അകത്തും പുറത്തുമല്ലാതെ
ജീവിക്കുന്നവരെ കുറിച്ച് സുദേവൻ
ഷോർട് ഫിലിമുകളിൽ നിന്ന് ഫീച്ചർ സിനിമയിലേക്കെത്തിയ ചലച്ചിത്ര
സംവിധായകനാണ് സുദേവൻ . " വരു " ," പ്ലാനിംഗ് " ,രണ്ട് " ,തട്ടുമ്പുറത്തപ്പൻ എന്നീ നിരവധി പുരസ്ക്കാരാർഹമായ ഹ്രസ്വചിത്രങ്ങൾക്ക് ശേഷമാണ് അദ്ദേഹം "ക്രൈം നമ്പർ 89 " എന്ന ഫീച്ചർ ഫിലീമുമായ് സമാന്തരസിനിമാശ്രമങ്ങൾക്ക് തന്റെതായ വേറിട്ടൊരു വഴി തെരഞ്ഞെടുക്കുന്നത് .2013 ൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡിനു പുറമേ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് ഈ ചിത്രത്തിലെ അഭിനയചാരുതക്ക് അശോക് കുമാറിന് ലഭിക്കുകയുമുണ്ടായി .പ്രസിദ്ധ ഛായാഗ്രഹകനായ പ്രതാപ് ജോസഫാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് .
മാരകായുധങ്ങളുമായ് പോകവേ ഒരു മലയോര പ്രദേശത്ത് വെച്ച് ബ്രേക്ക് ഡൗണാകുന്ന ജീപ്പ് നന്നാക്കാനെത്തുന്ന മെക്കാനിക് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സാമൂഹ്യപ്രതിബദ്ധതയുമാണ് ചിത്രം വരച്ചുകാണിച്ചത് .ഓഫ്ബീറ്റ് സിനിമകളിൽ ചിലപ്പോഴെങ്കിലും കണ്ടുവരാറുള്ള ഇഴച്ചിലുകളും നാട്യങ്ങളും അലങ്കാരങ്ങളുമില്ലാതെ സത്യസന്ധമായ് കഥ പറയുകയായിരുന്നു സുദേവൻ .
വ്യത്യസ്തമല്ല അദ്ദേഹത്തിന്റെ "അകത്തോ പുറത്തോ " എന്ന പുതിയ ചിത്രവും .
ഉല്ലാസത്തിനും ഉന്മാദത്തിനുമിടയിൽ നിന്ന് ശൂന്യതയിലേക്കുള്ള ഒരു സഞ്ചാരത്തിന്റെ നാല് പകർപ്പുകളുടെ ചിത്രണമാണ് അകത്തോപുറത്തോ .ടൈറ്റിലിന്റെ ചോദ്യചിഹ്നത്തോട് ഐക്യപ്പെട്ടു നിൽക്കുന്ന ഈ ചിത്രം ,..മീനിൽ തുടങ്ങി 'പാവ'യിലും 'വൃദ്ധനി'ലും 'അവളി'ലും നിറയുന്ന നിസ്സഹായവസ്ഥയിൽ നമ്മുടെ കണ്ണുകളെ തറച്ചിടുന്നു .
ഉല്ലാസത്തിനിടയിൽ ചൂണ്ടയിൽ കോർക്കപ്പെടുന്ന മീനുകളുടെ ജലത്തിന് അകത്തും പുറത്തുമുള്ള ജീവിതമാണ് ആദ്യമെങ്കിൽ ഒരു പാവയുടെ ജനനം മുതൽ അത് ഉപേക്ഷിക്കപ്പെടുന്നത് വരെയുള്ള ഒരു യാത്രയാണ് പാവയെന്ന ചിത്രം .മരണം കാത്ത് കിടക്കുന്ന ഒരാളുടെ കാഴ്ചപ്പാടിൽ വീട്ടംഗങ്ങളുടെ പരിചരണത്തിന്റെ വിവിധ തലങ്ങളാണ് 'വൃദ്ധൻ 'പരീക്ഷണാത്മക മായ് വരച്ചിടുന്നത് .ഒറ്റഷോട്ടിൽ വൃദ്ധന്റെ കാഴ്ചപ്പാടിലാണ് നാം വീട്ടംഗങ്ങളുടെ പരിചരണവും പിറുപിറുക്കലുകളും സന്ദർശകരുടെ ആഗമനവും സംസാരവും എല്ലാം കാണുന്നത് .നടീനടൻമാർക്ക് പകരം ആ ''വീട്ടുകാരെ " അറിയാനും ഒരു യഥാർത്ഥ അസുഖക്കാരന്റെ സാമീപ്യം അനുഭവിപ്പിക്കാനും ഈയൊരു ചിത്രീകരണരീതി സഹായകമാവുന്നുണ്ട്
' അവൾ ' ഒരു മിസ്റ്ററിയാണ് .തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ ഉല്ലാസവും ഉന്മാദവും ശൂന്യതയെ സന്ധിക്കുന്നതിന്റെ പാരമ്യമാണ് ഈ പ്ലോട്ട് . മുൻ ചിത്രങ്ങളിൽ നിന്ന് 'അവളി'ലേക്കെത്തുമ്പോൾ സുദേവനിലെ ക്രാഫ്റ്റ്മാൻ മലയാളത്തിലെയെന്നല്ല ഏത് ഇന്ത്യൻ ചലച്ചിത്രകാരൻമാരുമായും കിടപിടിക്കത്തക്കവിധം വളർച്ച പ്രാപിച്ചതായ് കാണാം. ഉപയോഗിച്ച നടീനടൻമാർ ( സുനിതാ ദിനേശിന്റ അത്യുഗ്രൻ സോളോ പെർഫോമൻസ് ) പശ്ചാത്തലം ,ഛായാഗ്രഹണം ( സാദിഖ് തൃത്താല - പ്രതാപ് ജോസഫ് ) ലൈറ്റിംഗ് ,പശ്ചാത്തല സംഗീതം ,നിറങ്ങൾ എന്നിവയെല്ലാം തന്നെ ഒരു ഉത്കൃഷ്ട കൃതിയായ് മാറ്റുകയാണ് 'അവൾ' എന്ന ചിത്രത്തെ. സമൃദ്ധമായ ആംഗിക ശരീരഭാഷ കൊണ്ട് വാചിക ഭാഷയുടെ പരിമിതിയെ സൗന്ദര്യപരമായ് മറികടക്കുന്ന ത്രില്ലർ - വയലൻസ് - സസ്പെൻസ് രൂപഘടനയാണ് ചിത്രത്തിന്റേത്. വിഷ്വലുകളിൽ നിന്ന് കണ്ണുപറിച്ചെടുക്കാനാകാത്ത വിധം നമ്മെ തിരശ്ശീലയുടെ അടിമയാക്കി ചലച്ചിത്രകാരൻ മാറി നിന്ന് ഊറി ചിരിക്കുന്ന അപൂർവ്വ കാഴ്ച . മൂന്നാമന്റെ ഒളിഞ്ഞുനോട്ടത്തെ പ്രതിനിധീകരിക്കുന്ന നിഗൂഢത നിറഞ്ഞ ക്യാമറാ കണ്ണുകൾ പ്രേക്ഷകരെ ദൃക്സാക്ഷികളാക്കി മാറ്റുന്ന അനുഭവം.
ഒരു ക്രാഫ്റ്റ്മാൻ എന്ന നിലയിൽ ഏതൊരു കൊമേഴ്സ്യൽ സംവിധായകനുമായും മാറ്റുരയ്ക്കാൻ പോന്ന കൈയൊതുക്കം സുദേവൻ ഈ ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട് .ഒരു പക്ഷേ 'അവൾ' എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ സുദേവനു പകരo മറ്റാരുടെയെങ്കിലും പേരാണ് വെച്ചതെങ്കിൽ മലയാള ചലച്ചിത്രാസ്വാദകർ ആ' ബ്രില്യൻസി'നെ വാഴ്ത്തി മംഗള ഗീതങ്ങൾ രചിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
'അകത്തോ പുറത്തോ ' എന്ന ഈ ചിത്രം എവിടെ പ്രദർശിപ്പിച്ചാലും കഴിവതും ഒരു തവണയെങ്കിലും പോയി കാണാൻ ശ്രമിക്കുക .തിയ്യേറ്ററുകൾ ലഭിക്കാത്തതിനാൽ ഫെസ്റ്റിവലുകളിലും സമാന്തര പ്രദർശനങ്ങളിലുമേ തത്ക്കാലം ചിത്രം കാണാൻ നിവൃത്തിയുള്ളു . താരപദവികൾക്കും പണക്കൊഴുപ്പിനും ഉപരി മുഖ്യധാര - സമാന്തര വേർതിരിവില്ലാതെ ,നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ആസ്വദിക്കാവുന്ന ചിത്രം.

Comments
Post a Comment