a walking talk with Rethy devi (part 1)

ഗുൽമോഹർ  വിപ്ലവത്തെ വരയ്ക്കുമ്പോൾ .... 


ആകാശം മുട്ടെ വളരുന്ന ഒരു ബോൺസായ് ചെടി ..., ചാട്ടവാറിൽ  അച്ചടക്കം  കാംക്ഷിക്കുന്ന വിപ്ലവകാരി .., പ്രകൃതിയുടെ നെഞ്ച് തുരന്ന് മാറത്തടിക്കുന്നവർ .., മനുഷ്യനും മൃഗങ്ങൾക്കും കഴുത്തിലേക്കായ്  ഒരേ ആയുധം പണിയുന്നവർ .., അതിർത്തികൾ മായ്ച്ച് പൂന്തോട്ടം നിർമിക്കുന്നവർ ..., നിറങ്ങൾക്ക് അർത്ഥമില്ലെന്ന പതിനൊന്നാം കൽപ്പന .., പെണ്ണിനെ സ്നേഹാദരങ്ങളോടെ പുണരുന്ന പന്ത്രണ്ടാം മണിക്കൂർ .. വൈരുദ്ധ്യങ്ങളുടെ സഹയാത്രികരാണ് മലയാളികൾ . കെട്ടുകാഴ്ചകളെ സ്തുതി കൊണ്ട് മൂടി ഉദാത്തമായതിനെ കണ്ട് കോട്ടുവായിടുന്ന ഒരു സമൂഹം .അയൽപക്കത്തെ അംഗീകരിക്കാത്ത ജനിതകവൈകല്യത്തിന്റെ ചുരുക്കപ്പേര് 

.
ആ കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു ചിലർ . അവർ ചിരിക്കേണ്ടുന്ന സമയത്ത് ചിരിക്കും ,കരയേണ്ടിടത്ത് കരയും ,പരിഭവിക്കേണ്ടിടത്ത്‌ പരിഭവിക്കും . അവർക്ക് മനുഷ്യരെ മനസ്സിലാക്കാനൊക്കും ,കൺ നനവിന്റെ മന:ശാസ്ത്രമറിയും .അത്തരത്തിലൊരു വ്യക്തിയെ അറിഞ്ഞതിന്റെ സന്തോഷമുണ്ട് എനിക്ക് .സാഹിത്യ മുറ്റത്തിറങ്ങിപ്പോയി എന്ന വലിയൊരപരാധം അവർ മന: പൂർവം ചെയ്തു. അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്തു .,വേറിട്ട ക്രാഫ്റ്റുകൊണ്ട് സുഗന്ധം പൂശി ., പരിധികളുടെ ആൺലാത്തികളെ ധിക്കരിച്ചു ..ലക്ഷ്മി രതീദേവി എന്ന മുഴുവൻ പേരുകാരിയോട് ഇഷ്ടം തോന്നാൻ കാരണങ്ങളേറെ .മഗ്ദലീനയുടെ (എന്റേയും ) പെൺസുവിശേഷം എന്ന അവരുടെ  നോവൽ മാൻബുക്കറിന്റെ വാതിൽക്കൽ വരെ എത്തി .മാജിക്കൽ റിയലിസം കൊണ്ട് ആണധികാരങ്ങളുടെ വിശാല നെറ്റിത്തടങ്ങളിൽ വിള്ളലുകൾ വീഴ്ത്തുന്നു ആ കൃതി.

അതിനേക്കാളൊക്കെയേറെ ,ശൈശവ സഹജമായ നിഷ്കളങ്കതയും വികൃതിയും നൻമയും സൗന്ദര്യവുമുണ്ട്  അവരുടെ ഭാഷണത്തിന് . നോവലിന്റെ വായനാനന്തരം അകപ്പെട്ടുപോയ ദാർശനിക അരക്കില്ലത്തിന് ,രാഷ്ട്രീയപരമായ ഒരു തുടർച്ച അനിവാര്യമാണെന്ന് തോന്നി . അവർക്കും സമ്മതം .ഒരിന്റർവ്യൂ എന്ന സങ്കൽപ്പം ഈ കുറിപ്പുകൾക്ക് കൊടുക്കുകയേ വേണ്ട. മറിച്ച് ,ഇതൊരു ദീർഘ സംഭാഷണം മാത്രമാണ് .നോവലും ജീവിതവും രാഷ്ട്രീയവും ഭരണകൂsങ്ങളും ലൈംഗികതയും പുരുഷനും സ്ത്രീയും പുല്ലും പുഴുവും ഉൻമാദവും ഒക്കെ ക്രമത്തിലും ക്രമവിരുദ്ധമായും വികസിക്കുന്ന അച്ചടക്കരഹിതമായ ഒരു ദീർഘസംഭാഷണം .അതിന്റെ ഒന്നാം ഭാഗം .
( സതീഷ് പി ബാബു)

Q:  മലയാളത്തിന്റെ പ്രിയ കഥാകാരിയും കവയിത്രിയും പ്രണയഭാവവുമൊക്കെയായിരുന്നു മാധവിക്കുട്ടി. അവരുടെ ഭാഷയുടെ സുഖവും നിഷ്ക്കളങ്കതയും മൂർച്ചയുമുണ്ട് രതീദേവിയുടെ എഴുത്തിനെന്ന് തോന്നിയിട്ടുണ്ട് 


രതീദേവി:  'ഓക്കുമരങ്ങൾ  എന്നോട് പറഞ്ഞത് ' എന്ന പംക്തി വായിച്ച പലരും പറഞ്ഞു ,മാധവികുട്ടിയുടെ എഴുത്ത് പോലെ ഒരു ലാളിത്യം രതീദേവിയുടെ എഴുത്തിലും കാണുന്നു എന്ന് .എനിക്കറിയില്ല .അതൊക്കെ മറ്റുള്ളവർ കണ്ടുപിടിക്കുന്നതല്ലേ ...മാധവികുട്ടിയുടെ എഴുത്ത്കുറച്ചൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. 


Q:  മാധവികുട്ടിയെ കുറിച്ച് ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ പ്രസംഗങ്ങളിലൊന്ന് താങ്കളുടേതാണ് .രതീദേവി എങ്ങനെയാണ് മാധവികുട്ടിയെ വായിച്ചതും അറിഞ്ഞതും ..?


(പ്രസംഗത്തിന്റെ വീഡിയോ)

' പക്ഷികളുടെ മണ'മാണ്  അവരുടേതായ്  ഞാൻ ആദ്യം വായിച്ച രചന.അത് വായിച്ചപ്പോഴൊന്നും എനിക്കവരോട്  അത്ര മമതയൊന്നും തോന്നിയിരുന്നില്ല . അക്കാലത്തെ കഥകൾ ഒക്കെ ഒന്ന് മറ്റൊന്നിനോട് സാമ്യമുള്ളവയായിരുന്നു.  ആ സമയത്താണ് മാതൃഭൂമിയിൽ അവരുടെ
ബാല്യകാല സ്മരണകൾ  വരുന്നത്.ആ എഴുത്തിന്റെ ശൈലി അതി മനോഹരമായിരുന്നു.  നാട്യവും പൊങ്ങച്ചവുമൊക്കെ ഉണ്ടായിരുന്നെങ്കിലും (സ്വർണ്ണ പിടിയുള്ള അവരുടെ കുടയെ കുറിച്ച് എഴുതിയതോർക്കുന്നു.) അതിലുപയോഗിച്ച ഭാഷ അതിഗംഭീരമെന്ന് തോന്നിയിരുന്നു.

         അവരുടെ രചനകളിൽ അവരറിയാതെ തന്നെ അവരുടെ ആത്മാവിനെ  അടയാളപെടുത്തുമ്പോൾ ,അതൊരു  സ്ത്രീയുടെ ഉള്ളിലെ തേങ്ങലായ് വിലയിരുത്തപ്പെട്ടിരുന്നു.അവർ  പറഞ്ഞ വാക്കുകൾ ഓർമയുണ്ട്.വീടിനകത്ത് നട്ടുവളർത്തിയ ഒരു ചെടിയെപ്പോലെ ആയിരുന്നു ഞാൻ. എനിക്ക് സുഖമാണോ ദു:ഖമാണോ എന്നൊന്നും അന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ല. അതൊക്കെ ഒരു  സാധാരണ സ്ത്രീയുടെ  വിങ്ങലുകളാണ്.പുരുഷൻമാർക്ക്  ഭക്ഷണമെടുത്ത് കൊടുക്കുന്നു ,വിളമ്പി കൊടുക്കുന്നു, കുറച്ച് കൂടി കഴിക്കൂവെന്ന് പറയുന്നു .പക്ഷേ നീ എന്തു കഴിച്ചൂവെന്ന് വളരെ ചുരുക്കം പുരുഷന്മാരെ ചോദിക്കൂ. അതൊക്കെ  വളരെ സൂക്ഷ്മമായ് മാധവികുട്ടി  എഴുതിയിരുന്നു.


പ്രണയത്തെ കുറിച്ചും ശരീരത്തിന്റെ കാമനകളെ  കുറിച്ചും  അതിന്റെ  പ്രശ്ന പരിസരങ്ങളെ കുറിച്ചുമൊക്കെയാണ് അവർ കൂടുതലും എഴുതിയത് .ഒരു പക്ഷേ പുരുഷനാൽ നിഷേധിക്കപ്പെട്ട പ്രണയവും സ്നേഹവും വീണ്ടെടുക്കാനുള്ള ശ്രമമായിരുന്നു  മാധവികുട്ടിയുടെ എഴുത്ത് . ഫെമിനിസ്റ്റ് എന്ന് ഘോഷിക്കപ്പെടുന്ന   ഇന്നത്തെ ചില പെണ്ണെഴുത്തുകാരുടെ രചനകളെല്ലാം   അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടതാണ് .ശരീരഭാഗങ്ങളുടെ പേരെഴുതി  വെച്ചാൽ മാത്രം അതൊരു ഫെമിനിസ്റ്റ് രചനയാകില്ലല്ലോ .

 മനുഷ്യരിലെ ഏറ്റവും ഉയർന്നതും ഉന്നതവുമായ ഭാവമാണ് പ്രണയമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓരോ മനുഷ്യനിലേയും പ്രണയത്തേയും ലൈംഗികതയേയും വീണ്ടെടുക്കാനുള്ള ശ്രമമാണ് മാധവികുട്ടിയുടെ രചനകളിൽ നമുക്ക് കാണാൻ കഴിയുന്നത്. പ്രണയശൂന്യരായ മനുഷ്യർ സഹജീവികളെ രക്തപ്പുഴയിലൂടെ വലിച്ചിഴക്കും .


പിന്നെ,  ലൈംഗികതയും  പ്രണയവുമൊക്കെ സംബന്ധിച്ച് എഴുതുമ്പോൾ മാധവി കുട്ടി അസാമാന്യ ധൈര്യം പ്രകടിപ്പിച്ചവരാണ്  എന്നു പറയാറുണ്ട്. അതിനൊരു കാരണമായ് എനിക്ക് തോന്നിയിട്ടുള്ളത് കേരളത്തിന്റേത് പോലുള്ള ഒരു പരിസരത്തിൽ  നിന്നു മാറി കൽക്കത്ത പോലെ ഒരു സ്ഥലത്ത് നിലയുറപ്പിച്ചാണ് അവർക്കതിന് സാദ്ധ്യമായത് എന്നാണ് .
എന്തായാലും ഞാനറിയുന്ന മാധവികുട്ടി, സമൂഹം വികസിക്കാത്തതിന്റെ ലക്ഷണങ്ങളെ  കൃത്യമായ് വരച്ചിട്ട ഉന്നതയായ ഒരു സ്ത്രീ തന്നെയാണ് .

Q:   നമുക്ക് മഗ്ദലീനയിലേക്ക് വരാം.ഒരു യാത്രയാണ് മഗ്ദലീനയുടെ പെൺസുവിശേഷം .ബൈബിൾ കാലത്ത് നിന്ന് മഗ്ദലീനയെ ഉയിർത്തെഴുന്നേൽപ്പിച്ച് ഇന്നത്തെ സ്ത്രീകളിൽ സന്നിവേശിപ്പിക്കുന്ന ഒരു യാത്ര. എങ്ങനെയാണ് മഗ്ദലീനയോടൊപ്പം യാത്രയാരംഭിക്കുന്നത് ? അല്ലെങ്കിൽ  ആ കഥാപാത്രത്തോട് ഇത്രമേൽ അടുപ്പം തോന്നാൻ കാരണമെന്താണ് .?





വളരെ സ്വാതന്ത്ര്യമുള്ള ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു എന്റേത് .അഛൻ നല്ല വായനക്കാരനായിരുന്നു. അഛൻ പറയും, അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെടുക്കൽ വരൂ എന്ന് പറഞ്ഞ ജീസസാണ് ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് .




അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്ക് ജീസസിനോട് പ്രണയം തോന്നി. എന്നിട്ടടുത്തതായ് പറയുന്നു മഗ്ദലീനയെ കുറിച്ച് .കുരിശിൽ കിടക്കുമ്പോൾ ചാടിപ്പോയി ജീസസിന് വെള്ളം കൊടുത്ത  അവൾ മിടുമിടുക്കത്തിയാണ്. അങ്ങനെ വേണം പെൺകുട്ടികൾ എന്ന് ഇടക്കിടെ പറയും .ഇവരെ രണ്ടു പേരെയും ഒത്തിരിയിഷ്ടമായതിനാൽ ഞാൻ ബൈബിൾ വായിക്കാനാരംഭിച്ചു 

അവിടെ പക്ഷേ മഗ്ദലീനക്ക് വലിയ റോളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കണ്ടതാകട്ടെ കുറെ പരസ്പര വൈരുദ്ധ്യങ്ങൾ .ഒരു വശത്ത് മഗ്ദലീനയെ കല്ലെറിയുന്നു ,ആ സ്ഥലം 90 മൈൽ അകലെയാണ്.ഒരു സ്ത്രീ വേശ്യാവൃത്തി സ്വീകരിക്കണമെങ്കിൽ അത്രയും അകലെ അക്കാലത്ത് വരുമോ .... പിന്നെ ജീസസിന്റെ ശിഷ്യയായിട്ട് നടക്കുമ്പോൾ അവരെങ്ങനെ ..വ്യഭിച്ചരിക്കാൻ പോകുമോ ..?പിന്നെ ,അക്കാലത്തെ മഗ്ദലീനക്കും  ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകൾക്കും ചില സാമ്യതകൾ തോന്നി. പെണ്ണെന്ന് പറയുന്നത് കാലാതീതമാണ്. മാതൃത്വത്തിന്  അന്നുമിന്നും ഒരൊറ്റ ഭാവമാണ് .കാമുകിക്ക് ഒരൊറ്റ ഭാവമാണ്.മഗ്ദലീനയിൽ തീർച്ചയായും ഇന്നത്തെ പെണ്ണിനെ തന്നെയാണ് ഞാൻ കണ്ടത്.  പെണ്ണിന്റെ അവസ്ഥക്ക് ഇപ്പഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല.

Q: നാടും വീടും എങ്ങനെയാണ് രതീദേവിയെ രൂപപ്പെടുത്തിയത് ..?


കുട്ടിക്കാലത്ത് എന്റെ വീട്ടിൽ  പീപ്പിൾ ഡെമോക്രസിയടക്കമുള്ള ധാരാളം  മാഗസിനുകൾ വരുമായിരുന്നു .അതു വായിക്കാൻ ഒരുപാടാളുകൾ വരും. അവിടെയിരുന്ന് ചർച്ചകൾ നടത്തും.പാർട്ടി യോഗങ്ങൾ ചേരും .അങ്ങനെ 10-12 വയസ് ആകുമ്പോഴേക്കും ഞാനും നല്ല രീതിയിൽ വായനയാരംഭിച്ചിരുന്നു .അന്ന്  ,സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കടമ്പനാട്ടുകാരൻ  സുധാകരൻ സാർ വിദ്യാരംഭം പോലെയുള്ള പുസ്തകങ്ങൾ എനിക്ക് കൊണ്ടു തരും. അങ്ങനെ സ്കൂളിൽ നിന്ന് നല്ലൊരു സപ്പോർട്ട് കിട്ടി.  അഛനും അമ്മയും ചേട്ടനുമൊക്കെ വായനക്കാരായതിനാൽ അവരു വായിച്ചതൊക്കെ ഞാനും വായിച്ചു പോന്നു. കടിച്ചാൽ പൊട്ടാത്ത പുസ്തകങ്ങളും അക്കൂട്ടത്തിൽ പ്പെടും .പിന്നീട് മുതിർന്നപ്പോൾ അത് വീണ്ടും വായിക്കുമ്പോഴാണ് അതിന് ഇങ്ങനെയൊക്കെ അർത്ഥമുണ്ടായിരുന്നല്ലോ എന്നോർക്കുന്നത് .



രതീദേവി കോളേജ്  പഠന കാലത്ത്  

നിരോധിക്കപ്പെട്ടിരുന്ന സഞ്ജയ് മുതൽ രുക്സാന വരെ എന്ന പുസ്തകവും വീട്ടിലുണ്ടായിരുന്നു. അതിന്റെ പേരിലാണ് ചേട്ടനെ പോലീസ് അറസ്റ്റു ചെയ്യുന്നത് .അങ്ങനെയൊക്കെയുള്ള സാമൂഹിക സാംസ്ക്കാരിക ചുറ്റുപാടിൽ വളർന്നു വന്ന ഒരാൾ ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


Q: ഇതിന്റെ തുടർച്ചയായിരുന്നോ രാഷ്ട്രീയവും ആക്ടിവിസവും ..?


 അതെ .സ്കൂളിലും കോളേജിലുമൊക്കെ പ്രസംഗ മത്സരങ്ങളിലും സംവാദങ്ങളിലുമൊക്കെ പങ്കെടുക്കുമായിരുന്നു .ദസ്തയേവ്സ്കിയെ  വായിച്ചപ്പോഴാണ് ഭിക്ഷക്കാരനും തെമ്മാടിക്കും കള്ളനും ഉറുമ്പിനും അമീബക്ക് പോലും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത് .പ്രീഡിഗ്രി വരെ ,നന്നായി വായിക്കുമെന്നല്ലാതെ യാതൊരു രാഷ്ട്രീയ ഇടപെടലിനും ഞാനിറങ്ങിയിരുന്നില്ല .പിന്നീട് ഒരു മനംമാറ്റം തോന്നി .വി എസ് സുനിൽകുമാർ ,കെ രാജൻ ,ചിറ്റയം ഗോപകുമാർ .. അങ്ങനെ പലരും അന്ന് സുഹൃത്തുക്കളായിരുന്നു.  ആയിടെ ഇടത് രാഷ്ട്രീയത്തിൽ സജീവമായ് ഇറങ്ങി.ബിനോയ് വിശ്വം ,തിലോത്തമൻ ,മുല്ലക്കര രത്നാകരൻ തുടങ്ങിയവർ  എന്റെ സീനിയേഴ്സായിരുന്നു . അന്ന് സംസ്ഥാന കമ്മറ്റി അംഗമൊക്കെ ആയിരുന്നു .






പിന്നീട് രാഷ്ട്രീയ പ്രവർത്തനം മതിയാവാത്ത ഒരവസ്ഥയുണ്ടായി . ദളിത് പീഡനങ്ങൾ ,പോലീസ് മർദ്ദനങ്ങൾ ഒക്കെ വർദ്ധിച്ച ഒരു കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ നിന്ന് മറ്റൊരു ആക്ടിവിസത്തിലേക്ക് ഞാനെടുത്ത് ചാടി .പക്ഷേ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് എനിക്ക് ഒറ്റക്കുള്ള ആക്ടിവിസത്തിന് ധൈര്യവും ഊർജ്ജവും പകർന്നു നൽകിയത്.

പോലീസിന്റെ ലാത്തിയിൽ കയറി പിടിക്കാൻ പോലുമുള്ള ചങ്കുറ്റം  അങ്ങനെയുണ്ടായതാണ് ....?





ഉൻമാദം രാഷ്ട്രീയത്തിൽ ഇടപെട്ടാൽ എങ്ങനെയിരിക്കും ..? ഉന്മാദം സാഹിത്യത്തിലാകുമ്പോൾ  എങ്ങനെയിരിക്കും ..?രാഷ്ട്രീയ പ്രവർത്തനത്തിന് ഉൻമാദമുണ്ടാകുമ്പോൾ ഞാൻ പോലീസുകാരന്റെ ലാത്തിയിൽ കയറി പിടിക്കും .രതീദേവീ പ്രണയത്തിലിടപ്പെടുമ്പോൾ അത് മാധവികുട്ടിയാകും .അപ്പോൾ എന്റെ ചുറ്റിൽ വേറെ യാതൊന്നുമില്ല


Q: ഒരു വശത്ത്, മികച്ച വായനക്കാരിയായിരുന്നു രതീദേവി .അപ്പുറത്ത് അമ്മയാകട്ടെ ധാരാളം കഥകൾ പറഞ്ഞു തരുന്ന കൂട്ടത്തിലും .എഴുത്ത് ആയിടക്ക് വേറിട്ടൊരു യാത്രയുടെ ആരംഭമായിരുന്നോ ..?



രതീദേവിയുടെ അമ്മ 
ഒരു പരിധി വരെ .12 വയസ് മുതൽ കവിതകൾ എഴുതുമായിരുന്നു . അതൊക്കെ അമ്മയായിരുന്നു തിരുത്തി തരാറുള്ളത് .വലുതായപ്പോഴും അമ്മ ഓരോ കഥകൾ പറഞ്ഞ് തന്നു കൊണ്ടേയിരുന്നു .എഴുത്തെന്ന് പറയുന്നത് ഒറ്റക്കുള്ള യാത്രയായിരുന്നെങ്കിലും എഴുത്തിന്നാവശ്യമായ അസംസ്കൃത വസ്തുക്കളും പരിസരവും ഊർജ്ജവും അമ്മയാണെനിക്ക് നൽകിയത്.

Q: എഴുത്തിലായാലും ആക്ടിവിസത്തിലായാലും സ്ത്രീകൾ ഇവിടെ മോചിതരല്ല .ആണുങ്ങളുടെ മുന്നിൽ സ്ത്രീകൾ പ്രസംഗിക്കുന്ന പാരമ്പര്യമില്ലെന്ന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പുരുഷനേതാവ് മറ്റൊരു വനിതാ നേതാവിനെ ഈയിടെ ഒരു വേദിയിൽ വച്ച് താക്കീതു ചെയ്യുകയുണ്ടായി. നൂറ്റാണ്ട് 21 ആണെന്ന് മറക്കുന്നുണ്ടോ ആണുങ്ങൾ ...?


തീർച്ചയായും.  നിങ്ങളെന്താ പേരു പറയാൻ മടിക്കുന്നത് ..? ഞാൻ പറയും ,ലീഗിന്റെ മായിൻഹാജി, ഖമറുന്നീസ അൻവറിനോടാണ് അങ്ങനെ പറഞ്ഞത്. എക്കാലത്തും പുരുഷന്റെ വിചാരമെന്നു പറയുന്നത് അവനാണ് ഒന്നാംകിട ലൈംഗിക വർഗ്ഗമെന്നാണ്.

രാഷ്ട്രീയ അധികാരിയാവുന്നത് ... മസിൽ പവറിലൂടെ എല്ലാം നേടുന്നവർ ....,യുദ്ധമുണ്ടാക്കുന്നു ... വീടുണ്ടാക്കുന്നു  ... കീഴ്‌പ്പെടുത്തലാണ് എല്ലായിടത്തും .. പ്രണയത്തിൽ.., കുടുംബത്തിൽ .., രാഷ്ട്രീയത്തിൽ ഒക്കെ.

Q: ആണിനെ വെല്ലുവിളിക്കുകയോ ധിക്കരിക്കുകയോ ഒക്കെ ചെയ്യുകയെന്നാൽ മതത്തെ കൂടി വെല്ലുവിളിക്കുകയാണ് എന്നൊരർത്ഥമുണ്ടല്ലോ .മതചിന്ത തന്നെ ആണിന്റെ ബുദ്ധിയാണെന്ന നിരീക്ഷണത്തിലാണ് ഞാനങ്ങനെ പറയുന്നത് .. സ്ത്രീ ഇവർക്കിടയിൽ നിന്ന് എങ്ങനെയാണ് ഒരു സ്വതന്ത്ര ജീവിയായ് മാറുന്നത് ..?


മതം മാത്രമല്ല ,രാഷ്ട്രീയവും അങ്ങനെയാണ് .ശാസ്ത്രം, വിദ്യാഭ്യാസം ,ഭരണകൂടം , നരവംശശാസ്ത്രം, ഫിസിക്സ് ,ഗണിതം, ചരിത്രം ... അങ്ങനെ സർവ്വവും പുരുഷന്റെ ആധിപത്യത്തിന് കീഴിലാണ്.പണ്ട് നമ്മളെ പഠിപ്പിച്ചത് എങ്ങനെയാ.. അമ്മ എന്നെ കുളിപ്പിക്കും ..  അച്ഛൻ ഉടുപ്പു വാങ്ങി തരും ...അങ്ങനെല്ലേ .. ( പക്ഷേ ഇവിടെ അമേരിക്കയിൽ ഇതിന് വ്യത്യാസമുണ്ടേ)

ഏതൊരു മതമായാലും, അതിപ്പോ ഹിന്ദുമതമായാലും ക്രിസ്തുമതമായാലും ,ഇസ്ലാം മതമായാലും മതമെന്ന് പറയുന്നത് സ്ത്രീക്ക് അടിമത്തം തന്നെയാണ്.

എത്രയൊക്കെ വിരുദ്ധാഭിപ്രായമുണ്ടെങ്കിലും ഒരു കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ്  അവബോധത്തിൽ അതൊക്കെ മാറുമെന്നാണ് എന്റെ വിശ്വാസം .മുതലാളിത്ത വ്യവസ്ഥിതിയിൽ സ്ത്രീയെ ബിക്കിനിയിട്ട് കാറിന്റെ മുന്നിൽ കയറ്റിയിരുത്തുന്ന ഉപഭോഗ സംസ്ക്കാരമാണുള്ളത് .അവൾക്ക് സ്വാതന്ത്ര്യം വേണമെന്നുണ്ടെങ്കിൽ  മതത്തിനെതിരായ് പ്രവർത്തിക്കണം .ഒപ്പം തന്നെ നമ്മൾ പറയുന്നത് രാഷ്ട്രീയത്തിന്നെതിരായും പ്രവർത്തിക്കണമെന്നാണ്. ഒരു ബദൽ രാഷ്ട്രീയം ഇവിടെ ഉയർന്നു വരേണ്ടതുണ്ട്.


Q: ബലാത്സ0ഗം ഏറ്റവും കൂടുതൽ നടക്കുന്ന നാടുകളിലൊന്നാണ് ഇന്ത്യ. സെക്സ്  എജ്യൂക്കേഷനിലൂടെ ഒരു പരിധി വരെ റേപ്പ് തടയാമെന്ന് ഒരു വാദമുണ്ട് .ഒരു ആക്ടിവിസ്റ്റ് എന്ന നിലക്ക് ഈ പ്രശ്നത്തെ എങ്ങനെയാണ് നോക്കി കാണുന്നത് ..?


അമേരിക്കയിലെ ഒരു കാര്യം പറഞ്ഞ് ഞാനിങ്ങോട്ട് വരാം .ഇവിടെ കുട്ടികളുടെ പരിചരണത്തിന്റെ കാര്യം വരുമ്പോൾ ഭാര്യ  ഭർത്താവിനോട് പറയും ,. നിങ്ങൾ മൂന്ന് ദിവസം ലീവെടുത്ത് കുട്ടിയുടെ കാര്യങ്ങൾ നോക്കൂ , നാല് ദിവസം  ഞാനും ചെയ്യാം. സോഷ്യലിസവും കമ്യൂണിസവുമൊന്നുമില്ലെങ്കിലും  മാനസികമായ് വികസിച്ച ഒരു പുരുഷനെ അമേരിക്കയിൽ കാണാം. അമേരിക്ക  യുദ്ധമുണ്ടാക്കുന്നവരുടെ മാത്രം നാടല്ല .സാധാരണക്കാരെ  കുറിച്ചാണ് ഞാൻ പറയുന്നത് .അല്ലാതെ യുദ്ധമുണ്ടാക്കുന്നവരെ കുറിച്ചല്ല. അതൊക്കെ രാഷ്ട്രീയക്കാരാണ് ,.ഭരണാധികാരികളാണ് .


ഇന്ത്യയിലേക്ക് വരാം. നമ്മുടെ സിനിമകൾ കൃത്യമായ് സ്ത്രീയെ ചരക്കുവത്കരിച്ച് ഉപഭോഗവസ്തുക്കളായ് മാറ്റുന്നതാണ്  കണ്ടു വരുന്നത് .മലയാള സിനിമയിൽ വെളുത്ത സുന്ദരിമാർ മാത്രം നായികമാരായ് വരുമ്പോൾ  അമേരിക്കയിൽ കറുത്ത നിറമുള്ള എത്രയോ പേർ നായികമാരായ് വരുന്നു.


നമ്മുടെ പരമ്പരാഗത സങ്കൽപ്പങ്ങൾ തന്നെ സ്ത്രീവിരുദ്ധമാണ് .സ്ത്രീകളെ മാനിക്കുന്ന ഒരു സമ്പ്രദായം നമുക്കില്ല .പെണ്ണിനെ കീഴ്പ്പെടുത്തേണ്ടതുണ്ട് എന്ന സന്ദേശം കൊടുക്കുന്ന സാഹിത്യവും സിനിമയും .. പിന്നെ നമ്മുടെ പഴഞ്ചൊല്ലുകൾ പോലുമില്ലേ ... പെണ്ണിനേയും മണ്ണിനേയും ഇടിക്കുന്നതിനനുസരിച്ച് പതം കൂടുമെന്ന് പറയുന്നവ. .. ഇതുകൊണ്ടൊക്കെ തന്നെ ആണധികാരത്തിന്റെ സ്റ്റാമ്പിങ് ആണ് ഒരർത്ഥത്തിൽ റേപ്പ് എന്നു പറയുന്നത്.


പിന്നെ എന്റെയൊരഭിപ്രായത്തിൽ ,വേശ്യാലയങ്ങൾക്ക്  അനുമതി കൊടുത്താൽ റേപ്പ് കുറേയൊക്കെ ഇല്ലാതാകും .മെട്രോപൊളിറ്റൻ നഗരങ്ങളിൽ  പല സ്ഥലങ്ങളിൽ നിന്ന് വന്നിറങ്ങുന്ന ചെറുപ്പക്കാരിൽ സെക്സുലർ വികാരം ഉണ്ട് .അതിന് ഒരു വേശ്യാലയത്തിന്റെ അനിവാര്യതയുണ്ട്.


Q :പുല്ലിനേയും പുഴുവിനേയും നിറഞ്ഞ മനസ്സോടെ പ്രേമിക്കാൻ ഒരു വേശ്യക്ക് മാത്രമേ കഴിയൂ. എല്ലാ സ്ത്രീകൾക്കും ഒരു വേശ്യയുടെ മനസ്സുണ്ടായിരുന്നെങ്കിൽ ..! ശരീരത്തിനപ്പുറം ,ലിംഗത്തിനപ്പുറം ,കാമത്തിന്നപ്പുറം ,... എല്ലാറ്റിനോടും പ്രണയമുള്ള മനസ്സ് .. മഗ്ദലീനയെന്ന വേശ്യക്കിപ്പോൾ ഈ ഗോളത്തിലെ സമസ്ത ജീവന്റ കണികയോടും കാരുണ്യമാണ് .

സ്ഫോടനാത്മകമായ ഒരു ദർശനമാണത്. എങ്ങനെയാണ് ഇത്തരമൊരു നിരീക്ഷണം സാദ്ധ്യമാവുന്നത് ..?

പണ്ട് ഞങ്ങളുടെ നാട്ടിൽ, തിരുവനന്തപുരം  ,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ  വലിയ പണക്കാരുടെ വീട്ടിൽ  വീട്ടുജോലിക്കായ് പോയിരുന്നത് പാവപ്പെട്ട നായർ സ്ത്രീകളായിരുന്നു.പിന്നെ നാടക സംഘങ്ങളിലും ബാലെകളിലും അഭിനയിക്കാൻ പോയിരുന്ന അവരിൽ ചിലരൊക്കെ വേശ്യയാവുകയും അവരൊക്കെ  വീട്ടിൽ വന്നിട്ട് അമ്മയോട് രഹസ്യമായ് ആ ജോലിയെപ്പറ്റി പറയുന്നതും ഞാൻ കേട്ടിട്ടുണ്ട് .വലിയ കാരുണ്യമുള്ളവരായിരുന്നു അവർ .എന്റെ കുഞ്ഞു മനസ്സിൽ അന്ന് തോന്നിയത് അപ്പോൾ ,വേശ്യയെന്ന് പറയുന്നതിന്നർത്ഥം സ്നേഹവതികൾ എന്നാണെന്നാണ് .


അതിനെ ഒരു സിദ്ധാന്തത്തിലേക്ക് പരിണാമപ്പെടുത്തുമ്പോൾ വിശ്വമാനവികമായ ഒരു പ്രണയമുണ്ടെന്ന് തോന്നി. ലോകത്തിലെ എത്ര പുരുഷൻമാരെ പ്രണയിച്ചാലും ബാക്കിയാവുന്ന ഊർജ്ജമുണ്ടൊരു പെണ്ണിന് എന്ന ആ വിശ്വമാനവികതയെ മഗ്ദലീനയിലേക്ക് സൗന്ദര്യപരമായ് സന്നിവേശിപ്പിക്കുകയായിരുന്നു. കുലീനയെന്ന് പറയുന്ന ഒരു സ്ത്രീ തന്റെ കുഞ്ഞിന് മാത്രമേ പാൽ കൊടുക്കൂ .എന്നാൽ വേശ്യ അടുത്ത വീട്ടിലെ കുഞ്ഞിനും, എന്തിന് .. നായ്ക്കുട്ടിക്ക് പോലും പാല് കൊടുത്തെന്നിരിക്കും .ആ സൗന്ദര്യപരമായ വിശുദ്ധിയുടെ അർത്ഥത്തിലാണ് ഞാനിത് പറയുന്നത്.


Q : തന്റെ കൂട്ടുകാരിയും പിലാത്തോസിന്റെ ഭാര്യയുമായ ക്ലാവുദിയ , വേശ്യാവൃത്തി ഉപേക്ഷിക്കാൻ പറയുമ്പോൾ മഗ്ദലീന നൽകുന്ന മറുപടി ശ്രദ്ധേയമാണ് . ഗ്രീക്ക് ചിന്തകനായ എപ്പിക്യൂറസിന്റെ സിദ്ധാന്തമാണത് .ശരീരത്തിന്റെയും മനസ്സിന്റേയും എല്ലാ സുഖങ്ങളും  അനുഭവിച്ചതിന് ശേഷമാണ് മഗ്ദലീന വീണ്ടും ജീസസിനൊപ്പം യാത്രയാരംഭിക്കുന്നത് .ഇവിടെ മഗ്ദലീന പക്ഷേ, പെട്ടെന്നു തന്നെ ആ സങ്കൽപ്പത്തിൽ നിന്നു  പുറത്ത് കടക്കുന്നുമുണ്ട് ..!




ശരീരത്തിന്റേയും മനസ്സിന്റേയും ആഘോഷമാണ് ജീവിതം എന്ന ഗ്രീക്ക് ഫിലോസഫിയാണ് എപ്പിക്യൂറിയനിസം.ആഘോഷങ്ങൾക്ക് ശേഷം മഗ്ദലീന ഇതിൽ നിന്ന് മുക്തയാകുന്നുണ്ട് .അത് പക്ഷേ  മഗ്ദലീനയുടെ മറുപടിയിൽ നിന്ന് ക്ലാവുദിയ സ്വാംശീകരിക്കുന്നതാണ്. അല്ലാതെ അവൾ എപ്പിക്യൂറിയിസത്തെ ഫോളോ ചെയ്യുകയല്ല. അങ്ങനെയായിരുന്നെങ്കിൽ അവൾ ആൻറിപാസിന്റെ കൂടെ പോകുമായിരുന്നല്ലോ ... അല്ലെങ്കിൽ നജിം രാജകുമാരന്റെ കൂടെ .. അങ്ങനെ എത്ര സന്ദർഭങ്ങൾ ..? പിന്നീട് ജീസസ് തന്നെയും അവളിലേക്ക് തിരിച്ചെത്തി നമുക്കൊരുമിച്ച് ജീവിക്കണമെന്ന് പറയുന്നു .. അങ്ങനെ ആഘോഷിക്കേണ്ട സാദ്ധ്യതകളിലൊന്നും മഗ്ദലീന മതിഭ്രമിച്ചിട്ടില്ല. അവളുടെ പ്രണയസങ്കൽപ്പമെന്നത് അത് ശരീരത്തിനപ്പുറമായ ഒരു ആത്മീയാനുഭവമാണെന്ന തോന്നലാണ് .


അതുകൊണ്ടാണ് ആശ്രമത്തിൽ നിന്നു പോലും അവൾ പെട്ടെന്നു തന്നെ ഇറങ്ങിപ്പോരുന്നത് .അക്കാലത്ത് ഗ്രീസിലെ സ്ത്രീകൾക്ക് ,എത്രയും കാമുകൻമാരുണ്ടായിരുന്നോ അത്രയും  ആഢ്യതയുണ്ടായിരുന്നു . അവിടെയൊക്കെ പ്രണയത്തിന്റെ  വിശുദ്ധിയോ ആഘോഷമോ  ഒക്കെ തന്നെയായിരുന്നു എപ്പിക്യൂറിയനിസം


Q :പെണ്ണ് രതി എഴുതുമ്പോഴും രതി പെണ്ണിനെ എഴുതുമ്പോഴും രതീദേവി കണ്ട  'ചുകപ്പുകൾ ' , എന്തെങ്കിലുമുണ്ടോ ?



                      മലയാള സർവ്വകലാശാലയിലെ കെ ജയകുമാർ സാർ പറഞ്ഞു , ഇത് അസാധാരണമായ ധൈര്യത്തിന്റെ പുസ്തകമാണെന്ന് .അത് വിലക്കുകളേയും അതിർത്തികളേയും അട്ടിമറിക്കുന്നതാണ് .എന്റെ പ്രണയ സങ്കൽപ്പം എന്ന് പറയുന്നത് ഒരു തരം വിപ്ലവം തന്നെയാണ് .മാറ്റമാണത് തേടുന്നത് ,നിലവിലുള്ള പുരുഷാധികാരത്തിന്റെ.വിലക്കുകളെല്ലാം മറികടക്കാനുള്ളതാണ് ...! we want half Sky of the earth ...!!

 (തുടരും)

തയ്യാറാക്കിയത്

 സതീഷ് പി ബാബു
കോഴിക്കോട്
Email: sathishferoke@gmail.com
MOB : +91 9846792727


     
രതീദേവി    :   അടിമവംശം ,മഗ്ദലീനയുടെ (എന്റേയും ) പെൺ സുവിശേഷം എന്നീ കൃതികളുടെ രചയിതാവ് .
മനുഷ്യാവകാശ പ്രവർത്തക ,അഡ്വക്കേറ്റ് .ഇപ്പോൾ അമേരിക്കയിൽ താമസം .
വെബ്സൈറ്റ് : www.Rethydevi.com
                                                



Comments