മൗനത്തിനിടയിലെ ഇലയനക്കങ്ങൾ
സിനിമ ,സ്വപ്നങ്ങളെ വിൽക്കുന്ന കലാരൂപമാണ് ബഹുഭൂരിപക്ഷത്തിനെങ്കിലും അതിനെ ഒരു സമരത്തിന്റെ ടൂൾ ആക്കി മാറ്റുന്ന വേറെ ചിലരുണ്ട് . കലയും കലാപവും ഒരിടത്ത് സമ്മേളിക്കുകയാണെങ്കിൽ ആ രാഷ്ട്രീയത്തിനുമുണ്ട് ഒരു സൗന്ദര്യം .മോശം കാലത്ത് മികച്ച കലാസൃഷ്ടികളുണ്ടാവണമെന്ന് നാടകാചാര്യനായ ഹബീബ് തൻവീർ ഒരിക്കൽ അഭിപ്രായപ്പെട്ടതും ഇതേ കാരണത്താലാണ് .ഈയിടെ പത്രത്താളുകളിലും സോഷ്യൽ മീഡിയകളിലും കത്തിപ്പടർന്ന; പടർന്നുകൊണ്ടിരിക്കുന്ന അശാന്തനെന്ന കലാകാരന്റെ മരണാനന്തരം നടന്ന വിവാദങ്ങളും ആദിവാസി യുവാവ് മധുവിനെ മോഷ്ടാവെന്ന് മുദ്രകുത്തി അടിച്ചു കൊന്നതിലുമൊക്കെ അന്തർലീനമായ് കിടക്കുന്ന കറുപ്പ് നിറം - ദളിത് വിഷയങ്ങൾ നമ്മുടെ സിനിമകൾ തൊടാനറച്ചു നിൽക്കുന്നത് കാണുമ്പോഴാണ് അദ്ദേഹത്തിന്റെ വാദത്തിന് പ്രസക്തിയേറുന്നത് .ഇതിനിടയിൽ ചില ചെറുയിലയനക്കങ്ങൾ സമാന്തരമെന്ന് നമ്മൾ എളുപ്പ പേരിട്ടു വിളിക്കുന്ന സിനിമാക്കാർ സൃഷ്ടിക്കുന്നത് സ്പർശിക്കാതെ പോയാൽ അത് കലാസ്വാദകരോടുള്ള നീതികേടാവും .ജീവ കെ.ജെ എന്ന സംവിധായകയുടെ രണ്ട് ചിത്രങ്ങൾ ഇവ്വിധം പരിഗണനക്കെടുത്തേണ്ടതുണ്ട്
ഞാവൽപ്പഴങ്ങൾ
ജീവയെ മലയാള സിനിമാ കാണികൾ വായിച്ചു തുടങ്ങുന്നത് " ഞാവൽ പഴങ്ങൾ " എന്ന ഹ്രസ്വചിത്രം മുതലാണ് .അക്കാദമിക് മേഖലയിൽ നിന്ന് സിനിമയിലേക്കെത്തുന്നതിന് 'പാഥേർ പാഞ്ചാലി 'യിൽ അപ്പുവും ദുർഗ്ഗയും തീവണ്ടി കാണാൻ പോവുന്ന ദൃശ്യം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു .അത്തരത്തിൽ രണ്ട് കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ടായിരുന്നു ഞാവൽ പഴങ്ങൾ എന്ന ചെറുസിനിമ നിർമിച്ചത് .കേരളീയരുടെ ബോധതലത്തിലെവിടെയോ അടിയുറച്ചുപോയ "കറുപ്പ് നിറ'' വിരോധത്തെയാണ് ഈ സിനിമ വിഷയമാക്കിയത് . ഒരു വഴിപോവുമ്പോൾ കുറുകെ ചാടുന്ന കറുത്ത പൂച്ച അശുഭലക്ഷണമാണെന്ന പോലെ വെളുത്ത ആണിന് കറുത്ത പെണ്ണ് / തിരിച്ചും അവലക്ഷണമാണ് കേരളത്തിൽ .അതാകട്ടെ പ്രായമുള്ളവർ ഇപ്പഴും കുട്ടികളിൽ ഇഞ്ചക്ടുചെയ്യുന്നതെങ്ങനെയെന്ന് ഈ ചിത്രം വരച്ചുകാണിക്കുന്നുണ്ട് .
ചുവപ്പും വെളുപ്പും നിറങ്ങളുള്ള അലങ്കാര മത്സ്യങ്ങൾക്കിടയിൽ കറുത്ത നിറമുള്ളവ കൂടിയെത്തിയാൽ നല്ല ഭംഗിയുണ്ടാകുമെന്ന തിരിച്ചറിവിൽ ആ കുട്ടികൾ കറുത്ത അലങ്കാര മത്സ്യം വാങ്ങി വരുന്ന വഴിക്കാണ് ഒരു കരിമ്പൂച്ച വിലങ്ങു ചാടുന്നത് .എന്തെങ്കിലും അശുഭ വാർത്തയുണ്ടാകുമെന്ന് മുത്തശ്ശി പറയുന്നത് ഓർത്തെടുക്കുന്ന കുട്ടികളെ കാത്ത് അവരുടെ അഛന്റെ കൂടെ ജോലി ചെയ്യുന്ന മാഷ് മരിച്ചു പോയി എന്ന വാർത്തയാണ് വീട്ടിൽ എതിരേറ്റത് .സാംസ്ക്കാരിക - വിദ്യാഭ്യാസ -മൂല്യബോധ സൂചികകൾക്കപ്പുറത്ത് ഇരുൾ വീണു കിടക്കുന്ന ഈ ഇടവഴിയാത്രകളിൽ ശ്വാസം പിടിച്ചിരിക്കുന്ന മലയാളികളുടെ പരിഛേദത്തെ അടയാളപ്പെടുത്തുന്നതിൽ "ഞാവൽ പഴങ്ങൾ " ഒരു പരിധി വരെ വിജയിക്കുന്നുണ്ട് . ആദ്യ ചിത്രമാണെങ്കിലും കഴിവുറ്റ ഒരു സംവിധായികയുടെ ലക്ഷണങ്ങൾ ജീവ ഇതിൽ പ്രകടമാക്കുന്നതായ് കാണാം .ഡബ്ബിംഗിലെ പരിചയക്കുറവിന്റെ പ്രശ്നങ്ങളും കല്ലുകടികളും മാറ്റിനിർത്തിയാൽ നല്ല ഒരു ശ്രമം
ഫീച്ചർ സിനിമയിലേക്കിറങ്ങുന്നു
മുൻ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ് ,കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറച്ചു കൂടി കലാത്മകമാക്കി പക്വതയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് ജീവ " റിക്ടർ സ്‌കെയിൽ 7.6 " എന്ന തന്റെ ആദ്യ ഫീച്ചർ ഫിലിമിലൂടെ നടത്തുന്നത് .ഡോക്യുമെന്റേഷനിലേക്ക് പോകാതെ പ്രചരണചിത്രത്തിന്റെ അസ്വാഭാവികതകയെ മാറ്റിനിർത്താൻ ഈ ചിത്രത്തിൽ അവർക്കായിട്ടുണ്ട് .മുൻപ് നിറത്തിന്റെ രാഷ്ട്രീയമായിരുന്നെങ്കിൽ ഇത്തവണ കുറേ കൂടി ഒരു വലിയ കാൻവാസിലാണ് കഥ പറയുന്നത് . അതിന്നവരുപയോഗിച്ച ടൂളുകൾ - നടീനടന്മാർ - പശ്ചാത്തലം - ക്യാമറ - കലാസംവിധാനം എന്നിവ - കഥാകഥനത്തെ ഒരു സ്വാഭാവികാനുഭവമാക്കി മാറ്റുന്നു .
മാനസികനില തെറ്റിയെന്ന പൊതുബോധത്തിൽ ചങ്ങലക്കിടപ്പെട്ട ഒരഛനും (അശോക് കുമാർ) സമൂഹo അപകർഷതക്കടിമപ്പെടുത്തിയ ,ഒന്നു ചിരിക്കാൻ പോലും അറിയാത്ത മകനും (മുരുകൻ) തമ്മിലുള്ള മുഷിപ്പൻ കൊടുക്കൽ വാങ്ങലുകളാണ് ചിത്രത്തിന്റെ അന്തർധാര . അഛന്റെ "അസുഖം " മൂലം അവിവാഹിതനായ് തുടരേണ്ടി വരുന്നതിലെ അമർഷം ഓരോ വാക്കുരിയാടുമ്പോഴും മകനിൽ പ്രകടമാവുന്നുണ്ട് .എങ്ങോട്ടെങ്കിലും ഓടിക്കളയുമെന്ന അപമാന ബോധത്തിലാണ് രാവിലെ പണിക്ക് പോവുന്നതിന് മുമ്പ് അഛനെ ചങ്ങലക്കിടാൻ അയാൾ പ്രേരിതനാകുന്നത് .നിരാശയിലും മദ്യത്തിലും മുങ്ങി ദിവസങ്ങൾ തള്ളിനീക്കുന്നതിനിടയിൽ പണിസ്ഥലത്ത് വെച്ച് ഒരു പരിക്കേൽക്കുന്നതോടെ അയാൾക്ക് വീട്ടിലിരിക്കേണ്ടി വരുന്നു .തുടർന്ന് മകൻ വീട്ടിൽ ചെയ്തിരുന്ന പണികൾക്ക് പുറമെ അയാളെ പരിചരിക്കാൻ പോലും ആ " അസുഖക്കാരൻ" അഛൻ തയ്യാറാവുകയാണ് .ചിത്രത്തിലെ നേരിട്ടുള്ള കഥപറച്ചിൽ ഇതാണെങ്കിൽ, കണ്ണൊന്നു കൂടി തുറന്നാൽ വ്യക്തമാകുന്ന കാഴ്ചകളുടെ കൂട്ടിവായിക്കലാണ് റിക്ടർ സ്കെയിലിന്റെ രാഷ്ട്രീയം .അത് വിളക്കിചേർത്ത തിരക്കഥ ( റെജി കുമാർ ) യുടെ ഔന്നത്യം പ്രത്യേകം പരാമർശമർഹിക്കുന്നുണ്ട്
വീടിന്റെ അയൽകാഴ്ചകൾ കാണിക്കാത്ത വിധം കെട്ടിയുയർത്തിയ ഓലമറ, കുളിക്കാൻ കൊണ്ടുവരുന്ന വെള്ളത്തിന്റെ കുറഞ്ഞ അളവ് ,വല്ലപ്പോഴും വീട്ടിലെത്തുന്ന മുരുകന്റെ കൂട്ടുകാരുടെ പെരുമാറ്റ രീതികൾ ,എല്ലാ നടീനടൻമാരുടേയും ശരീരത്തിന്റെ രാഷ്ട്രീയം ,ഫ്ലാഷ്ബാക്കിൽ ,രാത്രിയിൽ കൂടുവെച്ചു മീൻ പിടിക്കാനിറങ്ങുന്ന ആളുകളെ സ്വാഗതം ചെയ്യുന്ന പ്രകൃതി ,പശ്ചാത്തല സംഗീതത്തിലെ നാടൻ സംഗീതോപകരണങ്ങളുടെ ഉപയോഗം ,മറയ്ക്കപ്പുറത്തെ സഹായിയായ പയ്യൻ തുടങ്ങി ഷോർട് ഫിലിമുകൾ കേരളത്തിൽ മത്സരത്തിനിറങ്ങിയ കാലത്തെ പതിവു ക്ലീഷേകാഴ്ചകൾ ഈ ഫീച്ചർ ചിത്രത്തിലും ആവർത്തിക്കുന്നതിലെ കല്ലുകടി ആസ്വാദനത്തിന് കല്ലുകടിയാവുന്നു എന്ന് വിധി പ്രഖ്യാപിക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം നമ്മുടെ സകല മുൻവിധികളേയും " സവർണ " കാഴ്ചാ സിദ്ധാന്തങ്ങളേയും കൊഞ്ഞനം കുത്തുന്ന ഒരൊറ്റ ഹെലിക്യാം ഷോട്ടാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയത്തെ ഏറ്റവും സത്യസന്ധമായ ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നത് .അത് പറഞ്ഞ് കഴിഞ്ഞാൽ സിനിമാസ്വാദനത്തിന് സൗന്ദര്യം നഷ്ടപ്പെട്ടു പോകുമെന്നതിനാൽ ഞാനതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല .ജീവയെന്ന സംവിധായിക മലയാള സിനിമയിൽ തന്റെ പേരു മായ്ക്കാനാകാത്ത വിധം വരുംകാലം അടയാളപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ഈ സിനിമ അടിവരയിടുന്നു, ചുരുക്കത്തിൽ
ആ അർഹതക്കുള്ള അംഗീകാരമാണ് ജീവ കെ ജെക്ക് നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് ഈ ചിത്രത്തിന്റെ പേരിൽ ലഭിച്ചത് . തൊണ്ണൂറിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത ചലച്ചിത്രമേളയിലാണ് മലയാളിയായ ജീവ ഈ നേട്ടം സ്വന്തമാക്കിയത്. സജിത്ത് കുമാർ ,ഷാജി ബി എസ് എന്നീ ലീഡിംഗ് പ്രൊഡ്യൂസർമാരെ കൂടാതെ ഏതാനും ചിലരുടെ കൂടി സഹായത്തോടെ ,ജനകീയ പങ്കാളിത്തത്തിലാണ് റിക്ടർ സ്കെയിൽ 7.6 നിർമിച്ചിരിക്കുന്നത്
ക്രൈം നമ്പർ 89 എന്ന (സുദേവൻ ) ചിത്രത്തിലൂടെ സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ അഭിനേതാവിനുള്ള അവാർഡ് ജേതാവായ അശോക് കുമാറാണ് അഛനായ് അഭിനയിക്കുന്നത് .ഇത്രയും അഭിനയസിദ്ധിയുള്ള ഒരു നടനെ മലയാള സിനിമ അവഗണിക്കുന്നതെന്തുകൊണ്ടാണ് എന്നു മനസ്സിലാകുന്നില്ല .സീരിയൽ നടീനടൻമാരോടുള്ള പോലെ സമാന്തരസിനിമകളിലെ അഭിനേതാക്കൾക്ക് മുഖ്യധാര ,അപ്രഖ്യാപിത അയിത്തം കൽപ്പിക്കുന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റുപറയാനൊക്കില്ല .അങ്ങനെ പറയുമ്പോഴും ദിലീഷ് പോത്തനെ പോലുള്ള ചിലസംവിധായകരെങ്കിലും ഇത്തരം ചിത്രങ്ങളിലഭിനയിക്കുന്നവരെ ( സുദേവൻ ചിത്രങ്ങളിലെ പതിവുമുഖമായ അച്യുതാനന്ദൻ ഉദാഹരണം) കാസ്റ്റ് ചെയ്ത് തുടങ്ങിയത് ഈ സാഹചര്യങ്ങളിൽ ശുഭസൂചനയാണ് .നിഷേധിയും നിരാശനുമായ മകനായ് മുരുകനും മികച്ച പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവെക്കുന്നത് .
ഇന്ത്യയില്‍ ആദ്യമായി നടന്ന ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവലില്‍ വെച്ചാണ്
റിക്ടര്‍ സ്‌കെയില്‍ 7.6ന്റെ ആദ്യ പ്രദര്‍ശനം നടന്നത്. പിന്നീട് ചലച്ചിത്ര അക്കാദമി,
തിരുവനന്തപുരം ഐഫ്എഫ്കെയ്ക്ക് സമാന്തരമായി നടന്ന കാഴ്ച ഫെസ്റ്റിവല്‍, കോഴിക്കോട് വെച്ച് നടന്ന ഐഇഎഫ്എഫ്കെ, ഒറ്റപാലം ഡൈയിലെ ഫെസ്റ്റ്, നൊയിഡ ഇന്റ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും എന്നിവയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.തിയ്യേറ്ററുകൾ കിട്ടാത്തതിനാൽ ഇത്തരം പ്രദർശന വേദികളാണ് ഈ ചിത്രത്തിന് ആശ്രയം




Comments
Post a Comment