അധികാരങ്ങൾ പൂക്കുന്ന കാലം



അധികാരങ്ങൾ പൂക്കുന്ന കാലം

No one can be perfectly free till all are free , No one  can be perfectly moral till all are moral , No one  can be perfectly happy till all are  happy .

പ്രമുഖ ഇംഗ്ലീഷ് തത്വചിന്തകനും  സാമൂഹ്യ ശാസ്ത്രജ്ഞനുമായ  ഹെർബർട് സ്പെൻസർ 1851 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ social statics ,എന്ന പ്രശസ്തമായ ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുകയുണ്ടായി 
ഒരു സാമൂഹ്യജീവി എന്ന നിലക്ക് ഒരു മനുഷ്യൻ എപ്രകാരം മറ്റൊരാൾക്ക് കണ്ണിയായ് വർത്തിക്കുന്നുവോ അപ്രകാരം ഒരു ജനതയെന്ന നിലക്ക്  അത് പ്രാധാന്യമുള്ളതാകുന്നു എന്ന സാമാന്യയുക്തിയാണ് ആ നിരീക്ഷണത്തിന്റെ അന്തർധാര.

ഗോത്ര പാരമ്പര്യത്തിൽ നിന്ന് മാറി പരിഷ്കൃതമായ ഒരു ഭരണരീതിയെ കുറിച്ച്  ലോകം ചിന്തിക്കാൻ തുടങ്ങിയ കാലത്ത് പ്രഥമസ്ഥാനത്തു വന്ന പദ്ധതിയായിരുന്നു ജനാധിപത്യമെന്നത് .എപ്രകാരം ഞാനൊരു ഉടമയായിരിക്കില്ലയോ അപ്രകാരം ഞാനൊരു  അടിമയുമാകില്ലെന്ന എബ്രഹാം ലിങ്കണെ പോലുള്ള ദീർഘദൃഷ്ടിയുള്ള മനുഷ്യസ്നേഹികളുടെ പ്രഖ്യാപനങ്ങളുടെ തണലിലായിരുന്നു ലോകമെങ്ങും ജനാധിപത്യ സമ്പ്രദായത്തിലുള്ള ഭരണരീതിക്കായ് മുറവിളിയുയർന്നത്. ആര് തങ്ങളെ ഭരിക്കണമെന്നതിനുള്ള വിവേചനാധികാരം ബാലറ്റ് മുഖേന നിക്ഷിപ്തമായതിലുള്ള ആഹ്ലാദമായിരുന്നു പുത്തൻ മുദ്രാവാക്യങ്ങളിലൂടെ പലയിടങ്ങളിലും ജനങ്ങൾക്ക്  ജനാധിപത്യത്തിന്റെ അസ്ഥിവാരം പണിയാൻ പ്രേരണയായത് .കിരീടവും ചെങ്കോലും അക്രോപോളിസുകളുമൊക്കെ ഇന്നും  ഭൂഖണ്ഡത്തിന്റ നാനാദിക്കുകളിലുണ്ടെങ്കിലും മനുഷ്യാവകാശ സംരക്ഷണമടക്കമുള്ള വിഷയങ്ങളിൽ പ്രാചീനകാലത്തെ വെല്ലുന്ന അപരിഷ്കൃത ശിക്ഷാ - ഭരണ രീതികൾ അവിടങ്ങളിൽ അരങ്ങു  വാഴുന്നത് നാം കാണുന്നുണ്ട് . ആശ്വാസമായി നാം നമ്മെ തന്നെ കാണുകയായിരുന്നു .എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അടിയന്തിരാവസ്ഥ കാലം  തൊട്ടിങ്ങോട്ട് സൂക്ഷ്മമായ് നിരീക്ഷിച്ചാൽ ജനാധിപത്യതോണിയെ മുക്കാൻ പോന്ന ഓട്ടകൾ ധാരാളം കണ്ടു തുടങ്ങുന്നു എന്നത് നമ്മെ അലോസരപെടുത്തേണ്ടതുണ്ട്


ജനാധിപത്യത്തിന്റെ ഉത്തമമാതൃകയെന്ന് ഉദ്ഘോഷിക്കപ്പെടുന്ന ഇന്ത്യയെന്ന  ഒരു ബൃഹത് രാജ്യത്ത് ,പാർലമെന്റിൽ ആരോഗ്യകരമായ ചർച്ച പോലും നടക്കാതെ ബീജാവാപം ചെയ്യപ്പെട്ട UAPA പോലെയുള്ള കരിനിയമങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പെൻസറുടെ ഉദ്ധരണി ജനാധിപത്യത്തിൽ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിനു പകരം നിർജീവവുo പൊള്ളയുമായ ഒന്നായ്  മാറുന്നത്. ആ പൊള്ളത്തരത്തിൻമേൽ പടുത്തുയർത്തപ്പെട്ട വ്യാജസ്തുതികളെ ചോദ്യം ചെയ്യുന്ന ഒരു കലാസൃഷ്ടി എന്ന  നിലക്കാണ്  ഡോ:  ബിജു രചനയും സാക്ഷാത്കാരവും നിർവ്വഹിച്ച '' കാടു പൂക്കുന്ന നേരം'' കാലത്തെ  അടയാളപ്പെടുത്തുന്ന ഒരു സമരമായ് മാറുന്നത്

ഭരണകൂടത്തിന്റെ നെറ്റി ചുളിക്കുന്ന ആരേയും  അറസ്റ്റ് ചെയ്ത്  ജാമ്യം പോലും നിഷേധിച്ച്  അവരുടെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന അംഗീകൃത നടപ്പു രീതിയുടെ ചുരുക്കപ്പേരാണ് ഇന്ത്യനവസ്ഥയിൽ യു.എ.പി.എ . ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം എന്തു തന്നെയായാലും എതിർ സ്വരങ്ങളുടെ കഴുത്തിന് പിടിക്കാൻ തങ്ങളെ കൊണ്ടാവും വിധം രാഷട്രീയ പാർടികൾ മത്സരിക്കുന്നതിന്റെ പരിണത ഫലമെന്നോണമാണ് മാവോയിസ്റ്റുകളെന്ന പേരിൽ ദളിത്-ആദിവാസി ക്ഷേമതത്‌പരരും ആക്ടിവിസ്ടുകളും പരിസ്ഥിതി വാദികളും തീവ്രവാദവേട്ടയെന്ന പേരിൽ മുസ്ലീം നാമധാരികളും സോഷ്യൽ മീഡിയയിൽ നിർഭയമായ് അഭിപ്രായം രേഖപ്പെടുത്തുന്നവരുമൊക്കെ  എളുപ്പത്തിൽ കാരാഗൃഹത്തിലടക്കപ്പെടുന്നത് .അതിന്റെ തുടർച്ചകളിലാണ് ഈ ചിത്രത്തിന്റെ വളർച്ച

സർക്കാറിന്റെ ഭക്ഷ്യധാന്യ സൂക്ഷിപ്പു കേന്ദ്രത്തിൽ നിന്ന് മൂന്നാലു  ചാക്ക് അരി മോഷണം പോയതിനെ തുടർന്ന് സമീപ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന നിഗമനത്തിൽ ,ആദിവാസികുട്ടികൾക്കായുള്ള ഒരു പഴഞ്ചൻ സ്കൂളിൽ പോലീസ് സംഘം തമ്പടിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്.  തങ്ങളുടെ പഠനകേന്ദ്രം പോലീസ് ക്യാമ്പായതിൽ കുട്ടികൾക്കും അവിടത്തെ ആകെയുള്ള രണ്ട് അദ്ധ്യാപകർക്കും അമർഷമുണ്ട് .ഇടയിൽ ,പോലീസ് ഗോബാക്കെന്ന മുദ്രാവാക്യവും ആരോ ചുവരിൽ എഴുതി വെക്കുന്നതോടെ അവിടത്തെ മാവോയിസ്റ്റു സാന്നിദ്ധ്യത്തെ കുറിച്ചുള്ള ചിന്ത പോലീസുകാരിൽ  രൂഢമൂലമാവുകയാണ്. എന്നാൽ എന്താണ് മാവോയിസമെന്നോ എന്തിനാണ് അതിന്റെ പേരിൽ ആദിവാസി - ദളിത്-പരിസ്ഥിതി ആക്ടിവിസ്ടുകളെ പീഡിപ്പിക്കുന്നതെന്നോയുള്ള ചോദ്യങ്ങൾക്ക് പോലീസുകാർക്ക് തന്നെ ഒരു നിശ്ചയവുമില്ലെന്ന സാമാന്യജനത്തിന്റെ ആശങ്ക ഈ ചിത്രവും യുക്തിഭദ്രമായ് പകർത്തിവെക്കുന്നുണ്ട് .രാത്രിയിൽ ക്യാമ്പിന്റെ ചുവരിൽ പോസ്റ്ററൊട്ടിക്കാനെത്തിയവരെ പിന്തുടർന്നോടിയ ഒരു പോലീസുകാരൻ ഒടുക്കം അതിന്റെ കാരണക്കാരിയെ പിടികൂടുന്നുവെങ്കിലും കാട്ടിൽ നിന്ന് പുറത്തേക്കുള്ള വഴിയറിയാൻ അയാൾക്ക് അവളെ തന്നെ ആശ്രയിക്കേണ്ടി വരുന്നു.  ആ യാത്രയിൽ അയാളിൽ നിറയുന്ന ബോധവും ബോധ്യങ്ങളുമാണ് " കാടു പൂക്കുന്ന നേര"ത്തിന്റെ പ്രമേയം



ഇന്ദ്രജിത്തും റിമ കല്ലിങ്കലും മേൽപ്പറഞ്ഞ കഥാപാത്രങ്ങളായ് നിറയുന്ന ചിത്രത്തിൽ ഇവർക്കാർക്കും തന്നെ പേരുകളില്ല. പേരു ചോദിക്കുന്ന ഈ പോലിസുകാരനോട് മാവോയിസ്റ്റ് എന്നല്ലേ നിങ്ങൾക് എളുപ്പമുള്ള  പേരെന്ന് അവൾ ചോദിക്കുന്നു. മാത്രവുമല്ല  എന്റെ പേരും ചോദിച്ചില്ലല്ലോ എന്ന് വിലപിക്കുന്ന .പോലീസുകാരനോട് ഈ തൊപ്പിയും യൂനിഫോമും അണിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കെല്ലാവർക്കും ഒറ്റപേരെയുള്ളുവെന്നും അവൾ പറയുന്നു .ഫുഡ് കോർപ്പറേഷന്റെ ഗോഡൌണുകളിൽ Sൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ പുഴുവരിക്കുമ്പോൾ ആദിവാസികൾക്ക് അർഹതപ്പെട്ടത്  കിട്ടാതെ വരുന്നിടത്ത് മോഷണം അനിവാര്യമായ് തീരുകയാണെന്ന വിശദീകരണത്തിനും സർക്കാർ പ്രതികം എന്ന നിലക്ക് തലകുനിക്കേണ്ടി വരുന്നുണ്ട് അയാൾക്ക്. ക്യാമ്പ് മുറിയിലേക്ക് ജിജ്ഞാസ കാരണം കടന്നു പോയ കുട്ടികളെ ഉപദ്രവിക്കുന്ന ക്യാമ്പ് ഓഫീസറോട്    (പ്രകാശ് ബാരെ ) പ്രധാന അദ്ധ്യാപകൻ (ഇന്ദ്രൻസ് ) പറയുന്നത്, കുട്ടികളല്ല നിങ്ങൾ പോലീസുകാരാണ് അവരുടെ ഇടത്തിലേക്ക് അതിക്രമിച്ചു കയറിയതെന്നാണ് .പിന്നീട് പഞ്ചതന്ത്രം കഥയിലെ മുയലിന്റെയും മരംകൊത്തിയുടേയും മാർജാരന്റെയും കഥ കൂടി വിശദീകരിച്ചു കൊണ്ട് ആ ' അതിക്രമ സിദ്ധാന്ത'ങ്ങളെ പുനർവായിക്കുന്നുണ്ട് ഇതേ അദ്ധ്യാപകൻ .കാട്ടിലക്കപ്പട്ടതിനെ തുടർന്ന് കാണാതായ തങ്ങളുടെ സഹപ്രവർത്തകൻ കൊല്ലപ്പെട്ടു എന്ന നിഗമനത്തിൽ കുറേ ആദിവാസി പുരുഷൻമാരെ  അറസ്റ്റു ചെയ്തു റിമാൻഡ് ചെയ്തിട്ടുണ്ടെന്ന വീരവാദം ,തിരിച്ചെത്തപ്പെട്ട  പോലീസുകാരനോട് ഒട്ടും നാണമില്ലാതെ വിളമ്പുന്നിടത്താണ് ഈ നിയമങ്ങളെല്ലാം ആർക്കു വേണ്ടിയാണെന്ന ആ  ആക്ടിവിസ്റ്റി (റീമ)ന്റെ ചോദ്യം ഭരണകൂടങ്ങളുടെ കർണ്ണപുടങ്ങളിൽ പ്രകമ്പനം തീർക്കുന്നത് .

നിരവധി അന്താരാഷ്ട്ര മത്സരചിത്ര വിഭാഗങ്ങളിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ,ഡോ:  ബിജുവിന്റെ ,കലാകാരൻ എന്ന നിലക്കുള്ള ഉത്തരവാദിത്വത്തിന്റെ മകുടോദാഹരണമാണ് .ഇതിവൃത്തത്തോടുള്ള അനിതരസാധാരണമായ നിരീക്ഷണബുദ്ധിക്ക് ജീവസ്സുറ്റ തിരക്കഥ തന്നെ സാക്ഷ്യം. പൊലിമ ഒട്ടുമില്ലാതെ ഒരു മൂന്നാംകണ്ണിലൂടെ ആ കാടിനേയും കാട്ടുവാസികളേയും പോലീസുകാരെയും പകർത്തിയെടുത്ത എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണ മികവ് എടുത്ത് പറയേണ്ടതുണ്ട് .കാഴ്ചയിൽ , സഹപ്രവർത്തകരോട് സഹാനുഭൂതിയുള്ളവനായും മറ്റുള്ളവരോട് ധാർഷ്ട്യത്തിലും പെരുമാറുന്ന ക്യാമ്പ് ഓഫീസറായ് പ്രകാശ് ബാരെയും ഇരുത്തം വന്ന മുതിർന്ന അദ്ധ്യാപകനായ് ഇന്ദ്രൻസും കാസ്റ്റിംഗിന്റെ മാറ്റു കൂട്ടുന്നു. റീമയും ഇന്ദ്രജിത്തും ഇതുവരെ അവതരിപ്പിച്ച വേഷങ്ങളിൽ നിന്ന്  പൂർണ്ണമായും വേറിട്ടു നിൽക്കുന്നു ഇതിലെ കഥാപാത്രങ്ങൾ .  കൊമേഴ്സ്യൽ പെർഫക്ഷനിസ്റ്റുകളുടെ   ക്ലോസപ്പ് ഭാവപ്രകടനത്തിൽ നിന്ന് , പരിസരമാവശ്യപ്പെടുന്ന മധ്യവർത്തി പെരുമാറ്റ അഭിനയ രീതിയിൽ താരങ്ങളല്ലാതെ ഇരുവരേയും കണ്ടു കൊണ്ടിരിക്കാൻ സിനിമാ തണലിന്റെ ഒരു സുഖമുണ്ട് .

ഇന്നിന്റെ അനിവാര്യമാണ് ഈ സിനിമ .വായിക്കുന്നവരേയും ഉറക്കെ സംസാരിക്കുന്നവരേയും രാജാവ് മാത്രമല്ല രാജ്യവും   നഗ്നമാണെന്ന് വിളിച്ചു പറയുന്നവരേയും എളുപ്പം രാജ്യദ്രോഹിയാക്കാൻ കഴിയുന്ന ഒരു അധികാരം പൂത്ത കാലത്ത്  ചൂണ്ടുപലകയാവേണ്ട ഉദ്യമം

Comments