നിഷ്കാസിതരുടെ പരിണാമങ്ങൾ
നിരവധി സാമൂഹിക ചിന്തകൾ സിനിമയെന്ന മാധ്യമത്തിലൂടെ മലയാളിയിലെത്തിച്ച പ്രതിഭാധനനായ തിരക്കഥാകൃത്ത് ടി.എ റസാഖ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് സലിം കുമാർ നിർമിച്ച് നായകവേഷത്തിലെത്തുന്ന ' മൂന്നാം നാൾ ഞായറാഴ്ച '.
മുൻ ചിത്രങ്ങളിലേത് പോലെ തന്നെ മതം ഒരു പ്രധാന ഘടകമായ് ഇവിടേയും കടന്നു വരുന്നു. അതാകട്ടെ, മത ശാഠ്യങ്ങളുടെ പതിവു ദുർഗണങ്ങളെ ഒരു പടി കൂടി കടന്ന് പ്രകോപിപ്പിക്കുന്നതുമാണ്. തൊട്ടാൽ പൊളളുന്ന ഒരു വിഷയത്തെ എങ്ങനെ പ്രേക്ഷക ഗണത്തെ കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു കലാ സൃഷ്ടിയാക്കി മാറ്റാമെന്നതിന്റെ പാഠപുസ്തകമാണ് ടി.എ റസാഖിന്റെ തിരക്കഥകളെന്ന് ഈ ചിത്രവും നമ്മെ ഓർമപ്പെടുത്തും.
ബ്രാഹ്മണിസത്തിന്റെ കുലീന ഹാങ്ഓവറിൽ നിന്നു ഇനിയും മുക്തി നേടിയിട്ടില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ ദളിത് ജീവിതങ്ങളുടെ കറുത്തതും കടുത്തതുമായ ചിന്താ പദ്ധതികളെ അഭിസംബോധന ചെയ്യുകായെന്നത് , ഭരണകൂടത്തിന് അജ്ഞമായ കാര്യമാണെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നിൽ . കാലിടറിയാൽ താങ്ങുന്നതിന് പകരം വീണിടത്തിട്ട് ചവിടുന്ന സാമൂഹിക പരിഹാര പരിവാരങ്ങളും സമാന്തരമായുണ്ട്.അതാണെങ്കിൽ ജനങ്ങൾക്കിടയിൽ തന്നെ പ്രവർത്തിക്കുന്ന ചൂഷകവർഗ്ഗവുമാണ്.സാമ്പത്തികവും മതപരവുമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പലപ്പോഴും , 'വീഴാതിരിക്കാനും ദൈവത്തിലെത്താനും ഇതാണ് വഴി'യെന്ന മുദ്രാവാക്യം പോക്കറ്റിലിട്ട് കൊടുത്ത് ,വീണവരെ കൊണ്ട് ദയനീയമായ് ട്രപ്പീസ് കളിപ്പിക്കുന്നത്. മൂന്നാം നാൾ ഞായറാഴ്ച 'യിൽ റസാഖ് കളിയാക്കുന്നതും അതീവം പ്രതിലോമകരമായ മതങ്ങളുടെ ഈ ദുർബലതെയാണ്
ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് അറബ് നാട്ടിലെ ശിക്ഷ കഴിഞ്ഞിറങ്ങുന്ന ദളിതനായ കറമ്പനിലൂടെയാണ് ചിത്രം തുടങ്ങുന്നത്.നാട്ടിൽ തിരിച്ചെത്തിയ കറമ്പൻ കാണുന്നത് കുടുംബ പ്രാരാബ്ദങ്ങൾ മൂലം മതം മാറി;ഇന്ന് നല്ല രീതിയിൽ ജീവിക്കുന്ന കുടുംബത്തെയാണ്. നാട്ടിലായിരിക്കുമ്പോൾ പരമ്പരാഗത കുലദൈവങ്ങൾക്ക് നിത്യവും വിളക്കു കൊളുത്തി പ്രാർത്ഥിച്ചിരുന്ന അയാൾക്ക് പക്ഷേ ആ മാറ്റം ഉൾകൊള്ളാനാകുന്നില്ല. പക്ഷേ കുടുംബത്തോടൊപ്പം അതേ സമുദായത്തിൽ ചേർന്ന് 'സർവൈശ്വര്യങ്ങളോടെയും ' ജീവിക്കണോ തന്റെ സമുദായത്തിൽ അവരെ തിരികെ ചേർത്ത് എല്ലാ ' ഇല്ലായ്കകളോടെയും ' ജീവിക്കണോ എന്ന ചോദ്യം അയാളെ അലട്ടുന്നു. ഒടുക്കം മതം മാറാൻ തന്നെ തീരുമാനിക്കുന്നുവെങ്കിലും ജ്ഞാനസ്നാന ദിവസം കറുമ്പൻ ഉൻമാദ അവസ്ഥയിൽ ആവുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.ഇത് സഭയെയും ഇടവകാംഗങ്ങളേയും അപമാനിച്ചതായ് വ്യാഖ്യാനിക്കപ്പെടുകയും നാട്ടുകാരുടേയും വീട്ടുകാരുടേയും സമ്മർദ്ദം സഹിക്കവയ്യാതെ കറമ്പന്റെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് മാനസികരോഗിയായ് മാറിയ കറുമ്പനിൽ ചിത്രം അവസാനിക്കുകയും ചെയ്യുന്നു.
മതം, ഒരേ സമയം ദുർബലവും പ്രബലവുമാകുന്ന സാമൂഹ്യപരിണാമങ്ങളുടെ പ്രളയാനുഭവങ്ങളാണ് നമുക്ക് മുന്നിലുള്ളത്. വിശ്വാസിക്ക് ദൈവാനുഗ്രഹത്തിന്റെ ആശ്വാസവും സാന്ത്വനവും നൽകുന്നതാണ് മതമെന്ന പ്രാചീന സങ്കൽപ്പമെങ്കിൽ, ഇന്നതിന് അധീശരാഷ്ട്രീയത്തിന്റെ ഭൂരിപക്ഷവൽക്കരണമെന്ന നിഗൂഡ ലക്ഷ്യങ്ങൾ കൂടിയുണ്ട് . എത്രയൊക്കെ കഷ്ടപ്പാടുണ്ടായാലും അതിന് പരിഹാരമായുള്ള മതം മാറൽ ഒരു മുഷിഞ്ഞ; കാലഹരണപ്പെട്ട ഏർപ്പാടാണെന്ന് സമൂഹം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.ആ തിരിച്ചറിവ് തുടങ്ങുന്നിടത്താണ് 'മതം മാറുന്നവർ വേരറ്റ മരം പോലെ'യാണെന്ന് ചിത്രത്തിലെ അമ്മ കഥാപാത്രത്തിന് പറയേണ്ടി വരുന്നത്. കറുമ്പനെ കൂടി മതം മാറ്റിയാൽ കിട്ടുന്ന സാമ്പത്തിക മെച്ചത്തെപ്പറ്റി ഒരു കഥാപാത്രം പറയുമ്പോൾ തന്നെ വ്യക്തമാണ് മതം മാറ്റത്തിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് ചലച്ചിത്രകാരൻ രൂപപ്പെടുത്തിയിട്ടുള്ള പ0നങ്ങൾ .വ്യക്തി കേന്ദ്രീതമായാണ് മതംമാറ്റത്തെ നിർവചിച്ചിരിക്കുന്നത് എന്നൊരു വലിയ പരിമിതിയും ഇവിടെയുണ്ട്. അതിലോലമായ മതമെന്ന ശൃംഖലയിൽ നിന്ന് ഒരു കണ്ണി നഷ്ടപ്പെടുമ്പോഴുള്ള അതേ സമൂഹത്തിന്റെ തീവ്രവേദന രോഷമായും കുടിപ്പകയായും മതവൈരമായും മാറുന്നുവെന്ന ദുരന്ത പരിണതിയെ കുറിച്ച് ഈ ചിത്രം നിശബ്ദത പാലിക്കുകയാണ് എന്നത് ഒരു പോരായ്മയാണെന്ന് പറയാതെ വയ്യ.
മതം മാറികൊണ്ട് പുതിയ ജീവിതം തീർക്കുന്നവർക്കിടയിൽ, സംവിധായകൻ വരച്ചിടുന്ന മനോഹരമായ മറ്റ് രണ്ട് കഥാപാത്രങ്ങൾ ഈ ചിത്രം കണ്ടിറങ്ങിയാലും നമ്മെ പിന്തുടരും.സദാചാര പോലീസുകാർക്ക് പ്രഹേളിക സൃഷ്ടിക്കുന്ന ശവപ്പെട്ടി വിൽപ്പനക്കാരനും അയാളുടെ 'ദത്തെടുക്കപ്പെട്ട' സഹോദരിയുമാണവർ
കറുമ്പനായ് വാക്കിലും നടപ്പിലും സലിം കുമാർ വിസ്മയിപ്പിക്കുന്നുണ്ട് ഈ ചിത്രത്തിൽ.ദേശീയ അവാർഡ് ജേതാവിന്റെ ഗരിമക്ക് ചേർന്ന പരകായപ്രവേശം. അതുകൊണ്ടു തന്നെ 'മൂന്നാം നാൾ ഞായറാഴ്ച'യെന്ന് കേൾക്കുന്ന മാത്രയിൽ തന്നെ കറുമ്പനാണ് മനസ്സിൽ തെളിയുക. ഒരു നടന്റെ അഭിനയവാഞ്ചക്കപ്പുറം സാമൂഹിക പ്രതിബദ്ധത കൂടിയാവാം ചിത്രത്തിന്റെ നിർമ്മാണ ചുമതല കൂടി ഏറ്റെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
എല്ലാ അഭിനേതാക്കളേയും ഒതുക്കത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഒരു സംവിധായകനെന്ന കയ്യൊപ്പ് ചാർത്താൻ ഈ ചിത്രത്തിലൂടെ ടി.എ റസാഖിനായോ എന്ന് സംശയം. എന്നിരുന്നാലും ഇതൊരു ടി.എ റസാഖ് ചിത്രം തന്നെയാണ്.കാരണം ഇവ്വിധം തീക്ഷ്ണമായ ഒരു വിഷയമായിട്ട് കൂടി അളന്നുതൂക്കിയുള്ള ലളിത സംഭാഷണങ്ങളിലൂടെയും ഉള്ളുലയ്ക്കുന്ന രംഗങ്ങളിലൂടെയും തന്റെ രാഷ്ട്രീയം പ്രകോപിത രൂപത്തിലല്ലാതെ ഇത്രയും സരളമായ് വിശദീകരിക്കാൻ അദ്ദേഹo പ്രകടിപ്പിക്കുന്ന പക്വത തന്നെ.അതാകട്ടെ, മലയാളത്തിൽ ഒരു ടി.എ റസാഖിന് മാത്രം കഴിയുന്ന ഒന്നാണ്.


Comments
Post a Comment