ലീല





 ആൺഹുങ്കിന്റെ ലീലകൾ



മതവും മദപ്പാടുകളും നിറഞ്ഞ മീശപിരിയൻ ആൺകോയ്മകളുടെ ആഘോഷവരവിനെ വർത്തമാനകാലത്തെ ആദർശ കാപട്യങ്ങളുമായ് ചേർത്ത് വച്ച് അസ്വസ്ഥപ്പെടുത്തുന്ന ഒരു സിനിമയാണ് രഞ്ജിത് സംവിധാനം ചെയ്ത 'ലീല'. 

അദ്ദേഹത്തിന്റെ പൂർവ്വകാല ചിത്രങ്ങളിൽ നിന്ന് പൂർണ്ണമായ് മാറി നടക്കുന്ന ഈ സൃഷ്ടി പക്ഷേ ,മലയാള സിനിമയെന്നാൽ ഇന്നയിന്ന ചിട്ടവട്ടങ്ങൾ മാത്രമേ പാടുള്ളുവെന്ന് തീട്ടൂരമിറക്കുന്ന പഴയ ആനപ്പുറത്തഴമ്പുള്ള മാടമ്പി സിനിമാസ്വാദകരുടെ നെറ്റിയിൽ മുഷിച്ചിലിന്റെ ചുളിവുകൾ വരയ്ക്കുന്ന തരത്തിലുള്ളതാണ്.


ഇടക്കാലത്തെ മോഹൻ ലാലിന്റെ ഫ്യൂഡൽ കഥാപാത്രങ്ങളുടെ ഒരു ഹാങ്ഓവർ കുട്ടിയപ്പന്റെ പാത്ര നിർമിതിയിൽ അറിയാതെയെന്നോണം കടന്നു കൂടിയിട്ടുണ്ട്.കൂടാതെ ' മേരിക്കുണ്ടൊരു കുഞ്ഞാടി'ന് ശേഷം ബിജുമേനോൻ ചെയ്ത നിരവധി കഥാപാത്രങ്ങളുടെ ശരീരഭാഷയും കടം കൊള്ളുന്നതിനാൽ  അദ്ദേഹത്തിന്റെ അഭിനയത്തിന് പറയത്തക്ക ചുഴികളോ ശ്രേഷ്ഠതയോ അവകാശപ്പെടാനില്ലെന്ന് പറയാം. പക്ഷേ അങ്ങനെയല്ല കുട്ടിയപ്പന്റെ സ്ഥിതി .ലോകത്തിലെ സകലമാനകാര്യങ്ങളും അതീവ ലാഘവത്തോടെ നോക്കിക്കാണുന്ന അയാൾ കുറേ വിചിത്രസ്വഭാവങ്ങളുള്ള വ്യക്തിയാണ്. പാരമ്പര്യമായ് വന്നുചേർന്ന വൻ സമ്പത്തിന്റെ ബലത്തിൽ ജീവിതം ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുന്നയാൾ. തന്റേടവും അലസതയും എടുത്തു ചാട്ടവുമൊക്കെ ഒരേ സമയം പ്രതിഫലിപ്പിക്കുന്ന കുട്ടിയപ്പൻ യഥാർത്ഥത്തിൽ ദുർബലനാണെന്നതിന് ചിത്രത്തിൽ ഒരുപാട് സൂചനകളുണ്ട് .അത് മറയ്ക്കാനാണ് ചിന്താശേഷിയില്ലാത്ത നാവിന്റെ ലീലാവിലാസങ്ങളെ അയാൾ അമിതമായ് ആശ്രയിക്കുന്നത്. മലയാളിയുടെ അഥവാ പുരുഷ പ്രകൃതിയുടെ ആദർശഗോപുരത്തിന്റെ നാനാർത്ഥങ്ങളിലേക്ക് ഈ മാനറിസങ്ങളെ ചേർത്ത് വയ്ക്കാനായാൽ പിന്നെയീ ചിത്രത്തിന്റെ ആസ്വാദനം സുഖമാണ്.


നിയമപാലകരെ കബളിപ്പിക്കാനായ് മദ്യപാനശേഷം കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് മുതൽ ചിത്രത്തിലെ ഫിനിഷിംഗ് പോയിന്റിലെ മർമത്തിലെത്തുന്നത് വരെ കുട്ടിയപ്പന്റെ അസംഖ്യം സ്വഭാവ വൈചിത്ര്യങ്ങൾ നാം കാണുന്നുണ്ട്. സ്വപ്നത്തിൽ കാണുന്നതെന്തും നടപ്പിൽ വരുത്താനുള്ള അയാളുടെ ആഗ്രഹങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുനത്. പക്ഷേ അതിലൊന്നും ഒരിക്കൽ പോലും കടന്നു വന്നിട്ടില്ലാത്ത ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ അയാൾ തയ്യാറാവുകയാണ്. ആ ഒരൊറ്റ ആശയത്തിൽ മാത്രമാണ് 'ലീല'യിൽ മലയാള സിനിമയുടെ പ്രേതാത്മാവിനെ കാണാനാവുക.
കാര്യസാദ്ധ്യത്തിനായ് ലൈംഗിക തൊഴിലാളികളെ ആശ്രയിക്കുകയും പിന്നീടവരെ മാറി നിന്ന് കല്ലെടുത്തെറിയുകയും ചെയ്യുന്ന ആൺ പ്രജാ സമൂഹത്തിന്റെ ഒരു പ്രതിനിധിയായ് മാറുകയാണ്; അങ്ങനെയല്ലെന്ന് കാണിക്കാനായ്, വാർദ്ധക്യം ബാധിച്ച് തുടങ്ങിയ അവരിൽ ചിലരെ പൊന്നാടയണിയിച്ച് ആദരിക്കാൻ സ്വയം തയ്യാറായിട്ടും കുട്ടിയപ്പൻ. നന്നെന്ന് കരുതി അയാളുടെ നാവുരുവിടുന്നതൊക്കെ മാന്യത ചമയുന്ന പുരുഷ സ്വഭാവത്തിന്റെ രൂപകമെന്നോണം അശ്ലീലമാണെന്ന്  ,'ആദരിക്കപ്പെട്ട ' ഒരു സ്ത്രീ പറയുമ്പോൾ മാത്രമാണ് അയാളറിയുന്നത്. അനുബന്ധമായ് അവരെറിയുന്ന ചോദ്യങ്ങളൊക്കെ അയാളുടെ ശിരസ് മാത്രമല്ല പ്രേക്ഷകന്റെ ശിരസ്സും കുനിക്കുന്നുണ്ട്. ആ ചോദ്യങ്ങളിലെ താപമാകട്ടെ, ആണധികാരം വാഴുന്ന സകല ലോകങ്ങളിലും ബാധകമായ ഏകശിലാബിംബങ്ങളെ ഒട്ടൊന്നുമല്ല ഉലയ്ക്കുന്നത് .ഉത്തരം മുട്ടുമ്പോഴും സങ്കടം വരുമ്പോഴും കണ്ണുകൾ സൺഗ്ലാസ്സുകൊണ്ട് മറയ്ക്കാൻ കുട്ടിയപ്പൻ പ്രേരിതനാവുന്നതും  നമ്മൾ പുറംതിരിഞ്ഞ് കളയുന്നതും അത് കൊണ്ടാണ്.


പണം, അല്ലെങ്കിൽ അധികാരം ഇവ കൈയാളുന്ന ലോകമെങ്ങുമുള്ള ആണുങ്ങളുടെ ഒരു മിനിയേച്ചർ പതിപ്പ് തന്നെ കുട്ടിയപ്പൻ. തന്റെ ഇംഗീതത്തിനനുസരിച്ച് സ്ത്രീയെ ട്രപ്പീസുകളിക്ക് സജ്ജമാക്കാനാഗ്രഹിക്കുന്ന ഒരു ശരാശരി ആൺബോധത്തെ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകരിലേക്ക് പ്രവഹിപ്പിക്കുകയാണ് ആർ ഉണ്ണിയും രഞ്ജിത്തു0 .കുട്ടിയപ്പന്റെ ദൗർബല്യം പെണ്ണും മദ്യവുമാണെന്നറിഞ്ഞിട്ടും അയാൾക്കൊപ്പം സദാ അനുഗമിക്കുന്ന വിജയരാഘവന്റെ കഥാപാത്രമായ 'നല്ല' നായർ ഇടക്കെങ്കിലും തന്റെ കൗമാരക്കാരിയായ മകളെയോർത്ത് വേവലാതിപ്പെടുന്നുണ്ട്. അതിലുമപ്പുറം അയാൾക്ക് കുട്ടിയപ്പനോടുള്ള  (അധികാരം) അടിമബോധമാണ് സഹജമായുള്ളത്. ഇന്ദ്രൻസിന്റെ പിമ്പും സ്വന്തം മകളെ പീഡിപ്പിച്ച് പിന്നീട് വില്പനക്ക് കൊണ്ടു നടക്കുന്ന ജഗദീഷിന്റെ കഥാപാത്രത്തിനുമൊക്കെ ഇങ്ങനെ നമ്മുടെ നാട്ടിൽ നിരവധി ഉടമസ്ഥരുണ്ട്. അധികാര ശ്രേണിയിലേക്കുള്ള ഒരു കുതിച്ച് ചാട്ടത്തിന് എളുപ്പം സ്ത്രീശരീരമാണെന്ന് എന്നേ തിരിച്ചറിഞ്ഞു തുടങ്ങിയ പുത്തൻ കമ്പോള സൂത്രവാക്യങ്ങളുടെ ഉപചാരക വൃന്ദത്തെ കുറിച്ച് ഇത്രയെങ്കിലും അടയാളപ്പെടുത്താനായതിൽ അണിയറപ്രവർത്തകർക്ക് അഭിമാനിക്കാം.


ഒരു പശ്ചാത്തപകണ്ണീർ കൊണ്ട് കഴുകിയാൽ തീരാവുന്ന കറയേ പുരുഷൻമാർക്കുള്ളുവെന്ന അലിഖിത മതബോധത്തെ അരക്കിട്ടുറപ്പിക്കുകയാണ് മകളെ പീഡിപ്പിച്ച അഛന്റെ ഒരു വേളയിലെ കണ്ണുനീർ. ചെയ്ത് പോയ തെറ്റിന് മദ്യത്തെ പഴിചാരുന്നതിലൂടെ സ്വയം വിശുദ്ധനാകുന്ന ഈ മനുഷ്യന്റെ പ്രതിനിധികളൊന്നും തന്നെ ഒരു പെണ്ണിന്റെ കുമ്പസാരത്തോട് അനുകമ്പ പ്രകടിപ്പിക്കാറില്ല. ഇത് ലിംഗനീതിയുടെ മാത്രമല്ല, നേരത്തെ പറഞ്ഞ അധികാര പങ്കാളിത്തതോടൊപ്പം തന്നെ ഭേദഗതികളനുവദിക്കാത്ത മതചിട്ടകളുടെ കൂടി കൽപ്പനയാണ്.പിമ്പായിട്ടും എപ്പോഴും ഈശ്വരനെ സേവിച്ച് നടക്കുന്ന കഥാപാത്രം 'ഇന്നെന്തേ തിരക്ക് കുറവാണോ ' എന്ന് ഭംഗിയായ് കുശലാന്വേഷണം നടത്തി ഈശ്വരന്റെ പ്രീതി ബോധ്യപ്പെടുത്തുന്നയാളാണ്. മതവും സമൂഹവും തങ്ങൾക്ക് നൽകിയ ഇളവുകളെ അറിഞ്ഞാസ്വദിക്കുന്നവരാണ് ഇതിലെ പുരുഷ കഥാപാത്രങ്ങൾ. ക്രിസ്തുവിനും അല്ലാഹുവിനും കൃഷ്ണനും ഗുരുവായൂരപ്പനുമൊക്കെ സദാ സ്തുതി പറയുന്ന കുട്ടിയപ്പന് പക്ഷേ ജീവിതത്തിൽ മതചിട്ടയോ മതിലുകളോ ഒന്നുമില്ലെങ്കിലും ചിത്രത്തിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ മതാടയാളങ്ങളുണ്ട്.


എടുത്തു പറയാവുന്ന മറ്റൊരു കാര്യം, ഈ ചിത്രത്തിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന നാമുൾപ്പെടുന്ന സമൂഹത്തിന്റെ കുറ്റബോധഗ്രസ്തമായ തലതാഴ്ത്തലുകൾക്ക് ക്ലൈമാക്സ് ശക്തമായ ആഘാതമേൽപ്പിക്കുന്നു എന്നതാണ് .ആനയുടെ തുമ്പികൈയിൽ ചാരി നിർത്തി ഒരു സ്ത്രീയെ ഭോഗിക്കണമെന്ന കുട്ടിയപ്പന്റെ ഭ്രാന്തൻ ചിന്തയുടെ സഫലീകരണമെന്നത് ആ കഥാപാത്രത്തിന്റെ മാത്രമായ സ്വഭാവവൈചിത്ര്യമായ് ചുരുക്കി കളഞ്ഞാൽ അതോടെ, 'ലീല'യിൽ കലയെന്ന സൗകുമാര്യത്തിന്റ നൈരന്തര്യയും ധ്യാനവും നഷ്ട്ടപ്പെട്ടേക്കും. ആൺ ഭോഗ തൃഷ്ണയുടെ പാരമ്യമാണ് അവിടെ ആന - പെണ്ണ് _ ഭോഗം -സാക്ഷി ഘടകങ്ങളിലൂടെ അനാവൃതമാകുന്നത്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കിയെടുക്കുന്നവർക്ക് ചിത്രാന്ത്യത്തിലെ ശുഭപര്യവസാനിയായ രംഗമെത്തുമ്പോൾ കുറ്റബോധം ആശ്വാസത്തിന് വഴിമാറുകയും തൊട്ടടുത്ത നിമിഷം ഇതേ സീൻ പ്രേക്ഷകനെ പിടിച്ചുലയ്ക്കുകയും ചെയ്യും.വിവരണത്തിന് അതീതമായ ആ രംഗം അനുഭവിച്ചറിയേണ്ട സൗന്ദര്യവും നീറ്റലുമാണ്.


വാണിജ്യമെന്നും സമാന്തരമെന്നും മതിലുകൾ കെട്ടിയ മലയാള സിനിമയുടെ കാഴ്ചാശീലക്കൾക്കിടയിലെ വിടവിൽ സിനിമയൊരുക്കിയാണ് രഞ്ജിത്ത് എന്ന സംവിധായകൻ വേറിട്ട് നിൽക്കുന്നത്. ആ വിടവിലെ കലാരൂപങ്ങൾക്ക് അവാച്യമായ ഒരു ചാരുതയുണ്ട്., വ്യാഖ്യാനതലങ്ങളുണ്ട്.ഇവിടെ ലീല'യിലെത്തുമ്പോൾ നായിക പൂർണ്ണമായും മൗനിയാവുന്നതിന്റെ പിന്നിലും അത്തരമൊരു ഭാവതലമുണ്ടെന്ന് സ്പഷ്ടം .പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ താക്കീതിന്റെ സ്വരത്തിൽ അഛായെന്ന് മാത്രമാണ് അവളാകെക്കൂടി ഈ ചിത്രത്തിൽ പുറപ്പെടുവിക്കുന്ന ശബ്ദം. ശബ്ദമുണ്ടായിട്ടും അതുയർത്താനാകാത്ത അല്ലെങ്കിൽ അടിച്ചമർത്തേണ്ടി വരുന്ന ദുർബല വിഭാഗമായ്, ജനാധിപത്യത്തിന്റെ ഗരിമയെ കുറിച്ച് മംഗളഗീതങ്ങൾ അസംഖ്യം പറക്കുന്ന ഈ കാലഘട്ടത്തിൽ ആ മൗനത്തിന് പക്ഷേ ഒരു സമരത്തിന്റെ ചാട്ടുളി വീര്യമുണ്ട്.
കുട്ടിയപ്പന്റെ ശരീരത്തിനും മനസ്സിനും എന്തുകൊണ്ടും യോജിക്കുന്ന കാസ്റ്റാണ് ബിജുമേനോന്റേത്. ജഗദീഷും ഇന്ദ്രൻസും വിജയരാഘവനും ഈ ചിത്രത്തിൽ അവരുടെ സാമ്പ്രദായിക താരപരിണാമ ശൈലിക്കപ്പുറത്ത് നിറഞ്ഞാടി നിൽക്കുന്നുണ്ട്. മൗനത്തിലും നോട്ടത്തിലും നൂറു ഭാവങ്ങൾ ഒളിപ്പിച്ച പാർവ്വതി നമ്പ്യാർ ഉജ്ജ്വല പ്രകടനമാണ് 'ലീല'യായ് കാഴ്ചവെക്കുന്നത്. ചെറിയ ചെറിയ പ്രതീകങ്ങളിലൂടെ പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന വിധം രംഗങ്ങൾ കോർത്തിണക്കുന്നക്കുന്നതിൽ രഞ്ജിത് കാണിച്ച വൈഭവം സവിശേഷ ശ്രദ്ധയാകർഷിക്കേണ്ടതാണ്. കുട്ടിയപ്പന്റെ ജീപ്പിന് മുന്നിൽ സദാ തൂങ്ങി കിടക്കുന്ന അത്തരത്തിലൊരു ബിംബമായ സിഗരറ്റ് ലൈറ്റർ;അഗ്നിക്കിരയാക്കേണ്ടുന്ന ഒരു പുരുഷാധിപത്യ വ്യവസ്ഥിതിയുടെ മീതെയുള്ള ഡമോക്ലസിന്റെ വാളായ് രൂപാന്തരം പ്രാപിക്കുന്നതായ് ചിത്രത്തോടൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകന് അനുഭവപ്പെടും


ഗ്രാവിറ്റിയും മാഡ് മാക്സ് ഫ്യൂരിറോഡ്സുമൊക്കെ കണ്ട് ഭ്രമിച്ച ആഗോള പ്രേക്ഷകനെ ആശയത്തിലെ തീവ്രതയും ആത്മാർത്ഥതയും കൊണ്ട് കണ്ണുതുറപ്പിക്കുന്ന ലളിതമായ മലയാളത്തിന്റെ മറുപടിയാണ് ഒരർത്ഥത്തിൽ ലീല. അരിച്ചാക്കിന്റെ പരസ്യത്തിന് പോലും അർദ്ധനഗ്നകളായ സ്ത്രീകളെ പാമ്പിനെ പോലെയിഴയിച്ച് പുരോഗമനവും സമത്വവും പറയുന്ന 'നവ നിക്കർ ' സിനിമാ പിടുത്തക്കാരേക്കാളും ചങ്കുറ്റം ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രകടിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ മലയാള സിനിമാ ചരിത്രത്തിൽ ലീലയും ഇടം പിടിക്കുമെന്നതിൽ തർക്കമില്ല.

Comments