ശവംതീനികൾ വികസനത്തെ നിർവചിക്കുമ്പോൾ
ഏതൊരു ഭൂപ്രദേശത്തും മികച്ച ചലച്ചിത്രങ്ങൾക്ക് വളമാകുന്നതിൽ അവിടത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ ജീർ ണാവസ്ഥകൾ വലിയ പങ്കുവഹിച്ചതായ് ചരിത്രം പറയുന്നുണ്ട്. കോർപ്പറേറ്റ് ഭീമന്മാരുടെ ചലച്ചിത്രോത്പന്നങ്ങൾക്കു മുന്നിൽ മൂന്നാം ലോകരാജ്യങ്ങളിലെ ചലച്ചിത്രങ്ങൾ നെഞ്ചു നിവർത്തി നിന്നതും നിൽക്കുന്നതുമൊക്കെ ആ മേൽ സിദ്ധാന്തത്തിൽ വിശ്വാസമർപ്പിച്ചാണ്.ആഫ്രിക്കയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും ഇങ്ങ് ഇറാനിൽ നിന്ന് പോലും അങ്ങനെ കാലത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ പിറവി കൊള്ളുമ്പോഴും ഇന്ത്യൻ സിനിമ മുടന്തി നടക്കുന്നതാണ് നാം കണ്ടത്.പ്രതിഭകളുടെ അഭാവമല്ല ,മറിച്ച് വാണിജ്യ താത്പര്യമാണ് നമ്മുടെ കുതിപ്പുകളുടെ വേഗം കുറച്ചത്. അപ്പോൾ പിന്നെ വാണിജ്യ സിനിമകളുടെ പ്രഭാപൂരത്തിൽ ,ഞാനൊന്നുമറിഞ്ഞില്ലേയെന്ന് പറഞ്ഞ് മാറി നിന്നവർ വർത്തമാനദേശത്തിന്റെ വ്യഥകളും വൈരുദ്ധ്യങ്ങളും പകർത്തിവെക്കാൻ ആത്മാർത്ഥതയോടെ ഇടക്കെങ്കിലും ഇറങ്ങിത്തിരിക്കുന്നുവെങ്കിൽ ,അതിനെ നാം കാണാതിരുന്നു കൂടാ.ആ അർത്ഥത്തിൽ തന്നെ വേണം എം പത്മകുമാറിന്റെ ' ജലം ' എന്ന ചിത്രത്തെ വിലയിരുത്താൻ എന്ന് തോന്നുന്നു.
അന്തിയുറങ്ങാൻ ഒരു തുണ്ട് ഭൂമിയില്ലാ തെ അലഞ്ഞു തിരിയുന്ന ' അപരിഷ്കൃത 'ജനവിഭാഗങ്ങളെയാണ് ഈ ചിത്രം അഭിസംബോധന ചെയ്യുന്നത്.ജലം, വായു,മണ്ണ് എന്നിവ ഒരു മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളാണെന്ന തിരിച്ചറിവില്ലാത്ത നമ്മുടെ ഭരണകൂടത്തിന്റെ നിർവികാരത അതുകൊണ്ടു തന്നെ ഇവിടെ പ്രതിപക്ഷത്തുo വരുന്നു.ആകാശം മുട്ടെ ഉയരുന്ന കണ്ണാടി മാളികകളും തലക്കു മീതെ കൂടി കുതിച്ചു പായുന്ന അതിവേഗ മെടോ ട്രെയിനുകളുമാണ് വികസനമെന്ന് പ്രജകളെ പഠിപ്പിച്ച 'ജനകീയ 'രാജാക്കന്മാരുടെ നവീന കാല നിർവചനങ്ങളെ കണക്കിന് വിമർശന വിധേയമാക്കുന്നുണ്ട് ' ജലം '. മുൻ കമ്യൂണിസ്റ്റ് ഭരണകാലത്തെ അതിവിപ്ളവകരമായ ഭൂപരിഷ്കരണ പ്രസ്ഥാനത്തിന് ശേഷം കേരളത്തിലെ രണ്ടാം ഭൂപരിഷ്കരണമെന്ന ശീർഘകത്തിൽ നിലവിലെ സർക്കാർ ആവിഷ്കരിച്ച പദ്ധതികളാണ് ഇവിടെ പരാമർശ വിധേയമാകുന്നത്. ഭൂമിക്കു വേണ്ടി സമരം ചെയ്തവർക്ക് ചെങ്ങറയിലേതടക്കം മിക്കതും വ്യാജ പട്ടയങ്ങളായിരുന്നു ലഭിച്ചതെന്ന് നാമേവർക്കുമറിയാം. അത്തരത്തിൽ ജനപ്രതിനിധി തമ്പുരാക്കന്മാരെ താണു വണങ്ങിയതിന്റെ ഫലമായി ലഭിച്ച വ്യാജ പട്ടയവുമായ് സർക്കാരോഫീസുകൾ നിരന്തരം കയറിയിറങ്ങുന്ന അനേകരെ പോലെ രണ്ടു പേരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.ആ യാത്രക്കിടയിൽ കണ്ടുമുട്ടുന്നവർക്കിടയിൽ ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയിൽ ഭൂമിക്കായ് അപേക്ഷിച്ചു കാത്തിരിക്കുന്നവരും വഞ്ചിക്കപ്പെട്ടവരും മൂലമ്പിള്ളിയിൽ നിന്ന് വല്ലാർപാടം പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുമൊക്കെയുണ്ട്.നഗര കേന്ദ്രീകൃതമായ് വാനോളം ഉയർന്നു കൊണ്ടിരിക്കുന്ന അസംഖ്യം ഫ്ലാറ്റുകളുടെ മതിലുകൾക്കപ്പുറത്തായ് വഴിയരികിലും ഓടകൾക്ക് മുകളിലും പാലങളുടെ തൂണുകൾക്ക് മേലായുമൊക്കെ അനുദിനം പെരുകി വരുന്ന പുറമ്പോക്കു ജനതയുടെ ക ണ്ണുകളിലെ ദൈന്യത അളക്കാൻ കഴിയാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതിയെയാണോ നാമിപ്പോഴും അതിമഹത്തരമെന്ന് മെഗാ ഫോണിലൂടെ ഉദ്ഘോഷിച്ച് ഊറ്റം കൊള്ളുന്നതെന്ന് ചിന്തിക്കുമ്പോൾ കുറ്റബോധം കൊണ്ട് ശിരസ്സു കുനിക്കാതെ വയ്യ . " Our object in the construction of the state is the greatest happiness of the whole, and not that of any one class " എന്ന് ജനാധിപത്യസമ്പ്രദായത്തിന്റെ ബീജാവാപ ദിശയിൽ തന്നെ തന്റെ THE REPUBLlC എന്ന ആശയ സംഹിതയിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് പ്ലാറ്റോ .ജനാധിപത്യത്തിന്റെ അന്തരാർത്ഥങ്ങളെ കുറിച്ച് ചാനൽ ചർച്ചകളിൽ പൗഡറിട്ട് പ്രഘോഷണം നടത്തുന്ന രാഷ്ട്രീയ മുതലാളിമാർക്ക് അറിയാത്തതൊന്നുമല്ല ഇതെങ്കിലും എന്ത്, ആരെ, എങ്ങനെ തിരസ്കരിക്കണം എന്ന മർമ വിദ്യ അറിയാവുന്നതിനാൽ ബാലറ്റാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന പതിവ് ഗുളിക നമുക്കിപ്പോഴും ഈ ഇരുട്ടത്തിരുന്ന് ചവച്ചിറക്കി ക്ഷേമരാഷ്ട്രത്തെ കുറിച്ചോർത്ത് നെടുവീർപ്പിടാം.. അതല്ലെങ്കിൽ പിന്നെ എങ്ങനെയാണ് സഹായത്തിനായ് കാലുപിടിച്ച് കരഞ്ഞ ഒരു വൃദ്ധയെ നമ്മുടെ ദേശീയ പാരമ്പര്യമുള്ള പാർട്ടിയുടെ നേതാവിന് രാജകുലീനതക്കോ ജാതിവരേണ്യതക്കോ മാത്രം സാദ്ധ്യമാവുന്ന മെയ്‌വഴക്കത്തോടെ അവജ്ഞയോടെ തൊഴിച്ചിടാനാകുന്നത്.?
വ്യവസ്ഥിതി , അതിനിയിപ്പോൾ ജനാധിപത്യമായാലും രാജഭരണമായാലും ഏകാധിപത്യമായാലും പട്ടാളഭരണമായാലും മറ്റേത് ഭരണവ്യവസ്ഥയായാലും പലതട്ടു ജനത ഒരു യാഥാർത്ഥ്യമാണ്. കാലു തടവാനും പാത്രം കഴുകാനും ഡോർ തുറന്നു കൊടുക്കാനും 'ഹൊ ,അവരുടെയൊരു ഭാഗ്യം', അതാ രാജാവു പോകുന്നു ' എന്നിങ്ങനെ സീറോ ഡെൻസിറ്റിയിൽ ആത്മഗതം പറയാനും വരേണ്യവർഗത്തിന് അടിമകളില്ലാതെ പറ്റില്ല. ആ പഴകിയ നാറ്റം വമിക്കുന്ന ചിന്താഗതി നമ്മുടെ രാഷ്ട്രീയക്കാർ മാറ്റാത്തിടത്തോളം കാലം തെരുവുകളിൽ അന്തിയുറങ്ങുന്നവരും എച്ചിൽ വീപ്പകളിൽ ഭക്ഷണം പരതുന്ന നിരാലംബരും ഉറ്റവരെ സംരക്ഷിക്കാൻ ഗതികേടുകൊണ്ട് മടിക്കുത്തഴിക്കേണ്ടി വരുന്ന സ്ത്രീജൻമങ്ങളും ഇവിടെ ഉണ്ടായി കൊണ്ടേയിരിക്കും.
കീഴാള പക്ഷത്തുനിന്ന് വ്യവസ്ഥിതിയെ പല്ലിളിച്ച് കാണിക്കുന്നത് കൊണ്ട് തന്നെ ഇതൊരു ആത്മാർത്ഥതയുള്ള ചിത്രമാണെന്ന് നിസ്സംശയം പറയാം.വിഷയത്തിൽ നിന്നു വ്യതിചലിക്കാതെ കഥാപാത്രങ്ങളെ കൊണ്ട് നമ്മെ പിടിച്ചിരുത്താൻ സംവിധായകനാകുന്നുണ്ട്. തിരക്കഥയിൽ പക്ഷേ ഒരു കെട്ടുറപ്പിന്റെ അഭാവം പലപ്പോഴും ഫീൽ ചെയ്യുന്നുണ്ട്. ഒരു ജീവൽ പ്രശ്നത്തെ മുൻനിർത്തി ചിത്രമൊരുക്കുമ്പോൾ പാലിക്കേണ്ട പ0ന മോ ധ്യാനമോ ഇല്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്തത് കൊണ്ടുള്ള കല്ലുകടിയാണത്. അതിന് ആദ്യത്തെ ഉദാഹരണമാണ് ഇതിലെ നായക സൃഷ്ടി. ഒരു ഒറ്റമുറി വീട്ടിൽ വിവാഹo കഴിഞ്ഞും കഴിക്കാതെയുള്ള നാലഞ്ചു സഹോദരിമാരോടോപ്പം അമ്മയും കിടപ്പിലായ പിതാവുമൊക്കെയുള്ള പതിവു ശൈലി പ്രാരാബ്ദക്കാരനായിട്ടും കാമുകിയോട് തനിക്ക് സ്വന്തമായ് കുറച്ച് ഭൂമിയുണ്ടെന്നും അവിടെയൊരു കൂര കെട്ടി താമസിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അയാൾ അവളെ ഭാര്യയാക്കുന്നത്. പിന്നെ കാണുന്നത് കടത്തിണ്ണകളിലും മറ്റും അന്തിയുറങ്ങുന്ന ദമ്പതികളെയാണ്. നിരുത്തരവാദമായ് പെരുമാറുന്ന ഒരു യുവാവായാണ് അയാളെ അവതരിപ്പിക്കുന്നതെങ്കിൽ പോലും അതിനൊരു സാധൂകരണമായേനെ. ഇവിടെ പക്ഷേ ആ വ്യക്തിയോട് പൊരുത്തപ്പെടാൻ പ്രേക്ഷകന് കഴിയണമെന്നില്ല.80- 90 കളിലെ ജയ് -ഡി- വാൻ, സാ- ജ് -ജൻ ( ജയ് ദേവൻ - സാജൻ ) പ്രഭൃതികളുടെ ചെന്നൈയിൽ നിന്നുള്ള മംഗ്ലീഷ് ചിത്രങ്ങളിലെ ഷണ്ഡൻമാരായ നായകരെ ഓർമിപ്പിക്കുന്നു ഈ സദുദ്ദേശ ചിത്രത്തിലെ നായകനും. ഭർത്താവ് ഒരപകടത്തിൽ മരണപ്പെട്ടതിന് ശേഷം ഒറ്റക്കാകുന്ന നായികക്ക് പിന്നീട് ഒരു ദുരിതപർവ്വം തന്നെ നേരിടേണ്ടി വരിക സ്വാഭാവികമാണ്. പക്ഷേ ഈ കടത്തിണ്ണയിൽ കിടക്കുമ്പോഴും ഭർത്താവുണ്ടായിരുന്നപ്പോൾ ഒരു സുരക്ഷിതത്വമുണ്ടായിരുന്നുവെന്ന് അവളെ കൊണ്ട് പറയിപ്പിക്കുന്നുണ്ട് ഈ ചിത്രം. സ്ത്രീയുടെ ഏത് ആപത്ഘട്ടത്തിനും പ്രതിവിധി ഭർത്താവ് / ആൺ എന്ന പ്രാചീന മത യാഥാസ്ഥിതികബോധം തന്നെ ഇവിടെയും സമർത്ഥമായ് തിരുകിവെക്കുകയാണ് എഴുത്തുകാരനും സംവിധായകനും.രാജ്യതലസ്ഥാനത്ത് ഓടികൊണ്ടിരുന്ന ബസ്സിൽ അതിക്രൂരമായ് പീഡിപ്പിക്കപ്പെട്ട ജ്യോതി സിംഗിനും ഇന്നലെ ഇങ്ങ് മഞ്ചേരിയിൽ അന്യസംസ്ഥാന സ്ത്രീ കെട്ടിയിടപ്പെട്ട് പീഡിപ്പിക്കപ്പെട്ടപ്പോഴും ഇപ്പറയുന്ന രക്ഷകവർഗം അരികത്തുണ്ടായിരുന്നു.അപ്പോൾ പിന്നെ രക്ഷക വ്യൂഹമല്ല,മറിച്ച് പുരുഷന്റെ അധീശത്വ മന:സ്ഥിതിയാണ് ഏത് സ്ത്രീ പീഡനത്തിന്റേയും പിന്നിലെ ആണിക്കല്ല് എന്ന് വിലയിരുത്തി ഗളഛേദം ചെയ്ത് ആറ്റിൽ കളയേണ്ടത് ആ പുരുഷനെന്നാൽ -സംരക്ഷണമെന്ന ദ്വന്ദ്വത്തെയാണെന്ന് എങ്ങനെ പറയാതിരിക്കും?
ഈ പ്രഖ്യാപനത്തിന് തൊട്ടു ശേഷം തന്നെയാണ് നന്മയുടെ ശേഷിപ്പായ് അവതരിപ്പിക്കുന്ന തഹസീൽദാർ ഏറെ പ്രയാസപ്പെട്ട് അവളുടെ പട്ടയം ശരിയാക്കി കൊടുത്തതിന് പ്രത്യുപകാരമായ് ഒപ്പം കിടക്കാൻ ആവശ്യപ്പെടുന്നതും. തല ചായ്ക്കാൻ ഒരിഞ്ചു ഭൂമിക്കു വേണ്ടി അധികാരിവർഗത്തിന്റെ ഔദാര്യത്തിന് കാത്തു കിടക്കുന്ന ലക്ഷങ്ങളിൽ ഈ ചിത്രത്തിലേത് പോലുള്ള ' നായികാ-നായകന്മാർ കണ്ടേക്കാം. പക്ഷേ പൈങ്കിളിവത്കരണത്തെ കൂട്ടുപിടിച്ച് അതിവൈകാരികത സൃഷ്ടിക്കാനുളള ഒരു വൃഥാ വ്യായാമമായ് പോകുന്നു ഇത്തരം ഉദ്യമങ്ങൾ. വ്യക്തമായ ഒരു ദിശാബോധം - ചിത്രം ഏത് രീതിയിൽ നീങ്ങണമെന്ന ധാരണ -ഇല്ലായ്മയുടെ സാങ്കേതിക അപകർഷതയാണ് ചിത്രത്തെ വിമർശന വിധേയമാക്കുന്നത്.
' ജല 'മെന്ന ചിത്രം ഈയിടെ വാർത്താപ്രാധാന്യം നേടുന്നത് മികച്ച ഗാനങ്ങൾക്കുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം എന്ന നിലയ്ക്കാണ്.രണ്ടാമത്തേത് ചിത്രത്തിന്റെ വരുമാനം മുഴുവൻ വീടില്ലാത്തവർക്ക് വീട് നിർമിച്ചു കൊടുക്കാൻ ചെലവഴിക്കുമെന്ന , ചിത്രത്തിന്റെ നിർമ്മാതാവായ സോഹൻ റോയുടെ പ്രഖ്യാപനമാണ്.രണ്ടായാലും അത് മലയാള സിനിമക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്.
ഇതിനൊക്കെയപ്പുറം, ഇന്ത്യൻ സിനിമയിലെ മികച്ച രംഗങ്ങളിൽ ഒന്ന് ഈ ചിത്രത്തിലേതാണെന്ന് കാലം വിലയിരുത്തും.സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും പ്രിയങ്കയുടേയും പ്രകാശ് ബാരെയുടേയും ബാലതാരത്തിന്റേയും സർഗ്ഗ ശേഷിയുടെ അടയാളം ക്ലൈമാക്സ് സീനിലാണുള്ളത്.സ്വപ്നമായ ഭൂമിയുടെ പട്ടയം ലഭിക്കാനായ് തഹസിൽദാരുടെ മുന്നിൽ ഒരു സ്ത്രീയുടെ ഗതികേടിന്റെ പാരമ്യമായ സ്വസമർപ്പണത്തിന് തന്റെ നാലര വയസുകാരനായ മകനോടൊപ്പം എത്തുന്ന നായികയുടെ രണ്ടു വരി സംഭാഷണത്തിൽ ഈ ചിത്രത്തിന്റ മാത്രമല്ല;കിടപ്പാടമില്ലാത്ത ലക്ഷകണക്കിന് പൗരൻമാരുടെ ആത്മാവ് കൂടി കുടികൊള്ളുന്നുണ്ട്.മലയാളത്തിലെയെന്നല്ല ഏത് ഇന്ത്യൻ ബ്ലോക്ബസ്റ്റർ ചിത്രത്തിലേയും കൈയടിഘോഷങ്ങളുടെ അകമ്പടിയോടെ ഉരുവിടപ്പെട്ട ഡയലോഗിനേക്കാൾ പ തിന്മടങ്ങ് പ്രഹരശേഷിയുണ്ട് നായികയുടെ ആ തുറന്നു പറച്ചിലിന്. കണ്ണുള്ളത് കാണാനും കാതുള്ളത് കേൾക്കാനു മാണെങ്കിൽ ഇവിടെയിനിയും ജനാഭിലാഷം പൂവണിയാത്ത മരുഭൂവായി തന്നെ അവശേഷിക്കുമെന്ന ആത്മഗതമാണ് നമ്മിൽ ഉയരുക. അമ്മയുടെ കൈപ്പിടിയിൽ നിന്ന് തഹസിൽദാർ അടർത്തിയെടുത്ത് കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ ഒരു കൈയിൽ അമ്മയും മറുകയ്യിൽ തഹസിൽദാറും പിടിമുറുക്കുമ്പോഴുള്ള ആ കുഞ്ഞിന്റെ നിഷ്കളങ്ക ഭാവം പ്രേക്ഷക ഹൃദയത്തെ കാരമുള്ളു കൊണ്ട് കുത്തിക്കീറുമെന്ന് നിസ്സംശയം പറയാം. മലയാള സിനിമയിലെ അധികപ്രസംഗികളായ ബാലതാര നിർമിതികളിൽ നിന്ന് തികച്ചും അകന്നു മാറി നിൽക്കുന്നു ഈ കുട്ടി.സംഭാഷണങ്ങൾ കൊണ്ട് നമ്മെ രസിപ്പിക്കാനോ വിസ്മയിപ്പിക്കാനോ തയ്യാറാകാതെ ബാല്യ സഹജമായ ചില ചേഷ്ഠകൾ കൊണ്ട് അവനെ ദയയർഹിക്കുന്ന ഒരു കുഞ്ഞായ് ഒരുക്കിയെടുക്കുന്നതിൽ ചലച്ചിത്രകാരൻ കാണിച്ച വൈഭവത്തിനെ പ്രശംസിക്കാതിരിക്കാനാകില്ല.നോട്ടം കൊണ്ട് അവൻ തീർക്കുന്ന ചോദ്യങ്ങളും മൗനവും ചിലപ്പോഴെങ്കിലും മറ്റ് നടീനടൻമാരുടെ പെരുമാറ്റത്തേക്കാൾ ഉയരത്തിൽ പോകുന്നുണ്ട്. കാമുകിയിൽ നിന്ന് വ്യവസ്ഥിതിയിൽ മനം മടുത്ത പക്വതയാർന്ന സ്ത്രീയായ് രൂപപരിണാമം സംഭവിക്കുന്ന സീതാലക്ഷ്മി(പേരിൽ പോലുമുണ്ട് ക്ഷമയുടെ പാതാളം കാണേണ്ടവരാണ് ജനാധിപത്യത്തിലെ "കഴുത ''കളെന്ന സൂചന ) യായ് അത്യുജ്ജ്വല പ്രകടനമാണ് പ്രിയങ്ക കാഴ്ച വെക്കുന്നത്. ഭൂമി മലയാളത്തിലും വിലാപങ്ങൾക്കപ്പുറത്തിലും വെയിലിലുമൊക്കെ തെളിയിച്ചയാണെങ്കിലും ഇവിടെ യഥാതഥ കീഴാള വർഗത്തിന്റെ ഇരുണ്ട നിറമുള്ള പ്രതിനിധിയായ് ജീവിക്കുന്നതിൽ അവർ കുലീനത പ്രകടിപ്പിക്കുന്നുണ്ട്.
ജനാധിപത്യത്തിന്റെ വൈരുദ്ധ്യങ്ങളാണ് അറിഞ്ഞും അറിയാതെയും കണ്ണുകൾ തുറന്ന് പിടിക്കുന്നവർക്ക് ഇവിടെ കാണാനാവുക. രാത്രി , തന്റെ കുഞ്ഞിനൊപ്പം ഫുട്പാത്തിൽ കിടന്നുറങ്ങവേ നായികക്ക് തന്നെ പീഡിപ്പിക്കാനെത്തുന്ന ഒരുവനെ നേരിടേണ്ടി വരുമ്പോൾ നമ്മുടെ മുന്നിൽ ആ ദൃശ്യത്തേക്കാൾ തെളിയുക പശ്ചാത്തലത്തിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന 'ഓം ശാന്തി ഓശാന'യെന്ന സിനിമയുടെ പോസ്റ്ററാണ്. ആ ടൈറ്റിൽ ഓരോന്നോരോന്നായ് എടുത്തു പരിശോധിക്കുമ്പോൾ സ്മാർട് സിറ്റിയുടേയും മെട്രോ റെയിലിന്റേയും തുറമുഖ നിർമ്മാണത്തിന്റേയുമൊക്കെ വികസന ശൃംഖലകളെ വിശദീകരിക്കുന്ന രാഷ്ട്രീയ "ആത്മാർത്ഥത ''യിൽ നമുക്ക്
ഉത്തരങ്ങൾ കണ്ടെത്താനാകും. അതിനുള്ള ചോദ്യങ്ങൾ ഉയർത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റ പ്രത്യേകത.അതുകൊണ്ടു തന്നെ ഈ 'ജല 'മെന്ന അടിത്തറയിൽ ചവിട്ടി ശിരസ്സു നിവർത്തി നിൽക്കാം ഈ ചിത്രത്തിന്റെ അണിയറക്കാർക്ക് . വേണമെങ്കിൽ ഒരു ബുദ്ധിജീവി നാട്യത്തിലേക്ക് ചുരുക്കാമായിരുന്നിട്ടും വളരെ ലളിതമായ അവതരണത്തിലൂടെ ബിംബങ്ങളെ നിരാകരിച്ചതിലൂടെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ എ.സി ഹാളുകളിലിരുന്നല്ല തിരസ്കൃത ജനതയെ കുറിച്ച് സെമിനാർ നടത്തേണ്ടതെന്ന ആഹ്വാനം കൂടി നൽകുന്നുണ്ട് ഈ ചിത്രത്തിന്റെ അണിയറ ശില്പികൾ.

Comments
Post a Comment