ഏറെ നാളത്തെ മൗനത്തിന് ശേഷം റ്റി.എ. റസാഖ് രചന നിർവ്വഹിച്ച ചിത്രമാണ് നവാഗതനായ റെജി പ്രഭാകരൻ സംവിധായകനായ് രംഗപ്രവേശനം ചെയ്യുന്ന 'സുഖമായിരിക്കട്ടെ'. ഒരു ഓഫ് ബീറ്റ് സിനിമയെന്ന മുൻവിധിയിൽ ചിത്രത്തിന് കയറാൻ മടിക്കുന്ന പ്രേക്ഷകരെ ഈ ചിത്രം നവോൻമേഷം ചൊരിഞ്ഞു കൊണ്ട് തിരുത്തുമെന്ന് തീർച്ച.
റ്റി.എ റസാഖ് എന്ന അതുല്യ പ്രതിഭയുടെ സാന്നിദ്ധ്യം തന്നെയാണ് ഈ ചിത്രത്തിന്റെ ആദ്യ സവിശേഷത. ആലോചിച്ചുണ്ടാക്കുന്ന കൃത്രിമവും നിർജീവവുമായ അണിയിച്ചൊരുക്കപ്പെട്ട സംഭാഷണങ്ങളേക്കാൾ അനുഭവത്തി ന്റേയും നിരീക്ഷണത്തിന്റേയും ഉരുക്കുറപ്പുളള പ്രതലത്തിൽ കഥാപാത്രങ്ങളെ സംസാരിപ്പിച്ച് നമ്മെ വിസ്മയിപ്പിച്ച ഒരെഴുത്തുകാരനാണ് അദ്ദേഹം.. മണ്ണിൽ ചവിട്ടി നടന്ന് കൊണ്ടിരിക്കുന്നതിനാലാവാം അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്ന് പിറന്നു വീണ ഒരു കഥാപാത്രവും സിനിമയും ' വിഷ്ണുലോക'ത്തിൽ തുടങ്ങി ഈ ചിത്രം വരെ പ്രേക്ഷകനെ വെറുപ്പിക്കുകയോ നെറ്റി ചുളിക്കുകയോ ചെയ്തിട്ടില്ല.
കാല-ദേശാതീതമായ മനുഷ്യബന്ധങ്ങളുടെ ശോഷിപ്പും ഊഷ്മള തയും വീണ്ടെടുപ്പുമൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ കഥാ പശ്ചാത്തലങ്ങളെങ്കിലും മതം ഒരു പ്രധാന ഘടകമായ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കടന്നുവരുന്നതായ് കാണാം. അതാകട്ടെ മതനിരാസമല്ല;മറിച്ച് മതത്തിന്നകത്തെ സാർവ്വസ്നേഹത്തെയാണ് ഉയർത്തി കാണിക്കുന്നത്. ഭൂമിഗീതം, ഗസൽ., കാണാക്കിനാവ്, പെരുമഴക്കാലം തുടങ്ങി അനേകം ചിത്രങ്ങളിൽ നമുക്കത് ബോധ്യമായതാണ്. മതഗ്രന്ഥങ്ങളുടെ കാർക്കശ്യ നിയമങ്ങൾക്കതീതമാണ് ഏതു മതത്തി ലേയും ദൈവസ്നേഹമെന്ന ഒരു മഹത്തായ സന്ദേശമാണ് അദ്ദേഹം എക്കാലവും പങ്കുവെച്ചിട്ടുള്ളത്. ഇവിടെ 'സുഖമായിരിക്കട്ടെ 'യിൽ എത്തുമ്പോഴും അദ്ദേഹം ഊന്നൽ നൽകുന്നത് അതിനു തന്നെ.
സ്കൂൾ അദ്ധ്യാപകനായ രാവുണ്ണി (സിദ്ദിഖ് ) മാഷാണ് ചിത്രത്തിന്റെ കേന്ദ്രം. ഭാര്യ നഷ്ടപ്പെട്ട അദ്ദേഹത്തിന്റ പ്രധാന കൂട്ട് മകളായ ശ്രീലക്ഷ്മിയും ( മുക്ത) സ്വന്തം വീടിന്നടുത്തുള്ള ഇക്കയും (മാമുക്കോയ ) മക്കളായ റസീന(നീനാ കുറുപ്പ്) യും റംല (അർച്ചന കവി ) യുമാണ്.ഒരു പ്രണയത്തിൽ പെട്ട് മകൾ ഉപേക്ഷിച്ച് പോകുന്നതോടെ തളർന്ന് പോകുന്ന മാഷ് ഊർജ്ജം വീണ്ടെടുക്കുന്നത് റംലയിൽ സ്വന്തം മകളെ കണ്ടാണ്. സ്വന്തം വീട്ടിൽ വച്ച് അവളുടെ വിവാഹം അയാൾ നടത്താനൊരുങ്ങവേ, തറവാട്ടു ക്ഷേത്രത്തിലെ ദേവിയുടെ ആഭരണങ്ങൾ സൂക്ഷിച്ച വീട്ടിൽ വച്ച് അന്യമതക്കാരിയുടെ വിവാഹം നടത്താൻ സമ്മതിക്കില്ലെന്ന് അമ്പല കമ്മറ്റിക്കാർ ഭീഷണി മുഴക്കുന്നു. അപ്പുറത്താണെങ്കിൽ ഒരു ഹിന്ദു ഭവനത്തിൽ വെച്ച് മുസ്ലീം കുട്ടിയുടെ വിവാഹം നടത്തിയാൽ സമുദായത്തിന് പേരുദോഷമാണെന്നും ആ ചടങ്ങിൽ സംബന്ധിക്കില്ലെന്ന് മഹല്ല് കമ്മറ്റിക്കാരും ഖത്തീബും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒടുക്കം,
മാഷിന്റെ ചിതക്ക് തീ കൊളുത്താൻ അയാൾ വളർത്തിയ; അറബി അദ്ധ്യാപകനായ അബ്ദുൾ റഹീം (വിനീത് ) തയ്യാറാകുമ്പോൾ അവിടെയും പ്രശ്നങ്ങൾ ഉടലെടുക്കുകയാണ്.
ഓരോ പ്രതിസന്ധികളിലും മതത്തെ കൂട്ട് പിടിച്ചുകൊണ്ട് തന്നെ മതാന്ധതക്കെതിരെ സൗമനസ്യത്തോടെ അതിജീവിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.മതഗ്രന്ഥങ്ങളുടെ ഇരുമ്പു ചട്ടക്കൂടുകൾക്കപ്പുറത്ത് ദൈവം എന്ന നന്മയുടെ പ്രകാശത്തെയാണ് വർത്തമാനം പ്രതിഷ്ഠിക്കേണ്ടതെന്ന സദ്സൂചനയിലൂന്നിയാണ് ചിത്രം നീങ്ങുന്നത്. വിശ്വാസി സമൂഹത്തെ മതഗ്രന്ഥങ്ങളുടെ നേർദിശാ വ്യാഖ്യാനങ്ങളിലൂടെ പ്രചോദിപ്പിക്കേണ്ടതിന് പകരം ഏത് വിഷയത്തിലും മതവിരുദ്ധത കാണുന്ന പൗരോഹിത്യ സംഭാവനകളെയാണ് തിരിച്ചറിയേണ്ടതെന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ഏത് നിയമങ്ങൾക്കുമപ്പുറത്താണ് മാനുഷികാഐക്യത്തിനുള്ള നിയമലംഘനമെന്ന ആഹ്വാനം അതു കൊണ്ടുതന്നെ ഒട്ടും ദൈവവിരുദ്ധമാകുന്നില്ല; മതവിരുദ്ധമായാൽ പോലും.
വേഗതയുടെ കാലത്തെ ഐ.ടി പ്രണയങ്ങളുടെ 'ചൈനീസ് 'ഗ്യാരണ്ടിയും സമാന്തരമായ് പറയുന്നുണ്ട് ഈ ചിത്രത്തിൽ. മകളുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന രാവുണ്ണിമാഷിനെ ധിക്കരിച്ചു കൊണ്ടാണ് അവൾ കാമുകനോടൊപ്പം ഒളിച്ചോടുന്നത്.ജോലിയിലെ ഉയർച്ചയും സൗകര്യങ്ങളും മാത്രം സ്വപ്നം കണ്ട് നടക്കുന്ന അയാൾക്ക് പക്ഷേ അവളെ പെട്ടെന്ന് തന്നെ മടുക്കുന്നു. ' നടന്ന് ഒരു വഴിയുടെ അറ്റത്തെത്തിക്കഴിഞ്ഞാൽ പിന്നെ തോന്നുന്നിടത്തേക്ക് പോവുക തന്നെ ' യെന്നാണ് തന്നിഷ്ടപ്രകാരം അവളെ കൂടെ കൂട്ടാതെ ഒറ്റക്ക് ദീർഘയാത്രകൾക്ക് പോകുന്നതിനെ ചോദ്യം ചെയ്യുമ്പോൾ അയാൾ പറയുന്നത്.പോറ്റി വളർത്തിയ സ്വന്തം പിതാവിനെ ഒന്നു ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ കാമുകിയെ പൂട്ടിയിടുന്ന ആധുനിക യുവതപോലും ഒടുക്കം ചെന്നെത്തുന്നത് മതകൽപ്പനകളുടേയോ അതിന്നപ്പുറത്തോ ഉള്ള യാഥാസ്ഥിതിക കാർക്കശ്യ മന:സ്ഥിതിയിലാണെന്ന വൈരുദ്ധ്യം സ്പഷ്ടതയോടെ പറഞ്ഞു വെക്കുന്നു ഈ ചിത്രം.
രാവുണ്ണി മാഷായ് തുടക്കത്തിൽ നമ്മൾ കാണുന്ന സിദ്ദിഖ് വളരെ പെട്ടെന്നാണ് സ്വന്തം ഐഡൻഡിറ്റി യിൽ നിന്ന് അകന്നു മാറി യഥാർത്ഥ രാവുണ്ണി മാഷിലേക്ക് പരകായ പ്രവേശം നടത്തുന്നത്. മകളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന അഛനായും പറയുന്നത് തെറ്റായ ഉത്തരമാണേലും ശരിയാണെങ്കിലും വികൃതി കാണിച്ചാലും തന്റെ വിദ്യാർത്ഥികൾക്ക് കൽക്കണ്ടം വായിലിട്ടു കൊടുക്കുന്ന മാതൃകാ അദ്ധ്യാപകനായും അന്യമതസ്ഥർക്ക് അഭയം നൽകുന്ന മനുഷ്യസ്നേഹിയായുമൊക്കെ പ്രേക്ഷകന്റെ കണ്ണു നനയിക്കുന്നുണ്ട് പലപ്പോഴും സിദ്ദിഖിലെ അഭിനയ വൈഭവം.ഇതുവരെ ചെയ്ത ഏത് കഥാപാത്രത്തിന്റേയും മീതെയാണ് ഈ ചിത്രത്തിൽ അർച്ചന കവിയുടെ പ്രകടനം. വളരെ പക്വവും കുലീനവുമായ പെരുമാറ്റ ശൈലിയിൽ അവർ റംലയുടെ ആത്മാവിനെ തൊട്ടറിയുന്നതിൽ വിജയിച്ചിട്ടുണ്ട്. നവാഗതസംവിധായകനായിട്ട് പോലും കഥാപാത്രങ്ങളെയും അവരുടെ നടപ്പു നിയമങ്ങളേയും തന്മയത്തത്തോടെ ആവിഷ്കരിക്കാൻ കാണിച്ച മിടുക്കിന് റെജി പ്രഭാകരൻ ആദരവ് അർഹിക്കുന്നു.എം.ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണവും മോഹൻ സിതാരയുടെ സംഗീതവും റഫീഖ് അഹമ്മദ് - ഒ.എൻ.വി ,യേശുദാസ് ,ഹരിഹരൻ എന്നീ പ്രതിഭകളുടെ സാന്നിദ്ധ്യവും ' സുഖമായിരിക്കട്ടെ'യെ ഒരു മികച്ച കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു.
റഫീഖ് അഹമ്മദ് പറഞ്ഞ പോലെ -പരസ്പരം കണ്ടാലറിയാത്ത വിധം മാറിപ്പോയ, മാറികൊണ്ടിരിക്കുന്ന മനുഷ്യരുടെ സമൂഹമായ് നമ്മൾ ആയി തീരാതിരിക്കാൻ ,കല കൊണ്ട് പണിയുന്ന ഇത്തരം ചില ചെറിയ തടയിണകളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.



Comments
Post a Comment