മുഖമില്ലാത്തവരുടെ ആത്മഗതങ്ങൾ
കാസർഗോഡൻ ഗ്രാമങ്ങളിലെ എൻഡോസൾഫാൻ ദുരിത കാഴ്ചകൾ ഏറെ കണ്ടവരും അറിഞ്ഞവരുമാണ് നാമൊക്കെ. പ്ളാന്റേഷൻ കോർപ്പറേഷന്റെ കശുവണ്ടി തോട്ടങ്ങളിൽ തളിച്ചു കൊണ്ടിരുന്ന മാരക കീടനാശിനിയായ എൻഡോസൾഫാൻ ഒരു ജനതയെയാകമാനം വികലാംഗരും അപകർഷതയുടെ അടിമകളുമാക്കിയതിന്റെ നേർകാഴ്ചകൾ കഥകളായും കവിതകളായും ഡോക്യുമെൻററികളായും സിനിമകളായുമൊക്കെ നമ്മെ മുറിവേൽപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ ആഡംബരസൂചനകളും സൂചകങ്ങളും അഭിമാനപൂർവ്വം അയവിറക്കുകയും ആഘോഷിക്കുകയും ചെയ്തു കൊണ്ടിരുന്ന ഹിപ്പോക്രാറ്റിക് ഉപരിപ്ലവ നാട്യങ്ങൾ ഒരു വശത്ത് അരങ്ങേറികൊണ്ടിരുന്ന അതേ കാലയളവിൽ തന്നെയാണ് ഇവിടെ കേരളത്തിന്റെ ഒരറ്റത്ത് 'വിചിത്രമനുഷ്യർ ' ജന്മമെടുക്കുന്നത്. ആ ജന്മങ്ങളുടെ ആത്മഗതങ്ങളെ അഭിസംബോധന ചെയ്ത ഒരു സാംസ്ക്കാരിക ഐക്യത്തിന്റെ അവസാന കണ്ണിയാണ് മനോജ് കാന സംവിധാനം ചെയ്ത 'അമീബ'
മനുഷ്യാവകാശ സംഘടനകളും സാംസ്കാരിക പ്രവർത്തകരും എന്നു വേണ്ട ,മനുഷ്യന്റെ വേദന മനസ്സിലാക്കിയ ഒരു സമൂ ഹമാകപ്പാടെ ഒരേ മനസ്സോടെ നടത്തിയ അതി തീക്ഷ്ണ പ്രക്ഷോഭങ്ങളുടെ ഫലമായ് എൻഡോസൾഫാൻ തളിക്കുന്നത് ഏറെക്കുറെ അവസാനിച്ചെങ്കിലും മണ്ണിലും വെള്ളത്തിലും വായുവിലും വരെ അതിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ടെന്ന ഭയം പേറി ജീവിക്കുന്നവരുടെ പ്രതീകമാണ് അമീബയിൽ അനുമോളുടെ കഥാപാത്രം.
വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവുമായ് ശാരീരിക ബന്ധം പോലും പുലർത്തുന്നതിൽ നിന്ന് അവളെ പിന്തിരിപ്പിക്കുന്നത് അർദ്ധ പ്രാണനോ വൈകല്യമോ ഉള്ള കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വരുമെന്ന ഭയമാണ്. ഒടുക്കം സംഭവിക്കുന്നത് അങ്ങനെ തന്നെ. സമാന്തരമായ് വികസിക്കുന്ന അവളുടെ അനിയത്തിയുടെ 'ഹൈടെക് മെട്രോ പൊളിറ്റൻ ലൈഫിലേക്ക് പോലും ആ പഴയ ഭീകര മരുന്നിന്റെ പ്രത്യാഘാതങ്ങൾ ഊഴ്ന്നിറങ്ങുന്നത് കാണുമ്പോൾ , എല്ലാം ശാന്തമായി എന്ന നമ്മുടെ നിശ്വാസത്തെ പൊള്ളിക്കുക തന്നെയാണ് 'അമീബ '.വളരെ റിയലിസ്റ്റിക് ആയ കാസ്റ്റിംഗ് അനിവാര്യമായതിനാൽ വമ്പൻ താര നിരയൊന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ട. ഡോക്യുമെൻററി യുടേയും സിനിമയുടേയും അതിർ രേഖ കൃത്യമായ് മനസ്സിലാക്കിയിട്ടുണ്ട് സംവിധായകൻ. എൻഡോസൾഫാൻ ദുരിതത്തിന്റെ തീക്ഷ്ണത പകർത്തുക എന്നതിലുപരി ഒരു കഥാപരിസരത്തിലൂടെ ചിത്രത്തിന്റെ സാമൂഹ്യ ലക്ഷ്യത്തെ സമർത്ഥമായ് പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനാകുന്നുണ്ട്. ഇന്ദ്രൻസ്, അനുമോൾ, പുതുമുഖം ആത്മീയ എന്നിവരുടെ അഭിനയത്തെ 'ഉജ്ജ്വലം ' എന്നു വിശേഷിപ്പിച്ചാൽ
അത് ക്ലീഷേ ഗണത്തിൽ
പെട്ടേക്കും.അതിനൊക്കെ അപ്പുറം അവർ കാസർഗോഡൻ ' അപരിചിതരുടെ ഗേറ്റോക്കപ്പുറത്ത് നമ്മെ വിസ്മയിപ്പി ക്കുന്നുണ്ട് ഈ ചിത്രത്തിൽ. ശ്രീവൽസൻ ജെ മേനോന്റെ പശ്ചാത്തല സംഗീതവും കെ. ജി ജയന്റെ ഛായാഗ്രഹണവും സിനിമയുടെ ആത്മാവിനെ നമ്മിലേക്ക് പ്രസരിപ്പിക്കുന്നതിൽ വിജയിച്ച എടുത്തു പറയേണ്ട ഘടകങ്ങളാണ്.



Comments
Post a Comment