള മനുഷ്യജീവനുകളെ ഒന്ന് കരയാൻ പോലും അനുവദിക്കാതെ നക്കി തുടച്ച് കളയുകയായിരുന്നു ഈ കടലുകൾ .
തന്റെ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഓരൊറ്റ രാത്രി കൊണ്ട് ഒരിക്കലും മടങ്ങി വരാനാെക്കാത്ത വിധം നഷ്ടപ്പെട്ടു പോയെന്ന സത്യം ഭൂപതിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു .കടൽ നക്കി തുടച്ച് പ്രേതാലയമാക്കി തീർത്ത ആ കരയിലിരുന്ന് ആ കൗമാരക്കാരൻ വാവിട്ടു കരഞ്ഞു . ഭ്രാന്തിനും നീണ്ട മൗനങ്ങൾക്കുമിടയിൽ സ്വയം നഷ്ടപ്പെടുന്നതിനിടയിൽ പതിയെ പതിയെ അവനാ സത്യവുമായ് പൊരുത്തപ്പെടുകയായിരുന്നു . അതിനുമപ്പുറം ,നമ്മളേവരേയുമെന്ന പോലെ നാളെയെ കുറിച്ചുള്ള പ്രതീക്ഷകളാണ് അവനെ യും ജീവിക്കാൻ പ്രേരിപ്പിച്ചത് .ഇപ്പോൾ ഈ വാർദ്ധക്യത്തിലും ചുക്കിച്ചുളിയാതെയിരിപ്പുണ്ട് പ്രതീക്ഷ ..! നാളെ ,നഷ്ടപ്പെട്ടു പോയവരൊക്കെ തിരിച്ചുവരുമെന്ന ;എല്ലാം ഒരു ദു:സ്വപ്നം മാത്രമായ് അവശേഷിക്കണേയെന്ന പ്രാർത്ഥന ..!
അയാളെപ്പോഴും ഈ കടൽക്കരയിലെവിടെയെങ്കിലും ഇരിപ്പുണ്ടാകും ..
ഇപ്പോഴും ...
ഒരു നഗരവും റെയിൽവേ സ്റ്റേഷനും കെട്ടിടങ്ങളും ട്രെയിനും എല്ലാം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്ന വിവരം ഔദ്യോഗികമായ് സ്ഥിരീകരിക്കപ്പെടുന്നത് പോലും രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് . വാർത്താവിനിമയ മേഖലകളിലെ അപര്യാപ്തതകളായിരുന്നു കാരണം. തുടർന്ന് നടത്തിയ പOനങ്ങളിലാണ് അവിടെ വീണ്ടും അപകട സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വന്നത് .തുടർന്നാണ് മദ്രാസ് സർക്കാർ ധനുഷ്കോടിയെ ആവാസയോഗ്യമല്ലാത്ത സ്ഥലമായി നോട്ടിഫൈ ചെയ്യുന്നത് .എങ്കിലും പേടിച്ചോടാൻ തയ്യാറല്ലായിരുന്നു മറ്റ് പലയിടങ്ങളിലായ് ചിതറി പോയ ഭൂപതിയെ പോലുള്ളവർ .അവർ വിലക്കുകളെ ധിക്കരിച്ച് അവിടെ തന്നെ വാസം തുടങ്ങി .തങ്ങളുടെ മക്കളേയും മാതാപിതാക്കളേയും സഹോദരങ്ങളേയും അപഹരിച്ച അതേ കടലിലേക്ക് തന്നെ അവർ അന്നം തേടിയിറങ്ങി .
അതേ കടലുകളോട് തന്നെ അവർ പൊരുതി കൊണ്ടിരിക്കുന്നു.
2004ൽ പക്ഷേ ലോകത്തെ വിറപ്പിച്ച സുനാമിയിൽ ഇവിടെ വലിയ പ്രശ്നങ്ങളൊന്നുമില്ലായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കടൽ മീറ്ററുകളോളം പിൻവലിയുകയാണുണ്ടായത് .ആ പിന്മാറ്റത്തിൽ കടൽ ,താണുപോയ പഴയ ജീവിതത്തിന്റെ അസ്ഥികൂടങ്ങളെ ഒരിക്കൽ കൂടി ആ ജനതക്ക് കാണിച്ച് കൊടുക്കുകയായിരുന്നു.
മിത്തും ചരിത്രവും തേടി ധാരാളം സന്ദർശകർ ഇപ്പോൾ ധനുഷ്കോടിയിലെത്തുന്നുണ്ട് .2016 വരെ ധനുഷ്കോടിയിലെത്താൻ കാൽനടയായോ പൂഴി പരപ്പിലൂടെയുള്ള ജീപ്പ് യാത്രയോ വേണമായിരുന്നു .ഇപ്പോൾ മുനമ്പിന്റെ ഏതാനും മീറ്റർ അകലെ വരെ ബസ്സുകൾ എത്തുo. കടലും തീരവും തമ്മിൽ സെന്റിമീറ്ററുകളുടെ വ്യത്യാസമേയുള്ളുവെങ്കിലും മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമിച്ചിരിക്കുന്നത് .ഇത് ധനുഷ്കോടി യാത്രയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതായ് തോന്നുന്നു.
ഇടത് വശം / കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രവുമാണ് .കാഴ്ചയിൽ, നീലമയമായി നമ്മുടെ മനം മയക്കുക ബംഗാൾ കടലാണ്.ഇന്ത്യൻ മഹാസമുദ്രം കാഴ്ചയിൽ ശാന്തമാണ് .
പക്ഷേ ഒരാകസ്മികതയോ അനിശ്ചിതത്വമോ നിഗൂഢതയോ ഒക്കെ ഇക്കടലിനെ ചൂഴ്ന്ന് നിൽക്കുന്നത് പോലെ .
ഒരർത്ഥത്തിൽ ജീവിതവും അങ്ങനെയാണ് .പ്രവചിക്കപ്പെട്ട അനിശ്ചിതാവസ്ഥയുടെ സൗന്ദര്യമാണത് .
സൗന്ദര്യത്തിൽ മാത്രം കണ്ണിമയനക്കാതെ നോക്കി നിന്നു പോയാൽ പിന്നിൽ നിന്നൊരു തോണ്ടലോടെ ചിരിച്ചു കൊണ്ട് താഴേക്ക് തള്ളിയിട്ടു കളയുന്ന ഒരുൻമാദിയുടെ മാനസികാവസ്ഥയുണ്ട് ഇവിടെ നിൽക്കുമ്പോൾ ....
സത്യത്തിൽ ഞാനിങ്ങോട്ട് വന്നത് തന്നെ അസ്തമയം കണ്ട് ആ ഉന്മാദത്തെ ഈ കടലിലേക്കെറിഞ്ഞ് പിന്തിരിഞ്ഞു നടക്കാനാണ് .പക്ഷേ അങ്ങനെയല്ല .. ആ ഉന്മാദം പ്രണയമാണിപ്പോൾ ...
ജീവിതത്തോടുള്ള പ്രണയം ..!
ഇതൊരു ആമുഖം മാത്രമാണ് ..
ധനുഷ്കോടിയിലേക്ക് യാത്രയാരംഭിക്കുന്നതേയുള്ളു ...
#നന്ദി .. #നല്ല_നമസ്ക്കാരം ...!
( സാങ്കേതികതയേക്കാൾ ഉപരി എഴുത്തിന് സാഹിത്യത്തിന്റേതായ സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് )

































Comments
Post a Comment