കൊന്നവർക്കൊപ്പമാണ് കേരളം
by Satish P Babu
വിശപ്പു കൊണ്ട് മോഷ്ടിക്കേണ്ടി വന്ന മധുവിനെ തച്ചു കൊന്നവർക്കെതിരെ നടക്കുന്ന കലിപ്പുകളിലും പ്രതിഷേധ പ്രകടനങ്ങളിലും ഞാനണി ചേരുന്നില്ല .
ഇതൊരു വിശപ്പിന്റെ മാത്രം പ്രശ്നമാണെന്നോ ക്രൂരതയുടെ പ്രശ്നമാണെന്നോ ഞാൻ കരുതുന്നില്ല എന്നു തന്നെ കാരണം .
പ്രശ്നം അപരിഷ്കൃതം എന്ന വാക്കിൽ തുടങ്ങുന്നു . നിങ്ങളുദ്ദേശിക്കുന്ന തരം പരിഷ്കാരിയല്ലാത്തതിന്റെ പേരിൽ കറുത്ത നിറമുള്ള ഞാനടക്കമുള്ളവർ അഭിമുഖീകരിച്ച ,അഭിമുഖീകരിച്ച്കൊണ്ടിരിക്കുന്ന പ്രശ്നം .അവിടെ ആദ്യം ശരീര നിറവും രണ്ടാമത് പരിഷ്കാരവും കടന്നുവരുന്നു. വേറൊരുവിധത്തിൽ ,കണ്ടാലറയ്ക്കുന്ന മനുഷ്യ രൂപമായതിന്റെ കുഴപ്പം .ഇതേ മധു വെളുത്ത ,നല്ല വേഷം ധരിച്ച ഒരു മോഷ്ടാവായിരുന്നെങ്കിൽ നിങ്ങളിങ്ങനെ പെരുമാറില്ലായിരുന്നു .ഒരു താക്കീതിലൊതുക്കി മടക്കിയയക്കുമായിരുന്നു .അപ്പോഴും ,ആ വിശന്നിരിക്കുന്ന മനുഷ്യന് ഒരൽപ്പം ഭക്ഷണം വാങ്ങി നൽകാൻ ഇവരാരും തയ്യാറാവുകയുമില്ല. കാപട്യത്തിന് ഒരു ആൾക്കൂട്ടത്തെ പ്രതിനിധീകരിക്കാൻ കഴിയുമെങ്കിൽ അതീ കേരളത്തിന്റെ മൊത്തഭൂപടം തന്നെയാകണo.
മുമ്പ് അശാന്തനെന്ന കലാകാരന്റെ മരണത്തോടനുബന്ധിച്ചും ഇതേ ചർച്ച നടന്നതാണ് .സോഷ്യൽമീഡിയയിൽ എത്തിപ്പെടുന്ന ഒരാൾ ,പുറത്തിറങ്ങിയാൽ കാണുന്ന കേരളമാണോ യഥാർത്ഥ കേരളം .അങ്ങനെയാണെങ്കിൽ പിന്നെ കേരളത്തിൽ ഇപ്പോഴും ദളിത്-ആദിവാസി വിഭാഗങ്ങളോട് ഈ 'സവർണ 'കേരളമെന്തു കൊണ്ട് ഇങ്ങനെ നെറ്റിചുളിച്ചു കൊണ്ട് പെരുമാറുന്നു ..? സോഷ്യൽ മീഡിയയിലെ ഈ വിലാപക്കാരെയും ഷെയറുകാരെയുമൊന്നും പുറത്ത് കാണാത്തതെന്തേ .? ഒരു പ്രതിഷേധകൂട്ടായ്മ നടത്തിയിരുന്നു അത് നിങ്ങൾ കണ്ടില്ലേയെന്നു ചോദിച്ചാൽ അവർക്കും ഈ ചോദ്യം ബാധകമാണ് .ഇപ്പറയുന്ന 'സവർണ്ണ' ദളിത് - ആദിവാസി വാദികൾ ഏറ്റവും ചുരുങ്ങിയ പക്ഷം അറിഞ്ഞു കൊണ്ട് ഏതെങ്കിലുമൊരു ദളിതന്റെ വീട്ടിൽ കയറി ഒരു കട്ടൻചായയെങ്കിലും കുടിക്കാൻ നിന്നിട്ടുണ്ടോ .? പഴയ പന്തിഭോജനകാലത്തെ ഈർഷ്യ സവർണബോധവും അരക്കിട്ടുറപ്പിച്ച് ഇന്നും വെളുത്ത ലോകം സ്വപ്നം കണ്ട് വെളുത്തവരോട് മാത്രം കൂട്ടുകുടി ( പണം - പ്രതാപം - ആഡ്യത - ഉന്നത പദവി തുടങ്ങിയ പ്രിവിലേജുകൾ ഒഴിച്ചുള്ള കറുത്ത നിറക്കാർ ) വെളുപ്പ് ധരിച്ച് നടക്കുന്നവർ ഒരേ സമയം കറുത്തവരെ നോക്കി ഉള്ളാൽ പരിഹസിക്കുകയും സോഷ്യൽ മീഡിയയിൽ കയറി So-called ജനാധിപത്യവാദിയാകുകയും ചെയ്തുകൊണ്ട് പരകായ മാറ്റം നടത്തുന്ന ഏക പൗരസമൂഹം ഈ സാക്ഷര കേരളം തന്നെയാണ് .ഇത് ദൈവത്തിന്റെ സ്വന്തം നാടല്ല (ആ കാപ്ഷൻ തന്നെ അങ്ങേയറ്റം പിന്തിരിപ്പനാണ് ) മറിച്ച് കാപട്യക്കാരുടെ സ്വന്തം നാടാണ് .അതിൽ ഞാനും പെടും ,നിങ്ങളും പെടും ,ആ തല്ലി കൊന്നവരും പെടും .കാരണം കേരളത്തിന്റെ പൊതുവികാരം തന്നെയാണവർ .നിങ്ങളെങ്ങനെ കൈകഴുകാൻ നോക്കിയാലും ആ കറ മായാൻ പോകുന്നില്ല ഇക്കാലത്ത് .അതിന് സമയമിനിയും വരേണ്ടിയിരിക്കുന്നു
കേരളത്തിൽ ജാതിയത തിരിച്ചുവന്നതല്ല മറിച്ച് അതിവിടെ നിന്ന് പോയിട്ടില്ലയെന്നതാണ് സത്യമെന്ന് പ്രമുഖ ചരിത്രകാരനായ MGS ഈയാഴ്ചയിലെ മാതൃഭൂമി ആഴ്ചപതിപ്പിൽ ഒരു ചോദ്യത്തിന് മറുപടിയായ് പറയുന്നുണ്ട് .എന്റെ സ്കൂൾ കാലത്ത് ഒരിടത്ത് പണിക്ക് പോയപ്പോൾ കുടിവെള്ളമെടുക്കാനായ് അടുത്ത വീട്ടിലെത്തിയ എനിക്ക് വേദനാജനകമായ ഒരനുഭവമുണ്ടായത് ഓർമ വരുന്നു . സഹപ്രവർത്തകർ പറഞ്ഞതനുസരിച്ച് ഒരു പാത്രവുമായ് അടുത്ത വീട്ടിലെ കിണറിൽ നിന്ന് വെള്ളം കോരുകയായിരുന്നു ഞാൻ .ആരോട് ചോദിച്ചിട്ടാടാ വെള്ളം കോരുന്നത് എന്ന് ചോദിച്ച് പെട്ടെന്ന് ആ വീട്ടിലെ സ്ത്രീ എന്റെയരികിലെത്തി .ഇന്ന് വർഷങ്ങൾക്കിപ്പുറവും ആ സ്ത്രീയുടെ കണ്ണിൽ എന്നോടുള്ള അറപ്പും വെറുപ്പും നിറഞ്ഞ നോട്ടം എന്നെ എന്റെ നിറത്തോടുള്ള അപകർഷത സാമാന്യം നന്നായ് കൂട്ടുന്നുണ്ട് .പിന്നീടാണ് ഞാൻ കാര്യങ്ങൾ മനസ്സിലാക്കുന്നത് .ആ സ്ത്രീ ഉന്നത ജാതിയിൽപെട്ടവരാണ് .കറുത്ത നിറമുള്ളവരെയും താഴ്ന്ന ജാതിക്കാരെയും ഒട്ടും ഇഷ്ടമല്ലാത്തതിനാൽ അവിടെ നിന്ന് വെള്ളമെടുക്കാൻ ഞങ്ങൾ നായരെന്ന് വിളിക്കാറുള്ള തിയ്യനായ- വെളുത്ത നിറത്തിന്റെ ആനുകൂല്യം -ചന്ദ്രേട്ടനെയാണ് അവർ അനുവദിക്കാറുള്ളത് .എന്റെ പ്രായം കണക്കിലെടുത്ത് ആ സ്ത്രീ ഒന്നും പറയില്ലെന്ന് തോന്നി ചന്ദ്രേട്ടന്റെ അഭാവത്തിൽ സഹപ്രവർത്തകർ എന്നെ പറഞ്ഞയക്കുകയായിരുന്നു .മലയാളിയുടെ കാപട്യത്തിലേക്ക് ഞാനീ സംഭവം ലിങ്ക് ചെയ്യുന്നത് അന്നുച്ചക്ക് ശേഷം ആ വീട്ടുകാരിയും ഭർത്താവും കൂടി പോയത് ഇടതുപക്ഷത്തിന്റെ ഏതോ പ്രതിഷേധപ്രകടനത്തിനായിരുന്നു എന്ന സമാന്തര കഥ ചേർത്തിട്ടാണ് എന്നുകൂടി പറയട്ടെ .പ്രശ്നം പ്രത്യയശാസ്ത്രങ്ങളുടേയോ പാർട്ടികളുടേയോ അല്ല അത് , മനോഭാവങ്ങളുടേത് മാത്രമാണ്. നിറസംബന്ധിയായ ഒരു സംഭവം ഈയടുത്ത കാലത്തും എനിക്കുണ്ടായിട്ടുണ്ട് .സന്ദർഭവശാൽ ആ ആഢ്യ സ്ത്രീയുടെ FB ടൈംലൈൻ ഒന്ന് സന്ദർശിച്ചപ്പോൾ കണ്ടത് ദളിത് അനുകൂല പോസ്റ്റുകളുടേയും ഷെയറുകളുടേയും പ്രളയമാണ്. കറുപ്പ് നിറത്തിൽ അഹങ്കരിക്കുന്നു എന്ന് പറഞ്ഞ് ഒരു സ്ത്രീ ചെയ്ത പോസ്റ്റ് അവർ അക്കൂട്ടത്തിൽ ഷെയർ ചെയ്തിട്ടുണ്ട് .ഇതൊക്കെ അൽപ്പം മടിയോടെയാണെങ്കിലും വെളിപ്പെടുത്തേണ്ടി വരുന്നത് നിങ്ങളുടെ ഉഡായിപ്പ് നിലപാടുകൾ കണ്ടിട്ടു തന്നെയാണ് .
( സത്യസന്ധമായ് ഈ പ്രശ്നങ്ങളെ നോക്കി കാണുന്നവരെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ് എന്നും സാന്ദർഭികമായ് ഓർമപ്പെടുത്തട്ടെ )
കണ്ണിന് കണ്ണ് ചോരക്ക് ചോരയെന്നുമുള്ള നികൃഷ്ട നിയമങ്ങളെ താലോലിക്കുന്ന ഒരു ജനതക്കെങ്ങനെയാണ് അഹിംസാവാദമുയർത്താനുള്ള യോഗ്യത കൈവരുന്നത് എന്നതും ആലോചിക്കേണ്ടതല്ലേ .? ഒരു മോഷണമോ ബലാത്സംഗമോ കൊലപാതകമോ നടന്നാൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് - ഇവിടെ പരാമർശവിധേയമാക്കുന്ന സംഭവത്തിലെ പ്രതികൾക്കും വധശിക്ഷ വേണമെന്ന വാദങ്ങളുയരുന്നത് ശ്രദ്ധിക്കുക - ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നവർക്ക് എന്ത് സമാധാനാഹ്വാനത്തിനാണ് അർഹതയുള്ളത് ? ഈ ഹിംസാത്മക ആൾക്കൂട്ടത്തിൽ നിന്ന് മധുമാർ കൊലയല്ലാതെ മറ്റെന്ത് കുറഞ്ഞ ശിക്ഷക്കാണ് അർഹരാവേണ്ടത് .? മേൽജാതികളിൽ ഉണ്ടെന്ന് പറയുന്ന സവർണ ബോധം മാത്രമല്ല ,അക്കാദമിക് - അറിവ് - പദവി - മീഡിയ -- കല മേഖലകളിലൊക്കെ നിറഞ്ഞു നിൽക്കുന്ന കുലീനത ,ഹിംസ തുടങ്ങിയ ദ്വന്ദ്വങ്ങളിലാണ് കേരളാ കാപട്യത്തിന്റെ ആണിക്കല്ലിരിക്കുന്നത് .അതിളക്കിയെടുക്കാൻ ആ ദ്വന്ദ്വങ്ങളെ തിരിച്ചറിഞ്ഞ് കടപുഴക്കാൻ മുന്നോട്ട് നടക്കേണ്ടതുണ്ട് കേരളം . അങ്ങനെ നടക്കുന്നതിന് മുമ്പ് ജീനുകളിൽ അന്തർലീനമായ ക്ലാവിളക്കിയെടുക്കാൻ പോന്ന മസ്തിഷ്ക പ്രക്ഷാളനത്തിന് സ്വയം നിന്നുകൊടുക്കേണ്ടതുമുണ്ട് .

Comments
Post a Comment